രാജീവ് ഗോവിന്ദന് എഴുതി വിദ്യാസാഗര്‍ ഈണം പകര്‍ന്ന അനാര്‍ക്കലിയിലെ പ്രശസ്തമായ പാട്ടാണ് ‘വാനം ചായും തീരം താരാട്ടും’. ഹരിശങ്കറാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അകാലത്തില്‍ പൊലിഞ്ഞ സച്ചിയായിരുന്നു അനാര്‍ക്കലിയുടെ സംവിധായകന്. ഈ ഗാനം യുട്യൂബില്‍ മാത്രം കണ്ടിരിക്കുന്നത് 25 മില്യണ്‍ കാഴ്ചക്കാരാണ്. അതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ രാജീവ് ഗോവിന്ദന് തന്റെ ഫെയ്സ് ബുക്കില്‍ കുറിച്ചത് ‘അനാര്ക്കലിയില്നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ച പാട്ടായിരുന്നു അതെന്നാണ്.’ അതിന്റെ പിന്നണി കഥയും അദ്ദേഹം പങ്കുവയ്ക്കുന്നു.
അത്രമേല്‍ ഹ്യദയത്തോടു ചേര്‍ത്ത സിനിമയായിരുന്നു അനാര്‍ക്കലി. എല്ലാവരും ആവേശത്തോടെ പാട്ടിനെക്കുറിച്ച് സംസാരിക്കുമ്പോഴും അറിയാതെ പോയ ചില പിന്നണിക്കഥകള്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നതില്‍ ഒരു കൗതുകമുണ്ടെന്നു തോന്നുന്നു. കാരണം അനാര്‍ക്കലിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ച ഗാനമായിരുന്നു ഇതെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ…?
അനാര്‍ക്കലിയുടെ ഓരോ ഘട്ടത്തിലും ഞാന്‍ ഒപ്പമുണ്ടായിരുന്നു. വിദ്യാജി എത്തി പാട്ടുകളെല്ലാം പറഞ്ഞതിലും വേഗത്തില്‍ ഒരുക്കി. എല്ലാം കഴിഞ്ഞ് ഞങ്ങളുടെ സൗഹൃദ സംഭാഷണത്തിന് ഇടയിലേക്ക് പെട്ടെന്നാണ് സച്ചി ഇരച്ചു കയറി വരുന്നത്.’നമുക്കൊരു പാട്ടുകൂടി വേണം, നിര്മമതയുള്ളൊരു പാട്ട്’, സച്ചിയുടെ ആവശ്യം അതായിരുന്നു. ഇതേത് സന്ദര്ഭത്തിലേക്ക്…. ഞാനാകെ അതിശയിച്ചു നിന്നു. ‘നിര്‍മമതയോ അതെന്നാച്ച്’… അര്‍ത്ഥമറിയാതെ വിദ്യാജി പതിയെ ചിരിച്ചു. പിന്നാലെ ഞങ്ങളും ആ ചിരിക്ക് ഒപ്പം കൂടി.
ഏതെങ്കിലും സന്ദര്‍ഭത്തിലൊക്കെ ഈ പാട്ടുപയോഗിക്കാന്‍ കഴിയണം എന്നതായിരുന്നു സച്ചിയുടെ ആവശ്യം. സംഭവത്തില്‍ ഒരു കൗതുകം എനിക്കും തോന്നാതിരുന്നില്ല. അപ്പോഴാണ് ഉച്ചയൂണും കഴിഞ്ഞ് ഒരു ട്യൂണും മൂളി വിദ്യാജിയുടെ വരവ്. എന്തായാലും ഈണത്തിനോട് ചേര്‍ന്ന് ഞാനുമപ്പോള് എഴുതി തുടങ്ങി… കുറഞ്ഞ സമയം കൊണ്ട് വിദ്യാജിയുടെ ട്യൂണിലേക്ക് ‘വാനം ചായും’ ഞാനെഴുതി, തുന്നി ചേര്‍ത്തു. റെക്കോര്‍ഡിംഗ് കഴിഞ്ഞതോടെ ഈ പാട്ടിനോടുള്ള ഇഷ്ടം മറ്റാരേയും പോലെഎനിക്കും കൂടി വന്നു. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ ഗാനം വേണ്ടെന്നു വെച്ചു. ‘വാനം ‘ ഉപയോഗിക്കാന്‍ സാധ്യമാകുമായിരുന്ന സിറ്റ്വേഷനില്‍ സാഹിബാ എന്ന പാട്ടാണ് സച്ചി തെരഞ്ഞെടുത്തത്.. എന്നെ വല്ലാതെ വിഷമിപ്പിച്ച തീരുമാനം. ഞാനന്ന് ഇതു പറഞ്ഞ് വിഷമിച്ചിരിക്കുമ്പോള്‍ കളിയാക്കിയവര്‍ പോലുമുണ്ട്. അങ്ങനെ ഈ പാട്ട് വെളിച്ചം കാണാതെ ഇരുട്ടിലടയും എന്നുറപ്പോടെ സിനിമ ഫൈനല്‍ മിക്സിംഗിലേക്ക് അതിന്റെ യാത്ര തുടര്‍ന്നു.
