വിജയ് നായകനാകുന്ന ലിയോ ഒക്ടോബര്‍ 19 ന് തീയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നതിനിടെ ചിത്രത്തില്‍ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തുമായുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ പറയുകയാണ് സംവിധായകന് കൂടിയായ ലോകേഷ് കനകരാജ്.
കമല്‍ സാര്‍ (കമല്‍ ഹാസന്) കഴിഞ്ഞാല്‍ എന്റെ ഹാര്‍ഡ് കോര്‍ ഫാനാണ് സഞ്ജയ് ദത്ത് സാര്‍. ലിയോയിലെ ഒരു വേഷം ചെയ്യാനായി അദ്ദേഹത്തെ സമീപിക്കുമ്പോള്‍ ഒരു കാര്യം മാത്രമാണ് ആവശ്യപ്പെട്ടത്. തമിഴില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒന്നുരണ്ട് തമിഴ് ഡയലോഗുകള്‍ പറഞ്ഞുകൊണ്ടുതന്നെ തുടങ്ങണം. അതിനുവേണ്ടി തമിഴ് ട്യൂഷനും ഞാന്‍ ഏര്‍പ്പാട് ചെയ്തു. അനുസരണയുള്ള കുട്ടിയെപ്പോലെ അദ്ദേഹം ക്ലാസ് അറ്റന്റ് ചെയ്തു. ചില തമിഴ് വാക്കുകള്‍ സംസാരിക്കാന്‍ പഠിക്കുകയും ചെയ്തു. എന്റെ മനസ്സില്‍ സഞ്ജയ് ദത്ത് സാറിനെ കുറിച്ചുണ്ടായിരുന്ന വിഗ്രഹമാണ് അന്ന് ഉടഞ്ഞുപോയത്. അദ്ദേഹം അത്ര കണ്ട് ഡൗണ്‍ ടു എര്‍ത്തായിരുന്നു.
ലൊക്കേഷനില്‍ അദ്ദേഹം എന്നെ മകനെ എന്നാണ് വിളിച്ചിരുന്നത്. ഞാന്‍ അദ്ദേഹത്തെ സാറെന്നും. അത് തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പകരം അപ്പാന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. അന്നുമുതല്‍ ഞാന്‍ അദ്ദേഹത്തെ അപ്പാ എന്ന് വിളിക്കാന്‍ തുടങ്ങി.
ലിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോള്‍ അദ്ദേഹം എന്റെ അച്ഛനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അച്ഛന് ഹിന്ദി അറിയില്ലായിരുന്നു. അതുകൊണ്ട് ഞാനൊരു ദ്വിഭാഷിയെ ചുമതലപ്പെടുത്തി. ഒരു മണിക്കൂറോളം അച്ഛനുമായി ചെലവിട്ടാണ് മടങ്ങിയത്. ‘നിങ്ങളുടെ മകനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നുവെന്നാണ്.’ മടക്കയാത്രയ്ക്ക് മുമ്പ് അദ്ദേഹം അച്ഛനോട് പറഞ്ഞത്.
Recent Comments