മൂന്നാമത്തെ വയസ്സില്‍ വെള്ളിത്തിരയിലെത്തിയ വിസ്മയപ്രതിഭയായിരുന്നു ബേബി ശാലിനി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അക്കാലത്ത് മലയാളത്തിലെ കുടുംബചിത്രങ്ങളുടെ വിജയഫോര്‍മുലകളിലെ ഒരവിഭാജ്യഘടകമായിരുന്നു ബേബി ശാലിനി. സിനിമയില്‍ മാത്രമല്ല പൊതുജീവിതത്തിലും ആ കൊച്ചുസുന്ദരി ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. ബേബി ശാലിനി ഹെയര്‍കട്ട് അക്കാലത്ത് പ്രചുരപ്രചാരം നേടിയത് ഈ കുഞ്ഞഭിനേത്രിയുടെ സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ്. മലയാളം മാത്രമല്ല, തെലുങ്കും, തമിഴും, കന്നഡവുമെല്ലാം കുഞ്ഞുശാലിനിയെ കൈനീട്ടി സ്വീകരിച്ചു.
ആ മുഖത്തെ കുട്ടിത്തം മാറിയതോടെ ശാലിനിയും സിനിമയില്‍നിന്ന് അകന്നു പോവുകയായിരുന്നു.
പിന്നീടവരെ കാണുന്നത് ഫാസിലിന്റെതന്നെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ്. കുഞ്ചാക്കോ ബോബന് എന്ന പുതുമുഖനായകന്റെ ജോഡിയായി എത്തിയ ശാലിനി തുടര്‍ന്നങ്ങോട്ട് സിനിമയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതാണ് കണ്ടത്.
മലയാളത്തെക്കാള്‍ തമിഴ്സിനിമയാണ് രണ്ടാംവരവില്‍ ശാലിനിയെ സമര്‍ത്ഥമായി ഉപയോഗിച്ചത്. മണിരത്നത്തിന്റെ അലൈപായുതേ എന്ന ചിത്രത്തില്‍ മാധവന്റെ നായികയായി. അതിലെ പ്രകടനം മികച്ചനടിക്കുള്ള പ്രത്യേക പുരസ്കാരത്തിനും അവരെ അര്‍ഹയാക്കി.
ശരണിന്റെ ‘അമര്‍ക്കള’ത്തില്‍ അജിത്തിന്റെ നായികയായി എത്തിയത് ശാലിനിയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായി. ആ സിനിമയ്ക്കുശേഷമാണ് അജിത്ത് ശാലിനിയെ പ്രൊപ്പോസ് ചെയ്യുന്നത്. അതവരുടെ വിവാഹത്തില്‍ കലാശിച്ചു. തമിഴ്നാട്ടിലെ മാതൃകാദമ്പതികളായിട്ടാണ് ഇരുവരെയും വിശേഷിപ്പിക്കുന്നത്. അനൗഷ്കയും ആദ്വിക്കും അവരുടെ പൊന്നോമനകളാണ്. വിവാഹശേഷം ശാലിനി പൂര്‍ണ്ണമായും അഭിനയരംഗത്തുനിന്ന് വിട്ടുനിന്നു.
എന്നാലിപ്പോള്‍ ശാലിനി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന വാര്‍ത്തയാണ് മോളിവുഡില്‍നിന്ന് കേള്‍ക്കുന്നത്. മണിരത്നത്തിന്റെ സ്വപ്നപദ്ധതിയായ പൊന്നിയിന്‍ ശെല്‍വനില്‍ ശാലിനി ഒരു പ്രധാന വേഷം ചെയ്യുന്നുവെന്നാണ് വാര്‍ത്ത. മണിരത്നം സിനിമകള്‍ സൂക്ഷിക്കുന്ന രഹസ്യസ്വഭാവമെന്നപോലെ ശാലിനി ചെയ്യുന്ന വേഷത്തെക്കുറിച്ചും കൃത്യമായ വിവരങ്ങളൊന്നുമില്ല. എങ്കിലും അവര്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്നും അഭിനയിക്കുമോ എന്ന കാര്യത്തിലും ശാലിനി മനസ്സ് തുറന്നിട്ടില്ല.
Recent Comments