ചിത്രത്തില്‍ നായകനും നായികയും പിരിയുമ്പോള്‍, എഡിറ്റിനനുസൃതമായി ഒരു ഗാനം തയ്യാറാക്കാന്‍ സച്ചി ആവശ്യപ്പെടുകയും അതനുസരിച്ച് മറ്റൊരു ഗാനം (വിജയ് യേശുദാസ് പാടിയ) അന്ന് പെട്ടെന്ന് തയാറാക്കിയിരുന്നു. പക്ഷെ, ഫൈനല്‍ എഡിറ്റ് ചെയ്തു കണ്ടപ്പോള്‍ ആ സന്ദര്ഭത്തിലേക്ക് പാട്ട് ലയിച്ചു ചേരാത്തപോലെ… ശരിയാണ്.. എന്തായാലും ആ പാട്ട് ഒഴിവാക്കുന്നതിനെ എല്ലാവരും ശരിവച്ചു. പകരം നമുക്ക് എന്തെങ്കിലും മ്യൂസിക്ക് അവിടെ ഉപയോഗിക്കാനായി സച്ചിയുടെ തീരുമാനം. വാനം ചായും നമുക്കവിടെ ഉപയോഗിച്ചാലോ…? എന്ന എന്റെ തോന്നല്‍, തുടക്കം മുതല്‍ ആ പാട്ടിനോടുള്ള അടങ്ങാത്ത ഇഷ്ടം ചേര്‍ത്ത് ഒരു ചോദ്യമായി ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു! സത്യത്തില്‍ എന്റെ ആ ചോദ്യം സച്ചിയെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ടാകാം. അത് ശരിയാകുമോ എന്നായി സച്ചി. ഇനി ഷൂട്ട് നടക്കില്ല, എന്തിന് എഡിറ്റിംഗ് പോലും ഫൈനലായി കഴിഞ്ഞു. സച്ചി പറയുന്നതിലെ പ്രായോഗികത എനിക്കും ബോധ്യപ്പെട്ടു. എങ്കിലും നമുക്കീ പാട്ടു ഉപയോഗിച്ചു നോക്കാമെന്ന എന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ സച്ചി വഴങ്ങി. ചെറിയൊരു സ്പേസ് മാത്രമേയുള്ളു. അതു കൊണ്ട് വാനം ചായും എന്ന പാട്ടിന്റെ അനുപല്ലവിയില്‍ തുടങ്ങി പല്ലവിയില്‍ അവസാനിപ്പിച്ചു. ആ പാട്ട് ചേര്‍ത്തു വയ്ക്കുമ്പോള്‍,, എല്ലാം ശരിയാവണേ… എന്നു ഞാന്‍ കണ്ണടച്ച് പ്രാര്‍ത്ഥിച്ചിരുന്നു. അത്ഭുതമെന്നല്ലാതെ എന്തു പറയാന്‍… ഒടുവിലത് കിറുകൃത്യം. പാട്ടിനോട് ചേര്‍ന്നു നില്ക്കുന്ന ദൃശ്യങ്ങള്‍. ‘ഇതു തന്നെയായിരിക്കാം ഇവിടെ വേണ്ടത്…’ തമ്പുരാന്റെ നിശ്ചയം’ സച്ചി അതു പറയുമ്പോള്‍ അവന്റെ കണ്ണു നനഞ്ഞിരുന്നു.
തീയേറ്ററില്‍ ഈ പാട്ടെത്തിയപ്പോള്‍ എല്ലാവരും ചോദിച്ചത് പൂര്‍ണ്ണമായും ഈ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്താത്ത് എന്തേ, എന്നാണ്. അതുകൊണ്ടുതന്നെ പിന്നീട് ഈ പാട്ടിന് മുഴുവനായും വിഷ്വല്‍ വേണമന്ന് ഞാന്‍ പറയുമ്പോള്‍ സച്ചി അതും എന്റെ ഇഷ്ടത്തിന് വിട്ടു തന്നു. എഡിറ്റര്‍ രഞ്ജന്‍ ഏബ്രഹാമിനൊപ്പമിരുന്ന് ഒരുപാട് പരിമിധികളില്‍ നിന്നാണ് ആ പാട്ടു തീര്‍ത്തത്. ഷൂട്ടിനിടയില്‍ വെറുതേ എടുത്തതും ഒഴിവാക്കിയതുമായ ഷോട്ടുകള്‍ ഉപയോഗിച്ചാണ് ഞങ്ങളീ പാട്ട് പൂര്‍ത്തിയാക്കിയത്.
Recent Comments