പെരുമ്പാവൂരിനും കുറേ തെക്കുമാറി മുടക്കുഴയ്ക്ക് സമീപമുള്ള ഒരു വീട്ടിലായിരുന്നു വോള്‍ഫിന്റെ ഷൂട്ടിംഗ്.
ഇന്ദുഗോപന്റെ തിരക്കഥയ്ക്ക് ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്.
അര്ജുന് അശോകനും ഇര്‍ഷാദും സംയുക്താമേനോനും പങ്കെടുക്കുന്ന രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഫൈസല്‍ സിദ്ധിക്കാണ് ക്യാമറാമാന്.
ഉച്ചയ്ക്ക് ബ്രേക്കിന് പിരിഞ്ഞതിന് തൊട്ടുപിന്നാലെ കാന്‍ ചാനലിന്റെ ഫോട്ടോഷൂട്ടിനായി താരങ്ങളും അണിയറപ്രവര്‍ത്തകരും വീട്ടുമുറ്റത്ത് ഒത്തുകൂടി. ഗ്രൂപ്പ് സ്റ്റില്‍സ് എടുത്ത് കഴിഞ്ഞപ്പോള്‍ സംയുക്ത മേനോന്റെ സോളോ ചിത്രങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു അന്‍വര്‍ പട്ടാമ്പി.
ആ വീടിന്റെ പുറത്തേയ്ക്കുള്ള വഴി തുറക്കുന്നത് അത്ര നിരപ്പില്ലാത്ത ചെമ്മണ്പാതയിലേക്കാണ്. അതിനിരുവശവും പുരയിടങ്ങളാണ്. അത് നിറയെ വൃക്ഷങ്ങളും. വൃക്ഷത്തലപ്പുകള്‍ തീര്‍ത്ത തണലിന് ചുവടെയായിരുന്നു ഫോട്ടോഷൂട്ട്.
അവിടേക്ക് അര്‍ജുനും എത്തി. ഞങ്ങള്‍ വിളിച്ചിട്ട് വന്നതായിരുന്നു.
ആ റോഡിനോട് ചേര്‍ന്ന് ഒരു മതിക്കെട്ടുണ്ടായിരുന്നു. ഏതോ പുരയിടത്തിന്റെ അതിര്ത്തിയാവും. മൂന്നടി പൊക്കമേ ഉള്ളൂ. കനവും തീരെ കുറവ്. അതിന്റെ മുകളില്‍ അര്ജുനനെയും സംയുക്തയെയും ഇരുത്തി ഫോട്ടോ എടുക്കാനായിരുന്നു പ്ലാന്‍.
ആദ്യം അര്ജുന് കയറി. തൊട്ടുപിന്നാലെ സംയുക്തയും. അന്‍വര്‍ ഫോട്ടോ എടുത്തുകൊണ്ടിരുന്നു.
ഇതിനിടെ അര്‍ജുന്റെ തമാശ കേട്ട് സംയുക്ത പൊട്ടിച്ചിരിച്ചു. ആ ആയത്തിനിടെ അവര്‍ പെട്ടെന്ന് പിറകിലേയ്ക്ക് മറിഞ്ഞു. ആ നിമിഷം അര്ജുന് സംയുക്തയുടെ കൈയില്‍ ശക്തമായി പിടിയിട്ടു. എല്ലാവരും സ്തബ്ധരായി പോയ നിമിഷം.
അര്ജുനന് പിടിക്കാന്‍ കഴിയാതിരുന്നെങ്കില്‍ സംയുക്ത നേരെ പിറകിലേയ്ക്ക് തലയിടിച്ച് വീഴുമായിരുന്നു. പിറകില്‍ പാറക്കൂട്ടങ്ങളായിരുന്നു. വലിയൊരു അപകടത്തില്‍നിന്നാണ് സംയുക്ത രക്ഷപ്പെട്ടത്.
ശരീരം ഒന്നു വിറകൊണ്ടെങ്കിലും സംയുക്ത ഒരു ചിരിയോടെ പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചുവന്നു. അവിടുന്ന് മാറി ഫോട്ടോ എടുക്കാമെന്ന് പറഞ്ഞെങ്കിലും ഇരുവരും വഴങ്ങിയില്ല. പിന്നെയും ഫോട്ടോഷൂട്ട് തുടര്‍ന്നുകൊണ്ടിരുന്നു.
ഒരു ത്രികോണ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് വോള്‍ഫ്. ഒരു രാത്രിയും പകലുമായിട്ടാണ് കഥ നടക്കുന്നത്. ത്രില്ലറാണ്. ഒപ്പം ഇമോഷണല്‍ ഡ്രാമയും.
അര്ജുന്, സംയുക്ത, ഇര്‍ഷാദ്, ഷൈന്‍ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരിലൂടെ കഥ പറയുന്ന ചിത്രം.
ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് വോള്‍ഫ് നിര്‍മ്മിക്കുന്നത്. പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലുമായി വോള്‍ഫിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
Recent Comments