കോസ്റ്റൂം ഡിസൈനറാണ് സമീറ സനീഷ്. കഴിഞ്ഞ പത്ത് വര്‍ഷമായി അവര്‍ മലയാളസിനിമയോടൊപ്പമുണ്ട്. 160 ലധികം സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചു. 2014 ലേയും 2018 ലേയും മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചു. അടുത്തിടെ അവരൊരു പുസ്തകം എഴുതിയിരുന്നു. ‘അലങ്കാരങ്ങളില്ലാതെ’ അതിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത് മമ്മൂട്ടിയും സംവിധായകന് ആഷിക് അബുവും ചേര്‍ന്നായിരുന്നു. ആ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സമീറ കാന്‍ ചാനലിനോട്.
‘പേടിച്ച് പേടിച്ചാണ് ഞാന്‍ മമ്മൂക്കയ്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചത്. ഒരു പുസ്തകം എഴുതിയിട്ടുണ്ട്, എന്റെ ആദ്യ സിനിമയുടെ (ഡാഡികൂള്‍) നായകനും സംവിധായകനും ചേര്‍ന്ന് അത് പ്രകാശനം ചെയ്യണമെന്നാഗ്രഹിക്കുന്നു എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ആ ദിവസം പ്രതികരണമൊന്നും ഉണ്ടായില്ല. പിറ്റേന്ന് മമ്മൂക്കയുടെ മെസ്സേജ് വന്നു. ജോര്‍ജിനെയോ ആന്റോ ജോസഫിനെയോ വിളിക്കാനായിരുന്നു നിര്‍ദ്ദേശം. ഞാന്‍ ആന്റോ ചേട്ടനെ വിളിച്ചു. ഫോണ്‍ എടുത്തില്ല. തൊട്ടുപിന്നാലെ ജോര്‍ജേട്ടനേയും. അദ്ദേഹം ഫോണ്‍ എടുത്തപ്പോള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. അപ്പോള്‍തന്നെ മമ്മൂക്കയുടെ വീട്ടിലേയ്ക്ക് ചെല്ലാന്‍ ജോര്ജേട്ടന് പറഞ്ഞു. മമ്മൂക്ക അങ്ങനെ പറയാന്‍ ഏര്‍പ്പാട് ചെയ്തിരിക്കണം. പക്ഷേ ഞാന്‍ ആ നിമിഷംവരെ ആഷിക്കിനോട് അനുവാദം ചോദിച്ചിട്ടുണ്ടായിരുന്നില്ല. മമ്മൂക്കയുടെ സമ്മതം കിട്ടിയതിനുശേഷം വിളിക്കാമെന്ന് കരുതിയിരിക്കയായിരുന്നു. ഞാന്‍ ജോര്‍ജേട്ടനെ കാര്യങ്ങള്‍ ധരിപ്പിച്ചു. എങ്കില്‍ എല്ലാം ഏര്‍പ്പാട് ചെയ്തശേഷം വിളിക്കാന്‍ പറഞ്ഞു.’
‘ഞാന്‍ അപ്പോള്‍തന്നെ ആഷിഖ് അബുവിനെ വിളിച്ചു. അദ്ദേഹം അപ്പോള്‍ ഗോവയിലായിരുന്നു. തിരിച്ചെത്തിയാല്‍ ഉടന്‍ ചെയ്യാമെന്ന് ആഷിഖും പറഞ്ഞു. ഗോവയില്‍നിന്നുള്ള മടങ്ങിവരവില്‍ അഷിഖുമായി സംസാരിച്ച് ഒരു ധാരണയിലെത്തി. അത് ജോര്‍ജേട്ടനെ വിളിച്ചറിയിച്ചു. ജോര്ജേട്ടന് മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക ഉടന്‍തന്നെ സമ്മതവും മൂളി. അങ്ങനെ ഇക്കഴിഞ്ഞ 30-ാം തീയതി തിങ്കളാഴ്ച കടവന്ത്രയിലുള്ള മമ്മൂക്കയുടെ വീട്ടില്‍വച്ച് എന്റെ ആദ്യ പുസ്തകത്തിന്റെ പ്രകാശനം നടന്നു. എന്റെ ജീവിതത്തിത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഒരു പുസ്തകം പ്രകാശനം ചെയ്തു എന്നതിലല്ല, എന്റെ സിനിമാപ്രവേശനത്തിന് കാരണക്കാരായ രണ്ടുപേര്‍ ആ കര്‍മ്മം നിര്വ്വഹിച്ചതിലാണ് ഞാന്‍ ആഹ്ലാദം കൊള്ളുന്നത്.’
‘സാധാരണഗതിയില്‍ ഇത്തരം ആവശ്യങ്ങളുമായി ആരെ സമീപിച്ചാലും കുറച്ച് കാലതാമസമുണ്ടാവുക സ്വാഭാവികമാണ്. ഒന്നാമതായി കോവിഡ് കാലമാണ്. മാത്രവുമല്ല എല്ലാവരും അവരവരുടെ ജോലികളുമായി തിരക്കിലുമാണ്. എന്നിട്ടും എന്റെ ഒരു ആവശ്യത്തിന് അനുകൂലമായൊരു പ്രതികരണം ഉടനടി ഉണ്ടായത് ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു. പ്രത്യേകിച്ചും മമ്മൂക്കയില്‍നിന്ന്.’
‘ഈ പുസ്തകം എഴുതാന്‍ കാരണം ലക്ഷ്മിരാധാകൃഷ്ണന് എന്ന മാധ്യമപ്രവര്‍ത്തകയാണ്. അവരാണ് ഇങ്ങനെയൊരു ആവശ്യം എന്നോട് ആദ്യം പറയുന്നത്. ഇടവേളകളില്‍ അവര്‍ എന്നോട് വന്ന് സംസാരിക്കും. പലപ്പോഴായി ഇങ്ങനെ സംസാരിച്ച അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അതിലെന്റെ സിനിമാനുഭവങ്ങളും വ്യക്തിഗത അനുഭവങ്ങളുമുണ്ട്.’
‘നൂറ്റി അറുപതിലധികം സിനിമകളില്‍ ഞാന്‍ കോസ്റ്റ്യൂമറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടുതലും ചെയ്തിട്ടുള്ളത് മമ്മൂക്കയുടെയും ദുര്‍ഖറിന്റെയും സിനിമകളാണ്. അടുത്ത മാര്‍ച്ചില്‍ രഥീന സംവിധാനം ചെയ്യുന്ന മമ്മൂക്ക ചിത്രത്തിന്റെ കോസ്റ്റ്യൂമറും ഞാനാണ്.’ സമീറ പറഞ്ഞുനിര്‍ത്തി.
Recent Comments