കഴിഞ്ഞ ദിവസം സായികുമാറിന്റെ ഫോണ്‍കോള്‍ ഞങ്ങളെ തേടി എത്തിയിരുന്നു. സായി കുമാറുമായുള്ള അഭിമുഖത്തിന്റെ നാലാം ഭാഗം കാന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്തതിന്റെ നാലാം ദിവസമായിരുന്നു അന്ന്. ചിരിയോടെയാണ് സായി സംസാരിച്ച് തുടങ്ങിയത്.
‘എത്ര ഫോണ്‍കോളുകളാണെന്നോ ഞങ്ങള്‍ക്ക് വരുന്നത്. എല്ലാവര്ക്കും അറിയേണ്ടത് ഞാനും ബിന്ദുവും തമ്മില്‍ പിരിഞ്ഞോ എന്നാണ്. ഏതോ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ച് എഴുതിയിരിക്കുന്നത്. കാന്‍ ചാനലില്‍ വന്ന അഭിമുഖം അവര്‍ കണ്ടോ എന്നുതന്നെ അറിയില്ല. കണ്ടിരുന്നെങ്കില്‍ ഇത്തരം വിഡ്ഢിത്തരങ്ങള്‍ എഴുതിവയ്ക്കില്ലായിരുന്നല്ലോ. ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ലെന്ന് തോന്നുന്നു.’ സായി ചിരിയോടെ പറഞ്ഞു. എന്നിട്ട് ഫോണ്‍ ബിന്ദുപണിക്കര്ക്ക് കൈമാറി.
‘ഞങ്ങളോട് ഇത്രയുംകാലം മിണ്ടാതിരുന്ന ആളുകള്‍പോലും ഇപ്പോള്‍ വിളിക്കുന്നുണ്ട്. സുഖമാണോ എന്നൊക്കെ ചോദിച്ചാണ് തുടങ്ങുന്നത്. നിങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ വല്ലതുമുണ്ടോ എന്നാണ് അടുത്ത ചോദ്യം. ഒടുവില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയോ എന്ന് പച്ചയ്ക്ക് ചോദിക്കും. ആരെ വിശ്വസിപ്പിക്കാനാണ്. അതുകൊണ്ട് ഞാന്‍ പറയും, ഇന്ന് രാവിലെയായിരുന്നു ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞെന്ന്. അങ്ങനെയെങ്കിലും അവര്‍ക്ക് സന്തോഷമാകുന്നെങ്കില്‍ ആകട്ടെ.’ നിറഞ്ഞ ചിരിയോടെ ബിന്ദു തുടര്‍ന്നു.
‘ഇന്നലെ മോളുടെ ഫ്രണ്ട്സിനോടും പരിചയക്കാര് ചോദിച്ചത്, സായി അങ്കിളും ബിന്ദു ആന്റിയും തമ്മില്‍ പിരിഞ്ഞോ എന്നായിരുന്നു. അതിന് ആ കുട്ടി പറഞ്ഞത്, ഇന്നലെ വരെ അവര്‍ പിരിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇന്നത്തെ കാര്യം തനിക്കറിഞ്ഞുകൂടെന്നായിരുന്നു. എത്ര ദോഷൈകദൃക്കുകളാണ് നമ്മുടെ ആളുകളെന്ന് നോക്കൂ.’ ബിന്ദു പറഞ്ഞു
അനവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒരേ അച്ചില്‍ നിരത്തിയ വാര്ത്തകളെന്നപോലെയാണ് സായികുമാറും ബിന്ദുപണിക്കരും പിരിഞ്ഞുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. അവരോടൊക്കെ ഒരു അഭ്യര്ത്ഥനമാത്രമേയുള്ളൂ, ആ അഭിമുഖം ആദ്യാവസാനം ഒന്ന് കണ്ടുനോക്കൂ. എന്നിട്ട് നിങ്ങള്‍ വിലയിരുത്തൂ. ആ അഭിമുഖത്തില്‍ സായികുമാര്‍ വ്യക്തമായി പറയുന്നുണ്ട് ബിന്ദുപണിക്കരെ തെരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം ശരിയായിരുന്നുവെന്ന്. അവരുമായുള്ള ജീവിതത്തില്‍ താന്‍ നൂറ്റിയൊന്ന് ശതമാനം സംതൃപ്തനാണെന്നും. എന്നിട്ടും തെറ്റായ വാര്‍ത്തകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
സായി എന്ന നടനെയും അദ്ദേഹത്തിന്റെ സിനിമകളെയും നിങ്ങള്‍ക്ക് വിമര്‍ശിക്കാം. വ്യക്തിജീവിതം അദ്ദേഹത്തിന്റെ മാത്രം അവകാശമാണ്. അതില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല. അതിന്റെ നന്മതിന്മകള് എന്തുതന്നെയായാലും. വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് നയിക്കുന്ന ഒരു കുടുംബത്തിനെതിരെ ഇല്ലാക്കഥകള്‍ ചമയ്ക്കുന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്.
അഭിമുഖം കാണാന്‍:
Recent Comments