മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അതൃപ്തിക്കെതിരെ സമസ്തയുടെ പ്രതികരണം. ആരെയും പരാജയപ്പെടുത്താനല്ല സമസ്തയുടെ പ്രവര്‍ത്തനമെന്ന് മറുപടിയുമായി സമസ്ത (കേരള ജം ഇയ്യത്തുല്‍ ഉലമ) പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തെരെഞ്ഞെടുപ്പ് കാലത്ത് വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ നിന്നും ഉണ്ടായിയെന്ന് ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
സുന്നികളുടെ പണ്ഡിത സംഘടനയിലൊന്നാണ് സമസ്ത. ഈ സംഘടനയെ ഇ കെ സമസ്ത എന്നും വിളിക്കാറുണ്ട്. മറ്റൊരു സുന്നി സംഘടനയാണ് എ പി സുന്നി വിഭാഗം. ഈ വിഭാഗത്തിനെ അരിവാള്‍ സുന്നികള്‍ എന്നും വിളിക്കുന്നു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരാണ് എപി സുന്നി വിഭാഗം ജനറല്‍ സെക്രട്ടറി. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഒറ്റ സംഘടനയായിരുന്ന സുന്നി സംഘടന പിളര്‍ന്ന് രണ്ടായത്. അങ്ങനെയാണ് ഇ കെ യും എ പി യും ഉണ്ടായത്. എ പി സുന്നി വിഭാഗം സിപിഎമ്മിനെ പിന്തുണച്ചപ്പോള്‍ ഇ കെ സുന്നികള്‍ മുസ്ലിം ലീഗിനെയായിരുന്നു അടുത്ത കാലം വരെ പിന്തുണച്ചത്. എന്നാല്‍ ലോകസഭാ തെരെഞ്ഞെടുപ്പിനു മുമ്പ് ഇ കെ സുന്നി വിഭാഗം മുസ്ലിം ലീഗുമായി ഇടയുകയാണ് ചെയ്തത്. ഒപ്പം സിപിഎമ്മിനോട് അടുപ്പം കാണിക്കുകയും ചെയ്തു. പൊന്നാനിയിലെ സിപിഎം സ്ഥാനാര്‍ഥി കെ എസ് ഹംസ ഇ കെ സുന്നി വിഭാഗക്കാരനാണ്. അതുകൊണ്ടാണ് സി പി എം ഹംസയ്ക്ക് പൊന്നാനിയില്‍ സീറ്റ് നല്‍കിയത്.
സമസ്തയും മുസ്ലിം ലീഗും ഇപ്പോള്‍ അകന്നുകൊണ്ടരിക്കുകയാണ്. എന്നാല്‍ ഭൂരിപക്ഷം സമസ്ത അംഗങ്ങളും മുസ്ലിം ലീഗിന്റെ അണികളാണെന്നും സമസ്ത, ലീഗ് വിട്ടു പോയാല്‍ സമസ്തയില്‍ വലിയ പിളര്‍പ്പ് ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. സമസ്ത എന്ന പേരിലറിയപ്പെടുന്ന ഇ കെ സുന്നി വിഭാഗം ഇപ്പോള്‍ പിളര്‍പ്പിന്റെ വക്കിലാണ്. പിളര്‍പ്പ് ലീഗിന് തിരിച്ചടിയും സിപിഎമ്മിനു നേട്ടവും ആകാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധര്‍ പറയുന്നത്. സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന് ഉദ്ഘാടനം ലീഗ് നേതാക്കള്‍ ബഹിഷ്ക്കരിച്ചതോടെയാണ് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ വഷളായത്.
സമസ്തയും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ മൂലം സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന് ലോഞ്ചില്‍ ഗള്‍ഫിലെ ലീഗിന്റെ പോഷകസംഘടനയായ കെഎംസിസി നേതാക്കളുടെയും അസാന്നിധ്യം ശ്രദ്ധേയമായി. ഇ കെ സുന്നി വിഭാഗത്തില്‍ പിളര്‍പ്പുണ്ടായാല്‍ അത് കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിക്കുന്നതോടെ പല കുത്തക സീറ്റുകളും ലീഗിന് നഷ്ടമാകാനും സാധ്യതയുണ്ട്.
Recent Comments