വന്ദനം, ധീം തരികിട തോം, കൗതുക വാര്‍ത്തകള്‍, ഈ പറക്കും തളിക തുടങ്ങിയ കോമഡി ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ? തമാശയാണ് വിഷാദം അഥവാ ദുഃഖത്തിനുള്ള മറുമരുന്ന് എന്ന് ശാസ്ത്രീയമായി വരെ പറയാറുണ്ട് (ലാഫ്റ്റര്‍ തെറാപ്പി). എന്നാല്‍ ആ ദുഃഖത്തിന്റെ അനന്തര ക്രിയയായ ആത്മഹത്യ, എക്കാലത്തെയും മികച്ച തമാശകള്‍ സൃഷ്ടിച്ച വ്യക്തി തന്നെ ചെയ്താലോ?
അതെ. മേല്‍ പറഞ്ഞ സിനിമകളുടെയെല്ലാം തിരക്കഥാകൃത്തായ വി.ആര്. ഗോപാലകൃഷ്ണന് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. അദ്ദേഹം ഓര്‍മ്മയായിട്ട് ഇന്ന് കൃത്യം 8 വര്‍ഷം തികയുകയാണ്. അന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രത്യക്ഷ കാരണങ്ങള്‍ ഒന്നും തന്നെയില്ലാത്ത അപ്രതീക്ഷിതമായ ഒരു ആത്മഹത്യ.
പ്രത്യേകിച്ച് വന്ദനം, ഈ പറക്കും തളികയിലെ കോമഡികള്‍, ഒരു ആയുഷ്ക്കാലം മുഴുവന്‍ ചിരിക്കാനുള്ള ചിരിമരുന്ന് അതിലുണ്ട്. ഈ രംഗങ്ങളില്‍ അഭിനയിച്ച നടന്മാരെ പ്രേക്ഷകര്‍ വീണ്ടും വീണ്ടും ഓര്‍ക്കാറുണ്ട്. നടന്മാരുടെ ഇന്നത്തെ അഭിമുഖങ്ങളില്‍ പോലും ആ സീനുകളെ കുറിച്ച് ചോദ്യങ്ങള്‍ വരാറുണ്ട്. എന്നാല്‍ അത് എഴുതി നിര്‍മ്മിച്ച തിരക്കഥാകൃത്തിനെ ആരും അറിയുന്നില്ല അഥവാ ഓര്‍ക്കുന്നില്ല.
അവര്‍ ഓര്‍മ്മയുടെ അവസാന പടിക്കെട്ടിലും സ്ഥാനമില്ലാതെ വിസ്മൃതിയുടെ കയങ്ങളില്‍ മുങ്ങി താഴുന്നു. ഈ ജനുവരി 11 ഉം ഗോപാലകൃഷ്ണനെ ഓര്‍ക്കാതെ കടന്നുപോകും. എന്നാല്‍ ഗോപാലകൃഷ്ണന് പകരം ഒരു നടന്റെ ചരമ ദിനമായിരുന്നെങ്കില്‍ സിനിമ സമൂഹം കരഞ്ഞ് കൊണ്ടൊരു ഖണ്ഡകാവ്യം രചിക്കുമായിരുന്നു. എന്തിനേറെ പറയുന്നു ഇന്നത്തെ ഏതെങ്കിലും ഒരു സിനിമയില്‍ അര സീനില്‍ മുഖം കാണിച്ച നടിക്ക് വരെ പിറ്റേ ദിവസം മുതല്‍ ഉദ്ഘാടനങ്ങളുടെ ഘോഷയാത്രയാണ്. ഇത് ഒരു തിരക്കഥാകൃത്തിന്റെ മാത്രം അവസ്ഥയല്ല, നടന്മാരല്ലാത്ത എല്ലാ പ്രതിഭ തെളിയിച്ച കലാകാരന്മാരുടെയും ദുര്‍വിധിയാണ്.
അനുഭവങ്ങളുടെ കീറ ചാക്ക് മുതുകില്‍ പേറി നടക്കുന്നവനാണ് കലാകാരന് എന്നാണ് പൊതു ധാരണ. എന്നാല്‍ ജീവിത തന്മാത്രകളുടെ രസതന്ത്രത്തെ വീക്ഷിക്കുകയും അടുത്ത് അറിയുകയും ചെയ്യുന്നവന് മാത്രമേ നല്ലൊരു തിരക്കഥയെഴുതാന്‍ കഴിയുകയുള്ളു. തിരക്കഥ എന്ന് മാത്രമല്ല ഏതൊരു മികച്ച കലാസൃഷ്ടിയുടെയും അസംസ്കൃത വസ്തു വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമാണ്. ആത്മഹത്യ ചെയ്ത ആദ്യ കലാകാരനോ എഴുത്തുകാരനോ അല്ലെങ്കിലും, ജീവിതത്തിലെ സര്‍ഗാത്മകതയെ അറിഞ്ഞിരുന്ന ഗോപാലകൃഷ്ണന്റെ ആത്മഹത്യ ഒരു നൊമ്പരം ബാക്കി വെക്കുന്നു.
കോളേജ് ബാച്ച്മേറ്റായിരുന്ന പ്രിയദര്‍ശന്റെ സ്ഥിരം അസോസിയേറ്റ് എന്നതാണ് ആദ്യ കാലങ്ങളില്‍ ഗോപാലകൃഷ്ണന്റെ സിനിമ മേല്‍വിലാസം. പ്രിയന് തന്നെയാണ് സ്ക്രിപ്റ്റ് എഴുതാന്‍ പേന ഏല്‍പ്പിച്ചതും. അതില്‍ അതീവ ഗൗരവം നിറഞ്ഞ ചെപ്പ് എന്ന സിനിമയും ഉള്‍പ്പെടും. അക്കരെയക്കരെയക്കരെക്ക് ശേഷമാണ് പ്രിയന്റെ കളരി ഗോപാലകൃഷ്ണന് വിടുന്നത്.
കാക്കത്തൊള്ളായിരം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ഗോപാലകൃഷ്ണന് സ്വതന്ത്ര സംവിധായകനാകുന്നത്. തുടര്‍ന്ന് ഭാര്യ, കാഴ്ചയ്ക്കപ്പുറം എന്നീ സിനിമകള്‍ കൂടി അദ്ദേഹം സംവിധാനം ചെയ്തു. രാജസേനന് ചിത്രമായ കഥാനായകനില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് എക്കാലത്തെയും ഹിറ്റ് ചിത്രമായ പറക്കും തളികയ്ക്കും സ്ക്രിപ്റ്റ് എഴുതി.
8 വര്‍ഷം മുമ്പ് വിട വാങ്ങിയ ഈ ബഹുമുഖ പ്രതിഭയ്ക്ക് സ്മാരണാഞ്ജലികള്.
Recent Comments