കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തെ അധീകരിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തന്റെ സിനിമാപ്രവേശനത്തെക്കുറിച്ച് വാചാലനായത്.
‘ഞാന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിച്ച് തോറ്റുനില്‍ക്കുന്ന സമയം. ആയിടയ്ക്കാണ് സംവിധായകന് രഞ്ജിത്ത് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ എന്നെ വിളിച്ചത്. ആദ്യം തമാശയാകുമെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം തന്റെ ആവശ്യം തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ ആശയക്കുഴപ്പത്തിലായി. അങ്ങനെയാണ് കോടിയേരി സഖാവിനെ കാണാന്‍ പോകുന്നത്. അദ്ദേഹത്തോട് അഭിപ്രായം ആരാഞ്ഞു. ഇപ്പോള്‍ തോറ്റെന്നേയുള്ളൂ. സിനിമയിലേയ്ക്കിറങ്ങിയാല് കൂടുതല്‍ നാണക്കേടാകും. ഒരു പണിയും ഇല്ലാത്തതുകൊണ്ട് സിനിമയിലേയ്ക്ക് പോയെന്ന് പഴി കേള്ക്കേള്ക്കേണ്ടിയും വരും. രാഷ്ട്രീയത്തില്‍ നല്ലൊരു ഭാവിയുണ്ട്. തല്ക്കാലം സിനിമ ഉപേക്ഷിക്കൂ. അതായിരുന്നു സഖാവിന്റെ ഉപദേശം. അങ്ങനെയാണ് സിനിമാനടനാകാനുള്ള ആഗ്രഹം ഉപേക്ഷിച്ചത്.’ ഷംസീര്‍ പറഞ്ഞു.
ചടങ്ങില്‍ ഗണേഷ് കുമാര്‍ എം.എല്‍.എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ടിനിടോം, സംവിധായകന് വിപിന്‍ ദാസ് തുടങ്ങിയവരും പങ്കെടുത്തു. മണിയന്‍പിള്ള രാജു എഴുതിയ ചിരിയും ചിന്തയും എന്ന പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് ഗണേഷ്കുമാര് എം.എല്‍.എയ്ക്ക് നല്കി എ.എന്‍. ഷംസീര്‍ പ്രകാശനം ചെയ്തു. മാതൃഭൂമി പ്രസിദ്ധീകരിച്ച രാജുവിന്റെ ചിരിയും ചിന്തയും എന്ന പുസ്തകം ഡി.സി. ബുക്സാണ് കൂടുതല്‍ പേജോടും ചിത്രങ്ങളോടുംകൂടി പുനപ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു അന്തര്‍ദ്ദേശീയ പുസ്തകമേള സംഘടിപ്പിക്കുന്നത്. നിയമസഭാ മന്ദിരത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. പുറത്തുനിന്ന് വിദ്യാര്‍ത്ഥികളടക്കം നിയമസഭാമന്ദിരം സന്ദര്‍ശിക്കാനുള്ള അപൂര്‍വ്വം അവസരംകൂടിയാണ് ഈ മേള ഒരുക്കുന്നത്.
Recent Comments