വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സഞ്ജയ് ദത്തും അഭിനയിക്കുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. സഞ്ജയ് ദത്ത് ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ദളപതി 67 എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ജനുവരി 2 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഫെബ്രുവരി ആദ്യം സഞ്ജയ് ദത്ത് വിജയ്യ്ക്കൊപ്പം ചേരും.
കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തില്‍ അധീര എന്ന പ്രതിനായകവേഷം അവതരിപ്പിച്ചുകൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്റെ ശക്തമായ സാന്നിദ്ധ്യം സഞ്ജയ് ദത്ത് നടത്തിയിരുന്നു. വിജയ്യ്ക്കൊപ്പമുള്ള പുതിയ അരങ്ങേറ്റം തമിഴകവും വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മുമ്പ് ഷങ്കര്‍ സംവിധാനം ചെയ്ത 2.0 ല്‍ രജനികാന്തിന്റെ പ്രതിനായകനായി അക്ഷയ് കുമാര്‍ അഭിനയിച്ചിരുന്നു. അതിന് തത്തുല്യമായ കാസ്റ്റിംഗാണ് സഞ്ജയ് ദത്തിലൂടെ ദളപതി 67 കൈവരിച്ചിരിക്കുന്നത്.
സൂപ്പര്‍ ഹിറ്റ് ചിത്രം മാസ്റ്ററിനുശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് കോ പ്രൊഡ്യൂസര്‍.
മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനുവേണ്ടി ആക്ഷന്‍ കോറിയോഗ്രാഫി ഒരുക്കുന്നത് അന്‍പറിവാണ്. അനിരുദ്ധാണ് സംഗീതസംവിധായകന്.
Recent Comments