ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും വ്യത്യസ്തമായ വില്ലന്‍ വേഷമായിരുന്നു കുഞ്ഞിക്കൂനനിലെ ‘ഗരുഡന് വാസു’. പക്ഷേ പ്രതിഫലത്തിന്റെ കാര്യത്തില്‍ ആ സിനിമയില്‍നിന്ന് ഒഴിയാന്‍ ശ്രമിച്ചു. സായികുമാര്‍ കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
നിര്‍മ്മാതാവായ മിലന് ജലീലായിരുന്നു കുഞ്ഞിക്കൂനന്റെ ത്രെഡ് ആദ്യമായി എന്നോട് പറയുന്നത്. പക്ഷേ അത് കേട്ടു കഴിഞ്ഞപ്പോള്‍ എനിക്ക് എന്റെ കഥാപാത്രത്തെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. മൂന്നു ദിവസത്തെ ഡേറ്റിനായിരുന്നു അദ്ദേഹം എന്നെ സമീപിച്ചത്. പക്ഷേ അതേ ദിവസങ്ങളില്‍ എനിക്ക് മറ്റൊരു സിനിമയുടെ ഷൂട്ടും ഉണ്ടായിരുന്നു. മാത്രമല്ല പ്രതിഫലത്തിലും ഞാനത്ര സംതൃപ്തനല്ലായിരുന്നു. പിന്നീട് നായകനായ ദിലീപ് എന്നെ ഫോണില്‍ വിളിച്ച് സിനിമയുടെ കഥ വിവരിച്ചു. അപ്പോഴാണ് എനിക്ക് നിശ്ചയിച്ചിരുന്ന ഗരുഡന് വാസു എന്ന വില്ലന്‍ കഥാപാത്രത്തിന്റെ വലിപ്പത്തെക്കുറിച്ച് മനസ്സിലായത്. പക്ഷേ സിനിമയില്‍ അഭിനയിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ ദിലീപിനോട് തീര്‍ത്തുപറഞ്ഞു. ‘അങ്ങനെ പറയരുത് സായി ചേട്ടാ, ചേട്ടന് ഒന്നു വന്നു നിന്നാല്‍ മതി ബാക്കിയെല്ലാം ഞാന്‍ നോക്കിക്കോളാം’ എന്ന് പറഞ്ഞ് ദിലീപ് ഒരുപാട് തവണ നിര്‍ബന്ധിച്ചു. കൂടാതെ ആ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരിക്കുകയും ചെയ്തു. മാത്രമല്ല എന്റെ സൗകര്യം അനുസരിച്ച് ഷൂട്ടിന് വന്നാല്‍ മതിയെന്നും ദിലീപ് പറഞ്ഞു. ഒടുവില്‍ ദിലീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഗരുഡന് വാസു എന്ന കഥാപാത്രം ചെയ്യാമെന്ന് സമ്മതിച്ചത്.
പട്ടണം റഷീദ് ആയിരുന്നു മേക്കപ്പ് മാന്‍. ഗരുഡന് വാസുവിന്റെ രൂപത്തിലേക്ക് എന്നെ എത്തിക്കുക എന്നത് ഒരല്പം ശ്രമകരമായ ദൗത്യമായിരുന്നു. അതിനായി എന്റെ തല മുടി പറ്റെവെട്ടി. അന്ന് താണ്ഡവം സിനിമയ്ക്കുവേണ്ടി തല മൊട്ട അടിച്ച ശേഷം മുടി കുറച്ചു വളര്‍ന്നു വരുന്ന സമയം. തുടര്‍ന്ന് തലയില്‍ ബ്രൗണ്‍ കളര്‍ പൂശി, അതിനുശേഷം കണ്ണ് ചുവപ്പിക്കാന്‍ കഥകളിക്കാര്‍ ഉപയോഗിക്കുന്ന ചുണ്ടപ്പൂവ് എന്ന പൊടി തേച്ചു. ചെവിയില്‍ രോമം വെച്ചു, കൂടാതെ വയറ് തോന്നിക്കാന്‍ ഒരു തുണി തെയ്ച്ചുകെട്ടി. പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും വാസു എന്ന കഥാപാത്രം പൂര്‍ണ്ണതയില്‍ എത്തിയില്ല. എന്തോ ഒരു കുറവ് തോന്നിയ പട്ടണം റഷീദ് തന്റെ കൈവശമുള്ള മീശചാക്ക് തുറന്ന്, അതിനുള്ളില്‍ കുറേനേരം പരതി ഒരു മീശ സംഘടിപ്പിച്ചു. ആ മീശ വെച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഗരുഡന് വാസുവായി മാറി.
ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് സീന്‍ മഴയത്തായിരുന്നു പ്ലാന്‍ ചെയ്തത്. അതിനായി ബോംബെയില്നിന്നും ഇതേ മീശയുടെ കൂടുതല്‍ ക്വാളിറ്റിയുള്ള ഒന്ന് ലഭിക്കാന്‍ വേണ്ടി പട്ടണം റഷീദ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വന്ന മീശയും ഉപയോഗിച്ചുകൊണ്ടിരുന്ന മീശയും തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു. വെള്ളം നനഞ്ഞാല്‍ മീശയുടെ വലിപ്പവും ഷെയ്പ്പും മാറുമെന്നായപ്പോള്‍ ക്ലൈമാക്സിലെ മഴ നനഞ്ഞുള്ള ഫൈറ്റ് സീന്‍ അണിയറപ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നു. പകരം നോര്‍മല്‍ ഫൈറ്റ് ആക്കി. അങ്ങനെ ആ സിനിമ ചുരുങ്ങിയ ദിവസം കൊണ്ട് ഞാന്‍ പൂര്‍ത്തിയാക്കി. എറ്റവും രസകരമായ ഒരു കാര്യം ഈ ചിത്രത്തിനുവേണ്ടി ഞാന്‍ ഡബ്ബ് ചെയ്തത് വെറും 10 മിനിറ്റ് മാത്രമായിരുന്നു. എന്നിരുന്നാലും ആ വില്ലന്‍ കഥാപാത്രത്തെ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. മാത്രമല്ല ഒരു ട്രോള്‍ മെറ്റീരിയലായി പുതുതലമുറ ഏറ്റവും അധികം ഏറ്റെടുത്ത എന്റെ കഥാപാത്രം കൂടിയായിരുന്നു ഗരുഡന് വാസു. സായികുമാര്‍ കാന്‍ ചാനലിനോട് വെളിപ്പെടുത്തി.
-ഷെരുണ് തോമസ്
Recent Comments