തമിഴ് താരം സത്യരാജ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബയോപിക് ചിത്രത്തില്‍ അഭിനയിക്കും എന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വന്നത്. ട്രാക്കറായ രമേശ് ബാലയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
2019 ല്‍ നടന് വിവേക് ഒബ്റോയി നായകനായി നരേന്ദ്രമോദിയുടെ ഒരു ബയോപിക് ചിത്രം എത്തിയിരുന്നു. എന്നാല്‍ ചിത്രം വന്‍ പരാജയമായിരുന്നു. പുതിയ ചിത്രം ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണോ എന്ന തരത്തില്‍ കോളിവുഡില്‍ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ സത്യരാജിന്റെ പ്രതികരണം എന്താണെന്നാണ് കോളിവുഡ് ഉറ്റുനോക്കുന്നത്.
അവസാനം ദിനമലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപികില്‍ അഭിനയിക്കും എന്ന വാര്‍ത്ത സത്യരാജ് നിഷേധിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു ചിത്രത്തെ സംബന്ധിച്ച് ഞാന്‍ ഒന്നും അറിഞ്ഞില്ലെന്നാണ് താരം പറയുന്നത്.
‘മുമ്പ് ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്റെ മെഴുക് പ്രതിമ വച്ചു എന്ന നിലയിലായിരുന്നു. അന്ന് ഞാന്‍ തിരിച്ച് ചോദിച്ചത് എന്റെ അളവ് എടുക്കാതെ എങ്ങനെ എന്റെ പ്രതിമ നിര്‍മ്മിക്കും എന്നാണ്. അതോടെ ആ വാര്‍ത്ത അപ്രത്യക്ഷമായി. ഇതും അതുപോലെയാണ്. ഞാന്‍ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാന്‍ സാധിക്കും’ എന്നാണ് സത്യരാജ് ചോദിക്കുന്നത്.
താരത്തിന്റെ മറുപടിയോടെ സത്യരാജ് മോദിയാകുന്നു എന്ന വാര്‍ത്തയ്ക്ക് അവസാനം വന്നിരിക്കുന്നുവെന്നാണ് കോടമ്പക്കത്തെ സംസാരം.
Recent Comments