ചെയ്ത സിനിമകളിലെല്ലാം സ്വന്തം കൈയ്യൊപ്പ് ചേര്‍ത്തുവച്ച സംവിധായകനാണ് മാധവ് രാമദാസന്. ആദ്യചിത്രം മേല്‍വിലാസം. പിന്നാലെ അപ്പോത്തിക്കിരി. ഏറ്റവും ഒടുവില്‍ ഇളയരാജ. പ്രേക്ഷകപ്രീതി മാത്രമല്ല കലാമൂല്യവും ഒരുപോലെ അവകാശപ്പെടുന്ന ചിത്രങ്ങള്‍. ദേശീയ സംസ്ഥാന ജൂറികള്‍ അംഗീകരിച്ച ചിത്രങ്ങള്‍.
മാധവ് രാമദാസന്റെ നാലാമത്തെ ചിത്രവും ഒരുങ്ങുന്നു. ഇത്തവണ തമിഴിലാണ് സംവിധാനം ചെയ്യുന്നത്. ശരത് കുമാറാണ് നായകന്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇന്നലെ ഉണ്ടായി.
ചെന്നൈയിലെ ശരത് കുമാറിന്റെ വീട്ടില്‍വച്ച് രാമദാസന്
ചിത്രത്തിന്റെ കഥ പറഞ്ഞു. ശരത് കുമാറിന് കഥ ഇഷ്ടമായി. ചെയ്യാമെന്ന വാക്കും നല്കി. തൊട്ടുപിന്നാലെ രാമദാസന് തന്റെ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഫെയ്സ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചു.
‘കടലിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ഇത്തവണ പറയുന്നത്. ശക്തമായ ഒരു അതിജീവന കഥ. മലയാളത്തില്‍ ചെയ്യണമെന്നും ആലോചിച്ചതാണ്. പക്ഷേ ബിഗ് കാന്‍വാസില്‍ പറയേണ്ട ഒരു ചിത്രമായതുകൊണ്ടുതന്നെയാണ് തമിഴിലേയ്ക്ക് എത്തിയത്. അധികം കഥാപാത്രങ്ങളൊന്നുമില്ല. എന്നാല്‍ മേക്കിംഗില്‍ ഏറ്റവും ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ട ഒരു ചിത്രമാണ്. മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും വൈകാതെ കണ്ടെത്തും.’ മാധവ് രാമദാസന് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments