ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തിറങ്ങി.. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സര്‍ക്കാര്‍ ഉത്തരവ്. പരമാവധി മൂന്ന് ഗഡുക്കളായാണ് തുക നല്‍കേണ്ടത്. സമ്മതപത്രം നല്കുന്ന ജീവനക്കാരില്‍ നിന്ന് അടുത്ത മാസത്തെ ശമ്പളം മുതല്‍ പണം ഈടാക്കി തുടങ്ങുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പിഎഫ് തുകയും ജീവനക്കാര്‍ക്ക് സംഭാവനയായി നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കിട്ടുന്ന തുക ഒരു പ്രത്യേക ട്രഷറി അക്കൗണ്ടിലേക്ക് മാറ്റും. നിര്‍ബന്ധമല്ലെങ്കിലും ഒരാളും വിട്ടുനില്‍ക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍, കമ്മിഷനുകള്‍, സര്‍വകലാശാലകള്‍, സ്കൂള്‍, കോളേജ്, എയ്ഡഡ് സ്ഥാപനങ്ങള്‍, ട്രൈബ്യൂണലുകള്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.
ആഗസ്റ്റ് മാസത്തെ മൊത്ത ശമ്പളത്തിന്റെ മുപ്പതില്‍ ഒരംശമായി കണക്കാക്കി അഞ്ചു ദിവസത്തെ ശമ്പളമാണ് പിടിക്കുക. ഇത് കുറവു ചെയ്ത് പ്രത്യേക അക്കൗണ്ടിലിട്ട് മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് മാറ്റും. പരമാവധി മൂന്ന് ഗഡുക്കളായി നല്‍കാം. ആദ്യമാസം ഒന്നും പിന്നത്തെ രണ്ടുമാസങ്ങളില്‍ രണ്ടുദിവസം വീതവുമാണ് ഗഡുക്കള്‍. അഞ്ച് ദിവസത്തില്‍ കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് ചുരുങ്ങിയത് രണ്ടുദിവസത്തെ ശമ്പളമെന്ന ക്രമത്തില്‍ പരമാവധി പത്തുഗഡുക്കള് വരെ അനുവദിക്കും. സെപ്തംബറില്‍ വിതരണം ചെയ്യുന്ന ആഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്നാണ് തുക പിടിക്കുക.
Recent Comments