‘ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ളത് എറെക്കാലത്തെ ആഗ്രഹമാണ്. അതിന് പറ്റിയ ഒരു കഥ കിട്ടിയിരുന്നില്ല. അങ്ങനെയൊരു കഥ ഉണ്ടായപ്പോള്‍ ആ പഴയ സ്വപ്നത്തിലേയ്ക്ക് കാലെടുത്ത് വച്ചതാണ്. 15-ാം തീയതി ചിത്രത്തിന്റെ പൂജയാണ്. എറണാകുളം ടൗണ്ഹാളില്വച്ചാണ് ചടങ്ങ്. അന്ന് തന്നെ ഷൂട്ടിംഗും ആരംഭിക്കും. ധ്യാന്‍ ശ്രീനിവാസനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗ്രിഗറിയും അപര്‍ണാദാസും സംവിധായകന് രഞ്ജിത്തുമാണ് കാസ്റ്റ് ചെയ്യപ്പെട്ട മറ്റു താരങ്ങള്‍.’ എസ്.എന്‍. സ്വാമി തന്റെ പ്രഥമ സംവിധാന സംരംഭത്തെക്കുറിച്ച് കാന്‍ ചാനലിനോട് പറഞ്ഞു.
ചക്കരയുമ്മയും കൂടുംതേടിയും ഇരുപതാം നൂറ്റാണ്ടും സി.ബി.ഐ ഡയറിക്കുറിപ്പും നാടുവാഴികളും അടിക്കുറുപ്പും ധ്രുവവും ബാബ കല്യാണിയുമടക്കം മലയാള സിനിമയ്ക്ക് ഒരുപിടി സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച എസ്.എന്‍. സ്വാമി സംവിധാനരംഗത്തേയ്ക്ക് കാല് വയ്ക്കുന്നത് തന്റെ 72-ാമത്തെ വയസ്സിലാണ്. 72 വയസ്സ് പിന്നിട്ടെങ്കിലും ചെറുപ്പക്കാരെപ്പോലും അതിശയിപ്പിക്കുന്ന ഊര്‍ജ്ജസ്വലനാണ് എസ്. നാരായണസ്വാമി എന്ന എസ്.എന്‍. സ്വാമി. ആദ്യകാലത്ത് കുടുംബചിത്രങ്ങള്ക്കുവേണ്ടി തൂലിക ചലിപ്പിച്ച സ്വാമി പിന്നീട് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രങ്ങളുടെ ഗോഡ്ഫാദറായി മലയാളസിനിമയില്‍ വളര്‍ന്നു. ഇപ്പോഴും തിരക്കഥകള്‍ക്കുവേണ്ടി സ്വാമിയെ സമീപിക്കുന്നവര്‍ ആദ്യം തേടുന്നത് ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ്. എന്നാല്‍ സ്വാമി സംവിധാനം ചെയ്യാനൊരുങ്ങുമ്പോള്‍ അങ്ങനെയൊരു കഥയേയല്ല അദ്ദേഹത്തിന്റെ സിനിമയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രണയത്തിന്റെ അംശമുണ്ടെങ്കിലും അതൊരു പതിവ് ലൗവ് സ്റ്റോറി ആയിരിക്കില്ലെന്ന് സ്വാമി ഉറപ്പിക്കുന്നുണ്ട്. തന്റെ ഉയര്‍ന്ന ദാര്‍ശനിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ചലച്ചിത്രം തന്നെയായിരിക്കും അത്.
മകന് ശിവറാമാണ് സ്വാമിയുടെ സംവിധാനസഹായിയായി പ്രവര്‍ത്തിക്കുന്നത്. ജാക്സനാണ് ഛായാഗ്രാഹകന്‍. അരോമ മോഹന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. സിറിള്‍ കുരുവിള കലാസംവിധാനവും സനൂപ് രാജ് ചമയവും നിര്‍വ്വഹിക്കുന്നു. പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്ക് ബിജോയ്സ് ആണ്.
Recent Comments