ജാക്ക് എന്‍ ജില്ലിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ എല്ലാവരുടെയും സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചത് മഞ്ജുവാര്യരുടെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരുന്നു. വളരെ ഗ്രേസ്ഫുള്ളായിട്ടാണ് അവര്‍ ഫൈറ്റ് രംഗങ്ങള്‍ ചെയ്തിരിക്കുന്നത്. മൂന്ന് ഫൈറ്റുകളാണ് ചിത്രത്തിലുള്ളത്. അത് മൂന്നും മഞ്ജുവിന്റെ സോളോ ഫൈറ്റുകളാണ്.
‘ഉല്ലാസ് മോഹനാണ് ജാക്ക് എന്‍ ജില്ലിലെ ഫൈറ്റിനും ഗാനരംഗങ്ങള്‍ക്കും കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. കളരിയുടെ ഫ്ളേവറുകളാണ് ഫൈറ്റിന് ഉപയോഗിച്ചിരിക്കുന്നത്. അതിനായി മഞ്ജു കളരി പഠിച്ചു. ഉല്ലാസ് തന്നെയാണ് മഞ്ജുവിന് ഗുരുവായത്. ഷൂട്ടില്ലാത്ത സമയത്താണ് പരിശീലനം. ചില സമയം അത് രാവിലെ തുടങ്ങും. മറ്റു ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍. ഏഴ് ദിവസത്തോളം പരിശീലനം ചെയ്തു. അതിനുശേഷമാണ് ഫൈറ്റ് സ്വീക്കന്‍സുകള്‍ ഷൂട്ട് ചെയ്തത്. നല്ല മെയ്വഴക്കത്തോടെയാണ് മഞ്ജു ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത്. എവിടെയും ഡ്യൂപ്പ് ഉപയോഗിച്ചിട്ടില്ല. ക്യാമറയ്ക്ക് മുന്നിലെ അവരുടെ പ്രകടനം അത്ഭുതപ്പെടുത്തുന്നതായിരുന്നു.’ സന്തോഷ് ശിവന് കാന്‍ ചാനലിനോട് പറഞ്ഞു.
‘ഒരു ഫൈറ്റ് തുടങ്ങുന്നതിന് മുമ്പായിട്ടുള്ള സീനില്‍ മഞ്ജുവിന്റെ തലയ്ക്ക് അടിയേറ്റിരുന്നു. ഒരു കോ-ആക്ടറില്‍നിന്ന് സംഭവിച്ച പിഴവാണ്. നല്ല ചോര പൊടിയുന്നുണ്ടായിരുന്നു. പെട്ടെന്നുതന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. മൂന്ന് സ്റ്റിച്ചിടേണ്ടിവന്നു. അവിടുന്ന് നേരെ ലൊക്കേഷനിലേയ്ക്ക് വരാമെന്നാണ് മഞ്ജു പറഞ്ഞത്. ഞങ്ങള്‍ നിര്‍ബ്ബന്ധിച്ച് വിശ്രമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിറ്റേന്ന് ആ തുന്നലുംവച്ചാണ് മഞ്ജു ഫൈറ്റ് സീനില്‍ പങ്കെടുത്തത്. ജോലിയോടുള്ള അവരുടെ സമര്‍പ്പണത്തെ നമിക്കാതെവയ്യ.’ സന്തോഷ് ശിവന് പറഞ്ഞുനിര്‍ത്തി.
ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ജാക്ക് എന്‍ ജില് മെയ് 20 ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Recent Comments