തന്റെ പുതിയ ചിത്രമായ മകളുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് സത്യന് അന്തിക്കാട് എറണാകുളത്തെത്തിയത്. എറണാകുളത്തെ ഒരു ഹോട്ടലിലായിരുന്നു താമസം. അവിടെയാണ് സത്യന്റെ മകനും സംവിധായകനുമായ അഖില്‍ സത്യനും താമസിച്ചിരുന്നത്. അഖില്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുതവിളക്കിന്റെ ഷൂട്ടിംഗും എറണാകുളത്ത് നടന്നുവരികയാണ്. തലേന്ന് നൈറ്റ് സീന്‍ ആയതിനാല്‍ രാത്രി വൈകിയാണ് അഖില്‍ ഹോട്ടലിലെത്തിയത്. അതുകൊണ്ട് അച്ഛനെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ലൊക്കേഷനിലേയ്ക്ക് തിരിക്കുകയും ചെയ്തു.
ഫഹദും ഇന്നസെന്റും മുകേഷുമൊക്കെ പങ്കെടുക്കുന്ന ഒരു നര്മ്മരംഗമാണ് അന്ന് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഷോട്ട് എടുക്കുന്നതിനിടെ ഈ രംഗം അച്ഛനെടുത്താന് നന്നാവുമെന്ന് സഹസംവിധായകരോട് അഖില്‍ പറയുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ സത്യന് അന്തിക്കാട് ലൊക്കേഷനിലെത്തി. ‘ഷൂട്ടിംഗ് കാണാന്‍ വന്നതല്ല, ലഞ്ച് കഴിക്കാന്‍ വന്നതാണെ’ന്ന് ചിരിയോടെ സത്യന് പറഞ്ഞു.
ഒരിക്കല്‍പോലും മക്കളുടെ സിനിമാകാര്യങ്ങളില് ഇടപെടുന്ന ആളല്ല സത്യന്. അവരെ അവരുടെ വഴിക്ക് വിടുന്നതാണ് അദ്ദേഹത്തിന്റെ രീതി. എന്നാല്‍ സത്യന് സിനിമകളിലെ പതിവ് സാന്നിദ്ധ്യക്കാര് എല്ലാം ആ ലൊക്കേഷനിലുമുണ്ടായിരുന്നു. മേക്കപ്പ്മാന് പാണ്ഡ്യന്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മോമി, നിര്‍മ്മാതാവ് സേതു മണര്‍കാട്, താരങ്ങളായ ഫഹദ്, ഇന്നസെന്റ്, മുകേഷ്. ഇവരെയൊക്കെ കാണാനും കുശലാന്വേഷണം നടത്താനും സത്യന് സമയം കണ്ടെത്തി. ഫഹദിനെ ആശ്ലേഷിച്ചാണ് സത്യന് സ്വീകരിച്ചത്. ഉച്ചഭക്ഷണം കഴിച്ചതിനുപിന്നാലെ സത്യന് അവിടുന്ന് യാത്രപറഞ്ഞ് ഇറങ്ങുകയും ചെയ്തു.
Recent Comments