ജയറാം, റിമി ടോമി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി കണ്ണന് താമരക്കുളം 2015 ല്‍ സംവിധാനം ചെയ്ത ചിത്രമാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ. കണ്ണന് താമരക്കുളം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതും ഈ ചിത്രത്തിലൂടെയാണ്. സീരിയല്‍ എത്രത്തോളം പ്രേക്ഷകരെ സ്വാധീനിക്കുന്നു എന്നതായിരുന്നു സിനിമയുടെ കഥ. ജയദേവന് ചുങ്കത്തറ എന്ന മലയാളം സീരിയല്‍ തിരക്കഥാകൃത്തിനെയാണ് ജയറാം ഇതില്‍ അവതരിപ്പിച്ചത്. സീരിയലിനോടുള്ള താല്പര്യം കാരണം അതിന്റെ കഥാകൃത്തിനോട് പ്രണയം തോന്നുകയും ഒടുവില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജീവിതപങ്കാളിയായി മാറുകയും ചെയ്യുന്ന പുഷ്പവല്ലിയെന്ന കഥാപാത്രമായാണ് റിമി ടോമി ഇതിലെത്തുന്നത്.
പക്ഷേ ഈ കഥാപാത്രമായി ആദ്യം നിശ്ചയിച്ചിരുന്നത് മഞ്ജു വാര്യരെയായിരുന്നുവെന്ന് സംവിധായകന് കണ്ണന് താമരക്കുളം പറയുന്നു. കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് സംവിധായകന്റെ ഈ വെളിപ്പെടുത്തല്‍. മഞ്ജുവിനോട് കഥ പറയുകയും കഥ ഇഷ്ടമാവുകയും ചെയ്തു. എന്നാല്‍ ജയറാമിന്റെ ഡേറ്റ് ക്ലാഷിനെത്തുടര്‍ന്ന് മഞ്ജുവിന് ഇതില്‍നിന്ന് പിന്മാറേണ്ടി വന്നു. ആ ഒഴിവിലാണ് പകരക്കാരിയായി റിമി ടോമി എത്തുന്നത്.
മഞ്ജു വാര്യരുടെ രണ്ടാം വരവിന് ശേഷമുള്ള ആദ്യത്തെ ചിത്രമാണ് ഹൗ ഓള്‍ഡ് ആര് യു. ഈ ചിത്രമിറങ്ങിയതിന് പിന്നാലെയാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രദര്‍ശനത്തിനെത്തുന്നത്.
റിമി ടോമിയുടെ സ്വഭാവരീതികളുള്ള ഒരു നായിക കഥാപാത്രത്തെയാണ് വേണ്ടതെന്ന അന്വേഷണമാണ് ഒടുവില്‍ റിമിയിലേക്കുതന്നെ എത്തിച്ചേര്‍ന്നത്. അതിന് കാരണമായത് നിര്‍മാതാവ് ആന്റോ ജോസഫാണ്. റിമിയുടെ കാസ്റ്റിംഗ് അന്ന് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ആ കാസ്റ്റിംങ്ങിനോട് ജയറാമിനും എതിര് അഭിപ്രായങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ റിമിയുടെ പക്ഷം മറ്റൊന്നായിരുന്നു. ‘തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും അഭിനയത്തിന് ഏതെങ്കിലും പോരായ്മ വന്നാല്‍ മറ്റേതെങ്കിലും കാരണം പറഞ്ഞ് തന്നെ ഒഴിവാക്കണമെന്നുമാണ് റിമി ആവശ്യപ്പെട്ടത്.’ അഭിമുഖത്തില്‍ കണ്ണന് താമരക്കുളം പറയുന്നു.
ഒരു മികച്ച ഗായികയും അവതാരികയുമായിരുന്ന റിമി ടോമി ആദ്യമായാണ് നായിക കഥാപാത്രത്തില്‍ എത്തുന്നത്. പിന്നീട് സമാനമായ വേഷം കുഞ്ഞിരാമായണം എന്ന സിനിമയില്‍ ചെയ്യുകയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Recent Comments