പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെയാണ് ഞാന്‍ കാര്‍ത്തിക് സാറിനെ കാണുന്നത്. അതും ഷൂട്ടിംഗ് ലൊക്കേഷനില്‍വച്ച്. ത്യാഗരാജന് സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. പ്രശാന്താണ് നായകന്. ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റായ ഒരു ചിത്രമുണ്ട്. അന്ധാധൂന്‍. അതിന്റെ തമിഴ് റീമേക്കാണ്. അതില്‍ ഒരു പഴയ ഫിലിം ആക്ടറുടെ വേഷമുണ്ട്. അത് ചെയ്യുന്നത് കാര്‍ത്തിക് സാറാണ്. അദ്ദേഹംകൂടി പങ്കെടുക്കുന്ന ക്ലബ്സോങ് ഉണ്ടായിരുന്നു. അതിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്നലെ എത്തിയത്.
വളരെ ഊഷ്മളമായിരുന്നു ഞങ്ങളുടെ കണ്ടുമുട്ടല്‍. അദ്ദേഹം പലപ്പോഴും വികാരാധീനനായി. പഴയ പല കാര്യങ്ങളും ഓര്‍ത്ത് പറഞ്ഞുകൊണ്ടിരുന്നു. അതിലൊന്ന് ഞാന്‍പോലും മറന്നുപോയ സംഭവമാണ്.
പടമേതാണെന്ന് ഓര്‍മ്മയില്ല. പൊള്ളാച്ചിയിലായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്ത് അടുത്ത ലൊക്കേഷനിലേയ്ക്കുള്ള യാത്രയിലായിരുന്നു. പ്രത്യേകം പ്രത്യേകം കാറുകളിലായിരുന്നു ഞങ്ങളുടെ യാത്ര. പെട്ടെന്ന് എവിടെനിന്നോ ഒരു ആന റോഡിന് കുറുകെ ഇറങ്ങിനിന്നു. ഒറ്റയാന് അപകടകാരിയാണെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് ഉള്ളില്‍ ഭയം പൊട്ടാതിരുന്നില്ല. റിവേഴ്സ് എടുത്ത് പോകുന്നതും പ്രായോഗികമല്ല. ഞങ്ങള്‍ എല്ലാവരും വണ്ടി ഓഫ് ചെയ്ത് കാറിനുള്ളില്‍ തന്നെയിരുന്നു. ഏതാണ്ട് 45 മിനിറ്റോളം കടന്നുപോയി. അതിനുശേഷമാണ് ആന കാട്ടിനുള്ളിലേയ്ക്ക് കയറിപ്പോയത്. ഞങ്ങളുടെ ശ്വാസം നേരെ വീണു.
ആ കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഷൂട്ടിംഗിനുവേണ്ടി ഞങ്ങളൊരുമിച്ച് വിദേശയാത്ര നടത്തിയ കാര്യവും അദ്ദേഹം എല്ലാവരുമായി പങ്കുവച്ചു. അതൊക്കെ ഒരു ആഘോഷമായിരുന്നു. എല്ലാവരും ഒത്തുചേര്‍ന്നായിരുന്നു പാചകം. പഴയ കാര്യങ്ങളൊക്കെ അദ്ദേഹം ഇപ്പോഴും ഓര്‍ത്തുവച്ചിരിക്കുന്നു.
ഞാനദ്ദേഹത്തിന്റെ പത്തോളം സിനിമകള്‍ക്കുവേണ്ടി ഡാന്‍സ് കംപോസ് ചെയ്തിട്ടുണ്ട്. മികച്ച ഡാന്സറാണദ്ദേഹം. ഇന്നലെയും ക്യാമറയ്ക്ക് മുന്നില്‍ ആ പ്രകടനമികവ് കണ്ടു. ഒറ്റ ടേക്കിലായിരുന്നു എല്ലാം പൂര്‍ത്തിയാക്കിയത്. പ്രതിഭാശാലികളുടെ മാറ്റുരയ്ക്കാനാവില്ല.
Recent Comments