സറീന വഹാബിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജീവ് ശിവന് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യാനൊരുങ്ങുന്നു. ഒരു ഹൊറര്‍ കോമഡി ചിത്രമായിരിക്കും ഇത്. ജൂണിലാണ് ചിത്രീകരണം പ്ലാന്‍ ചെയ്തെങ്കിലും അതിനുമുന്നേ ചിത്രീകരണം തുടങ്ങിയേക്കുമെന്ന് അറിയുന്നു. സോണി പിക്ച്ചേഴ്സാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
ചിത്രത്തില്‍ എണ്‍പത് വയസ്സുള്ള ഒരു മുത്തശ്ശിയായിട്ടാണ് സെറീന വേഷമിടുന്നത്. അവരുടെ ചുറ്റുപാടില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

ഇന്ത്യയിലെ പ്രശസ്തരായ ടെക്നീഷ്യന്മാരും സഞ്ജീവനൊപ്പം ചേരുന്നു. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്. ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍. അല്‍ഫോണ്‍സ് ജോസഫ് സംഗീതവും മനോജ് പിള്ള ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, മറാത്തി ഭാഷകളിലായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മമ്മൂട്ടി നായകനായ അപരിചിതനിലൂടെ മലയാളത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച സഞ്ജീവ് ശിവന് ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രം ഒഴുകിയൊഴുകിയൊഴുകി ആയിരുന്നു. മകന് സിദ്ധാന്ഷുവാണ് ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കൊല്‍ക്കത്ത അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. മോസ്കോ ചലച്ചിത്രമേളയിലേയ്ക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Recent Comments