ഇന്ന് രാവിലെ സലിംകുമാറിനെ വിളിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ഇരുപത്തിനാലാം വിവാഹവാര്‍ഷികമാണ്. ആശംസകള്‍ അറിയിക്കാനാണ് വിളിച്ചത്. പൊട്ടിച്ചിരിയുടെ അകമ്പടിയോടെയാണ് ഞങ്ങളുടെ ആശംസയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞത്.
ഈ തുറന്ന ചിരി സലിംകുമാറിന്റെ ട്രേഡ്മാര്‍ക്കാണ്. അദ്ദേഹത്തിന്റെ വീട്ടുപേര് തന്നെ ലാഫിംഗ് വില്ല എന്നാണ്. എത്ര അര്‍ത്ഥവത്തായ പേര്.
കഴിഞ്ഞ കുറേദിവസങ്ങളായി ലാഫിംഗ് വില്ലയില്‍ വിശ്രമത്തിലാണ് സലിംകുമാര്‍.
ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം ഭേദപ്പെട്ടുവരുന്നു. സലീം പറഞ്ഞു.
‘ഇന്ന് ആഘോഷങ്ങളൊന്നുമില്ലേ?’
‘എന്താഘോഷം. പഠിപ്പ് ഇല്ലാത്തതിനാല്‍ കുട്ടികള്‍ ഒപ്പമുണ്ട്. ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ അവരുടെ അപ്പനും. അതാണ് ഈ വിവാഹദിനത്തിന്റെ പ്രത്യേകത.’
‘അമ്പലങ്ങളില്‍ പോകുന്ന പതിവ് ഉണ്ടോ?’
‘ഈശ്വരന് ഏറ്റവും വേണ്ടപ്പെട്ടവനാണ് സലീംകുമാര്‍. അതുകൊണ്ടുതന്നെ അമ്പലങ്ങളില്‍ പോകുന്ന പതിവില്ല. അല്ലെങ്കിലും ഞാനാര്‍ക്കും അറിഞ്ഞുകൊണ്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല.’
‘ലൗവ് മാര്യേജ് ആയിരുന്നില്ലേ നിങ്ങളുടേത്?’
‘അതെ. കണ്ടു, പരിചയപ്പെട്ടു, പ്രണയമായി, പിന്നീട് വീട്ടുകാര്‍ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു.’
‘പുതിയ സിനിമകള്‍?’
‘രണ്ട് സിനിമകള്‍ വേണ്ടെന്നുവച്ചു. അതാണ് പുതിയ സിനിമാവിശേഷം.’
‘ഈ കോവിഡ് കാലം എങ്ങനെ ചെലവിട്ടു?’
‘ഇപ്പോള്‍ അതിരാവിലെ എഴുനേല്‍ക്കുന്ന ശീലമുണ്ട്. മാതൃഭൂമിക്കുവേണ്ടി, എന്റെ ഓര്‍മ്മകള്‍ എഴുതാമെന്ന് ഏറ്റിരുന്നു. അത് എഴുതി പൂര്‍ത്തിയാക്കികൊടുത്തു. ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാനായിരുന്നു അവരുടെ പ്ലാന്‍. അത് വേണ്ടെന്ന് പറഞ്ഞപ്പോള്‍ പുസ്തകമായി ഇറക്കാമെന്ന് പറഞ്ഞു. ഞാന്‍ തന്നെ എഴുതുമെന്ന ഒരാവശ്യം വച്ചു. അതില്‍ എന്ത് തിരുത്തല്‍ വേണമെങ്കില്‍ നടത്തിക്കൊള്ളാം എന്ന ഉപാധിയോടെ. എഡിറ്റിംഗ് ഒന്നും വേണ്ടിവന്നില്ല എന്നാണ് അവര്‍ അറിയിച്ചത്. അതൊരു സന്തോഷമാണ്. മമ്മൂക്കയാണ് പുസ്തകത്തിനുവേണ്ടി അവതാരിക എഴുതുന്നത്. അത് അതിനേക്കാള്‍ സന്തോഷം നല്കുന്നു.’ സലിം പറഞ്ഞുനിര്‍ത്തി.
സുനിതയാണ് സലിംകുമാറിന്റെ ഭാര്യ. ഇവര്‍ക്ക് രണ്ടു മക്കള്‍ ചന്തുവും ആരോമലും.
Recent Comments