‘ഇന്നത്തെ തലമുറ മോണിറ്ററില്‍ നോക്കിയാണ് തങ്ങളുടെ പ്രകടനം നന്നായോ എന്ന് വിലയിരുത്തുന്നത്. പണ്ടുകാലത്തും മോണിറ്ററുണ്ടായിരുന്നു. അത് പക്ഷേ ശശിയേട്ടന്റെ മുഖമായിരുന്നു. ഞാനോ മമ്മൂക്കയോ ലാലോ ഒരു ഷോട്ട് കഴിഞ്ഞാല്‍ ആദ്യം നോക്കുന്നത് ശശിയേട്ടന്റെ മുഖത്തേയ്ക്കായിരിക്കും. അപ്പോള്‍ അദ്ദേഹം വലത് കൈകൊണ്ട് തല ചൊറിഞ്ഞ് നില്ക്കുകയാണെങ്കില് ഒരു ടേക്ക് കൂടി വേണമെന്നാണര്ത്ഥം. അതല്ല, തല കുനിച്ച് ചെറുചിരിയോടെ കടന്നുപോയാല്‍ ഓക്കെയാണെന്നുമായിരുന്നു.’ പ്രഥമ ഐ.വി. ശശി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു സീമ.
സീമയ്ക്ക് പുരസ്കാരം സമ്മാനിച്ചത് മഞ്ജുവാര്യരായിരുന്നു. നേമം പുഷ്പരാജാണ് പുരസ്കാരം രൂപകല്‍പ്പന ചെയ്തത്. മിയ സീമയെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രശസ്തി പത്രം കൈമാറിയത് അന്ന ബെന്നുമായിരുന്നു.
‘മഞ്ജുവും മിയയും അന്നയുമൊക്കെ പറയുന്നത് കേട്ടു, തനിക്ക് അവാര്‍ഡ് നല്കാന് കഴിഞ്ഞത് അവരുടെ ഭാഗ്യമാണെന്ന്. സത്യത്തില്‍ ഞാനാണ് ഭാഗ്യം ചെയ്തത്. ഇവരെപ്പോലെ മിടുക്കരായ അഭിനേതാക്കളുടെ കൈയില്നിന്നാണല്ലോ പുരസ്കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത്. ഈ ദിവസം ഞാന്‍ മറക്കില്ല.’ സീമ പറഞ്ഞു.
‘സീമചേച്ചിയെ കാണുമ്പോഴെല്ലാം ഓര്‍ക്കുന്നൊരു ഡയലോഗുണ്ട്. ശശിയേട്ടന് ഭരണിയിലാണ്. ആ ഡയലോഗ് എപ്പോള്‍ കേട്ടാലും ചിരി വരും. തമാശയ്ക്കപ്പുറം ഞാന്‍ കരുതുന്നത് ശശിയേട്ടന്തന്നെ ഒരു മാജിക് ഭരണിയായിരുന്നുവെന്നാണ്. അതില്‍നിന്ന് എത്ര മികച്ച സിനിമകളാണ് നമുക്ക് ലഭിച്ചത്.’ സീമയ്ക്ക് ഉപഹാരം നല്‍കിക്കൊണ്ട് മഞ്ജു പറഞ്ഞു.
മികച്ച പുതുമുഖ നടിക്കുള്ള ഐ.വി. ശശി പുരസ്കാരം സ്വന്തമാക്കിയ അന്നാബെന്നിന് ബിജുമേനോന് ഉപഹാരം സമ്മാനിച്ചു. മികച്ച രണ്ടാമത്തെ നവാഗത സംവിധായകനുള്ള പുരസ്കാരം മധുപാലില്നിന്ന് മനു അശോകനും മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സിബിമലയില്നിന്ന് മാത്തുക്കുട്ടി സേവ്യറും ഏറ്റുവാങ്ങി. ഷോര്‍ട്ട് ഫിലിം ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണവും ഇതിനൊപ്പം നടന്നു.
ഫസ്റ്റ്ക്ലാപ്പിന്റെ ആഭിമുഖ്യത്തിലാണ് ‘ഉത്സവം’ എന്ന് പേരിട്ടിരുന്ന ഐ.വി. ശശി ഫിലിം അവാര്‍ഡ് നടന്നത്. എറണാകുളം ഫൈന്‍ ആര്‍ട്ട്സ് കോളേജായിരുന്നു വേദി. സംവിധായകന് ഷാജൂണ്‍ കാര്യാലിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. മധു ബാലകൃഷ്ണന്, സുദീപ് കുമാര്‍, അപര്‍ണ്ണ രാജീവ്, മൃദുല വാര്യര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച സംഗീത നിശയും ചടങ്ങിന് മാറ്റുകൂട്ടി.
Recent Comments