തീയേറ്ററുകളില്‍ തരംഗമായി മാറിക്കഴിഞ്ഞ നിസാം ബഷീര്‍ ചിത്രം റോഷാക്ക് പ്രദര്‍ശനത്തിനെത്തിയിട്ട് എട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പിന്നണിയില്‍ ഉയരുന്ന നിരവധി ചോദ്യങ്ങളില്‍ പ്രസക്തമായ ചിലതുണ്ട്. അതിലൊന്ന് ചിത്രത്തില്‍ ദിലീപ് ബാലന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലിയുമായി ബന്ധപ്പെട്ടതാണ്. മാസ്ക് ചെയ്താണ് ആസിഫ് അലി തന്റെ സീനുകളിലെല്ലാം പ്രത്യക്ഷപ്പെടുന്നത്. ഇതല്ലാത്ത സീനുകള്‍ ചിത്രത്തിലുണ്ടായിരുന്നുവെന്നും അത് എഡിറ്റ് ചെയ്ത് കളഞ്ഞതാണെന്നും ചിലര്‍ വാദിക്കുന്നു. മറ്റു ചിലരാകട്ടെ, റോഷാക്കിനൊരു രണ്ടാംഭാഗം ഉണ്ടാകുമെന്നും അതില്‍ ആസിഫ് അലിയെ നേരിട്ടുതന്നെ കാണാനാകുമെന്നും വിശ്വസിക്കുന്നു. ഇത് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും അഭിപ്രായങ്ങളും അനുമാനങ്ങളുമാണ്.
ഇക്കാര്യത്തില്‍ കൃത്യമായൊരു ഉത്തരം പറയേണ്ടത് ചിത്രം യഥാതഥമായി അവതരിപ്പിച്ച സംവിധായകന് നിസാംബഷീര്‍ തന്നെയാണ്. ഞങ്ങള്‍ നിസാംബഷീറിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന് മുന്നില്‍ ഈ വാദഗതികളെല്ലാം അവതരിപ്പിച്ചു. നിസാംബഷീര്‍ അതിനെല്ലാം തുറന്ന മറുപടിയാണ് കാന്‍ ചാനലിന് നല്‍കിയത്.
‘ലൂക്ക് ആന്റണിയിലൂടെ (മമ്മൂട്ടി) ദിലീപ് ബാലനെ (ആസിഫ് അലി) അവതരിപ്പിക്കണമെന്നുള്ളത് ഞങ്ങളുടെ ഉറച്ച തീരുമാനമായിരുന്നു. അതുകൊണ്ടാണ് മാസ്ക് ചെയ്ത ദിലീപിനെമാത്രം നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്. പിന്നീടൊരു സീനില്‍ കാണിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയില്‍ ദിലീപിനെ ചുവപ്പ് മഷികൊണ്ട് മറച്ചതും ബോധപൂര്‍വ്വമാണ്. എന്നാല്‍ ഒരിടത്ത് ആസിഫ് അലിയുടെ യഥാര്‍ത്ഥ ചിത്രം കാണിക്കുന്നുണ്ട്. അത് സിനിമയുടെ അവസാന ഭാഗത്താണ്. അതുപോലും ഗ്ലെയര്‍ ചെയ്താണ് ഞങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.’ നിസാം ബഷീര്‍ പറഞ്ഞു നിര്‍ത്തിയിടത്തുനിന്ന് ഞങ്ങള്‍ ചോദിച്ചു.
‘ആ പ്രത്യേക സീന്‍ ഏതാണെന്ന് പറയാമോ?’
‘ഇല്ല, നിങ്ങള്‍ തന്നെ കണ്ടുപിടിക്കൂ. ആസിഫിന്റെ കാര്യത്തില്‍ ഇപ്പോഴുണ്ടായ തര്ക്കവിതര്ക്കങ്ങള്പോലെ തന്നെ സിനിമയില്‍ സൂക്ഷിച്ച് കണ്ടുപിടിക്കേണ്ടതായ പല കാര്യങ്ങളുമുണ്ട്. ഇങ്ങനെയൊരു പെര്‍സെപ്ഷന്‍ സിനിമയിലുടനീളം വരുന്നതുകൊണ്ടാണ് റോഷാക്ക് എന്ന പേരിട്ടതും.’ നിസാം ബഷീര്‍ തുടര്‍ന്നു.
‘ഇങ്ങനെ മാസ്ക് ചെയ്ത് അവതരിപ്പിക്കുന്ന ദിലീപ് ബാലനെന്ന കഥാപാത്രത്തെക്കുറിച്ച് തന്നെയാണ് ആസിഫ് അലിയോടും പറഞ്ഞത്. കെട്യോളാണ് എന്റെ മാലാഖയെക്കാളും കൂടുതല്‍ എക്സൈറ്റ്മെന്റോടെയാണ് അയാള്‍ ആ കഥാപാത്രത്തെ കേട്ടത്. അതിന്റെ പ്രാധാന്യം ആസിഫ് കൃത്യമായി മനസ്സിലാക്കിയിരുന്നു. അതല്ലാതെ ആസിഫ് അലിയെ യഥാര്‍ത്ഥ രൂപത്തില്‍ അവതരിപ്പിച്ച ഒരു സീന്‍പോലും അതിലില്ല. അത് എഡിറ്റ് ചെയ്ത് കളഞ്ഞുവെന്നൊക്കെ പറയുന്നതും ചിലരുടെയൊക്കെ ഭാവനയാണ്. ഇനി റോഷാക്കിന്റെ രണ്ടാംഭാഗത്തെ കുറിച്ചാണെങ്കില്‍ ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. തല്ക്കാലം ആ ചിത്രം പൂര്‍ണ്ണമാണ്.’ നിസാം ബഷീര്‍ പറഞ്ഞു.
‘തല്ക്കാലമെന്ന വാക്കില്‍തന്നെ ഒരു സാധ്യത കാണുന്നുണ്ടല്ലോ?’
‘ചിലപ്പോള്‍ ഉണ്ടാകും. ഉണ്ടാകാതെയുമിരിക്കാം.’ നിസാം ബഷീറിന്റെ മറുപടി ഉറച്ചതായിരുന്നു.
Recent Comments