ഋഷി കപൂറിന്റെ 71-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്, സോഷ്യല്‍ മീഡിയയില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് സഞ്ജയ് ദത്ത്. 2020 ഏപ്രില്‍ 30 നായിരുന്നു ഋഷി കപൂര്‍ ലുക്കീമിയ ബാധിതനായി അന്തരിച്ചത്. ഇരുവരും വളരെ അടുത്ത സൗഹൃദം പങ്കിട്ടിരുന്നു.
ഋഷി കപൂറിനും മകന് രണ്‍ബീര്‍ കപൂറിനും ഒപ്പമുള്ള ചിത്രമാണ് സഞ്ജയ് ദത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കുടുംബത്തേക്കാള്‍ ഉപരിയായിരുന്നു ചിണ്ടു സാര്‍ (ഋഷി കപൂര്‍), മികച്ച നടന്മാരുടെയും മനുഷ്യരുടെയും സത്ത ഉള്‍ക്കൊണ്ടിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ചിരിയും കഥകളും ആത്മാര്‍ത്ഥതയും ഞങ്ങളെ ഒരുമിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തില് അദ്ദേഹം അവശേഷിപ്പിച്ച ശൂന്യത സ്പഷ്ടമാണ്. എന്നാല്‍ ഓര്‍മ്മകളുടെ ഊഷ്മളത അദ്ദേഹത്തെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിപ്പിക്കുന്നു. നിങ്ങളെ മിസ് ചെയ്യുന്നു സര്.’ എന്നാണ് നടന് പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയത്.
നടന് രാജ് കപൂറിന്റെ മകനും പൃഥ്വിരാജ് കപൂറിന്റെ ചെറുമകനുമായിരുന്നു ഋഷി കപൂര്‍. നീതു കപൂറിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് നടന് രണ്‍ബീര്‍ കപൂര്‍ ഉള്‍പ്പടെ രണ്ട് കുട്ടികളാണുള്ളത്.
കപൂര്‍ കുടുംബത്തിലെ മൂന്നാം തലമുറക്കാരനായിരുന്നു ഋഷി കപൂര്‍. മൂന്ന് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍, ‘ലൈലാ മജ്നു’, ‘റഫൂ ചക്കര്‍’, ‘ചാന്ദ്നി’, ‘ഹെന്ന’, ‘സാഗര്‍’ തുടങ്ങിയ പ്രണയകഥകളില്‍ അഭിനയിച്ചായിരുന്നു ശ്രദ്ധേയനായത്. ഭാര്യ നീതു കപൂറിനൊപ്പമുള്ള ‘ദോ ഡൂണി ചാര്’, ‘അഗ്നീപഥ്’, ‘കപൂര്‍ & സണ്‍സ്’, ‘മുല്‍ക്ക്’, ‘102 നോട്ട് ഔട്ട്’ തുടങ്ങിയ ചിത്രങ്ങളില്‍ സ്വഭാവ നടനെന്ന നിലയിലുള്ള തന്റെ രണ്ടാം വരവ് അദ്ദേഹം ഗംഭീരമാക്കി. പതിറ്റാണ്ടുകളായി ഒരു റൊമാന്റിക് നായകന്റെ സ്ക്രീന്‍ ഇമേജ് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
അഗ്നിപഥ്, സാഹിബാന്‍, ഹത്യാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഞ്ജയ് ദത്തുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. നടനായി സഞ്ജയ് ദത്ത് കരിയര്‍ ആരംഭിച്ചപ്പോള്‍ ധാരാളം പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നിരുന്നു. അതിനെല്ലാം സഹായമായി നിന്നിരുന്നത് ഋഷി കപൂറാണ്. ആദരവ് കലര്‍ന്ന സൗഹൃദമായിരുന്നു സഞ്ജയ് ദത്തിന് ഋഷി കപൂറുമായി ഉണ്ടായിരുന്നത്.
Recent Comments