ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയില്‍ ആരംഭിക്കും. ബോബി സഞ്ജയ് ആണ് തിരക്കഥ എഴുതുന്നത്. അതിന് മുന്നോടിയായി താരങ്ങളെ തേടുകയാണ് റോഷനും കൂട്ടരും. ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ 10 വരെ നടക്കുന്ന ആക്ടിംഗ് ക്യാമ്പിലും പങ്കെടുക്കേണ്ടിവരും.
കഴിഞ്ഞ ദിവസങ്ങളില്‍ റോഷന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ താരങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യം കണ്ടപ്പോള്‍ ഓര്‍മ്മകള്‍ കുറെ പുറകിലോട്ട് പോയി.
16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. റോഷന് തന്റെ രണ്ടാമത്തെ ചിത്രമായ നോട്ടുബുക്കുമായി മുന്നോട്ട് പോകുന്ന കാലം. നോട്ട്ബുക്ക് ഒരു ക്യാമ്പസ് ചിത്രമായിരുന്നു. അതുകൊണ്ടുതന്നെ പുതുമുഖങ്ങളെ മതി എന്ന നിലപാടിലായിരുന്നു റോഷന്.
സോഷ്യല്‍ മീഡിയകളൊന്നും ഇല്ലാതിരുന്ന കാലമാണ്. പത്രത്തിലാണ് പരസ്യം ചെയ്തത്. നൂറുകണക്കിനാളുകള്‍ ഓഡിഷനില്‍ പങ്കെടുക്കാനെത്തി. അതില്‍നിന്ന് ഇരുപതോളം പേരെ തെരഞ്ഞെടുത്തു. അവര്‍ക്കായി ഒരു ആക്ടിംഗ് ക്യാമ്പും സംഘടിപ്പിച്ചു. കുമ്പളങ്ങിയിലുള്ള ഒരു റിസോര്‍ട്ടിലായിരുന്നു ക്യാമ്പ്.
ആ ക്യാമ്പ് അവസാനിക്കുന്ന ദിവസം ഞാനും പോയിരുന്നു. അന്നവിടെ നിര്‍മ്മാതാവ് പി.വി. ഗംഗാധരനുമുണ്ടായിരുന്നു. അന്ന് ആ ക്യാമ്പില്‍വച്ചാണ് മരിയാറോയിയെയും റോമയെയും പാര്‍വ്വതിയെയും സ്കന്ദ അശോകനെയും പരിചയപ്പെടുന്നത്. നോട്ടുബുക്കിനുവേണ്ടി റോഷന് കണ്ടെത്തിയ താരനിരക്കാരായിരുന്നു അവര്‍. റോഷന്റെ കണ്ടെത്തല്‍ മോശമായില്ലെന്ന് പിന്നീട് കാലം തെളിയിച്ചു.
അവരില്നിന്നാദ്യം നായികനിരയിലേയ്ക്ക് ഉയര്‍ന്നത് റോമയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലെയും തെലുങ്കിലെയും കന്നഡത്തിലെയും മുന്‍നിര നായകന്മാരോടൊപ്പം അവര്‍ അഭിനയിച്ചു.
പാര്‍വ്വതി അന്ന് പാര്‍വ്വതി മേനോനായിരുന്നു. വാലറ്റം മുറിച്ച് പാര്‍വ്വതി തിരുവോത്ത് ആകുന്നതിനുമുമ്പേ അവരിലെ പ്രതിഭയെ ലോകം തിരിച്ചറിഞ്ഞു. മികച്ച നടിക്കുള്ള അംഗീകാരങ്ങള്‍ പല രൂപത്തില്‍ അവരിലേയ്ക്ക് വന്നുചേര്‍ന്നു. അതില്‍ സംസ്ഥാന ബഹുമതിയുണ്ടായിരുന്നു. ദേശീയ അന്തര്‍ദ്ദേശീയ അംഗീകാരങ്ങളുണ്ടായിരുന്നു.
നോട്ടുബുക്കിനുശേഷം റോഷന്റെതന്നെ മുംബയ് പോലീസിലും അതിനുമുമ്പ് ജയസൂര്യയ്ക്കൊപ്പം ഹോട്ടല്‍ കാലിഫോര്‍ണിയയിലും ചെറിയ വേഷങ്ങള്‍ ചെയ്തതൊഴിച്ചാല്‍ കാര്യമായ സംഭാവനകളൊന്നും മരിയറോയ് എന്ന അഭിനേത്രിയില്നിന്നുണ്ടായില്ലെങ്കിലും നൃത്തവേദിയിലെ വിസ്മയമായി അവര്‍ മാറി. കോണ്ടമ്പററി ഡാന്‍സില്‍ വിദേശത്തുനിന്ന് പരിശീലനം നേടിയ മരിയ കൊച്ചിയില്‍ സ്വന്തമായി ഡാന്‍സ് സ്കൂളും ആരംഭിച്ചു.
സ്കന്ദ ശോഭിച്ചത് തമിഴ്, കന്നഡ ചിത്രങ്ങളിലായിരുന്നു. കന്നഡത്തിലിറങ്ങിയ ചാരുലതയും യുടേണും അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്രയിലും സ്കന്ദ അഭിനയിച്ചിരുന്നു.
റോഷന് ചെയ്യാനൊരുങ്ങുന്ന പുതിയ ആക്ടിംഗ് ക്യാമ്പും മലയാളസിനിമയ്ക്ക് കുറെ താരങ്ങളെ സമ്മാനിക്കാനുള്ള ഉദ്യമമായി തീരട്ടെ.
റോഷന് ആന്ഡ്രൂസിനുവേണ്ടി സഞ്ജയ് ബോബി എഴുതുന്ന ഏഴാമത്തെ തിരക്കഥ കൂടിയാണ് സല്യൂട്ട്. നോട്ടുബുക്കില്‍ തുടങ്ങിയ കൂട്ടുകെട്ട് കാസനോവ, മുംബയ് പോലീസ്, ഹൗ ഓള്‍ഡ് ആര് യു, സ്കൂള്‍ ബസ്, കായംകുളം കൊച്ചുണ്ണി വരെ എത്തിനില്‍ക്കുന്നു.
വേഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖല്‍ സല്‍മാനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments