ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തിയ മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന വിശേഷണവുമായി എത്തിയ സിനിമയായിരുന്നു മോര്ക്കോ. ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രമാണ് മാര്‍ക്കോ. ഉണ്ണിമുകുന്ദനെ നായകനാക്കി ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്തത്. ഈയിടെയാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
View this post on Instagram
നേരത്തെ തീയേറ്റര്‍ പ്രദര്‍ശനത്തില്‍ റിയാസ് ഖാന്റെ സീനുകള്‍ എവിടെപ്പോയെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ അതെല്ലാം ഒടിടിയില്‍ ഉണ്ടാകുമെന്നായിരുന്നു നിര്‍മ്മാതാവിന്റെ മറുപടി. എന്നാല്‍ ചിത്രം ഒടിടിയില്‍ റിലീസായെങ്കിലും റിയാസ് ഖാന്റെ സീനുകള്‍ ഒടിടിയിലും ഉള്‍പ്പെടുത്തിയിരുന്നില്ല.
ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് പുറത്തിറക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ മിനിസ്ട്രി ഓഫ് ബ്രോഡ് കാസ്റ്റിംഗിന് ലഭിച്ച നിരവധി പരാതികളുടെ പശ്ചാത്തലത്തില്‍ ഒരു ഉത്തരവാദിത്തപ്പെട്ട സിനിമ നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും പ്രേക്ഷകര്‍ സ്വീകരിച്ച മാര്‍ക്കോയുടെ തിയേറ്റര്‍ പതിപ്പ് അതേപടി നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നുമായിരുന്നു ഇതു സംബന്ധിച്ച് ക്യൂബ്സ് എന്റര്‍ടെയിന്‍മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഇതിന് പിന്നാലെയാണ് റിയാസ് ഖാന് ഉള്‍പ്പെട്ട ആക്ഷന്‍ രംഗം തങ്ങളുടെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്തതായി ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ് അറിയിച്ചത്. ഈ രംഗങ്ങളില്‍ അതീവ വയലന്‍സ് ഇല്ലാത്തതിനാല്‍ നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ച് ഈ രംഗം പുറത്തിറക്കാന്‍ സാധിക്കുന്നതാണെന്നും ക്യൂബ്സ് എന്റര്ടെയ്ന്മെന്റ് പറഞ്ഞിരുന്നു. അതേസമയം ഡിലീറ്റഡ് സീനുകള്‍ പുറത്തു വന്നതോടെ ഈ രംഗങ്ങള്‍ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയത് നന്നായെന്നായിരുന്നു യൂട്യൂബ് വീഡിയോയ്ക്ക് താഴെവന്ന ഭൂരിഭാഗം കമന്റുകള്‍.
Recent Comments