പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു സംവിധായകനാകുന്നു. തീര്‍ത്തും പുതുമുഖങ്ങളെ അണിനിരത്തി ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ തുടക്കമാകും. സുരേഷ് ബാബുവും ഉണ്ണി രവീന്ദ്രനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ജനത മോഷന്‍ പിക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് നിര്‍മ്മാണക്കമ്പനിയുടെ പേര്. ഈ ബാനറില്‍ ആറ് ചിത്രങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ രണ്ടു ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനും സുരേഷ്ബാബു തന്നെയാണ്. ഭദ്രന്, ടിനു പാപ്പച്ചൻ, തരുണ്‍ മൂര്‍ത്തി, രതീഷ് കെ.രാജൻ എന്നിവരാണ് മറ്റു ചിത്രങ്ങളുടെ സംവിധായകര്‍. ഈ ആറ് ചിത്രങ്ങളുടെയും ഔദ്യോഗിക പ്രഖ്യാപനം ജനുവരി 5 ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍വച്ച് മോഹന്‍ലാല്‍ നിര്‍വ്വഹിക്കും.
‘കുറേകാലമായി മനസ്സിലുള്ള ആഗ്രഹമാണ്. ഇപ്പോഴാണ് അത് യാഥാര്‍ത്ഥ്യമായത്. ഒരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ സ്വന്തം ബാനറില്തന്നെയായിരിക്കണമെന്നും തീരുമാനിച്ചിരുന്നു. എന്റെ കസിന് ബ്രദറാണ് ഉണ്ണി രവീന്ദ്രന്. കൊല്‍ക്കത്തയാണ് ഉണ്ണിയുടെ പ്രവര്‍ത്തനമണ്ഡലം. ജനത മോഷന്‍ പിക്ച്ചേഴ്സിന്റെ കോര്‍പ്പറേറ്റ് ഓഫീസും കൊല്‍ക്കത്തയിലാണ്.’ സുരേഷ് ബാബു കാന്‍ ചാനലിനോട് പറഞ്ഞു.
‘ഞങ്ങളുടെ നാട്ടിലുള്ള പ്രശസ്തമായ ഒരു സിനിമാ കൊട്ടകയാണ് ജനതാ ടാക്കീസ്. സിനിമയെ സ്വപ്നം കാണാന്‍ ഞങ്ങളെ പഠിപ്പിച്ചത് ആ കൊട്ടകയാണ്. ഞങ്ങളുടെ കമ്പനിയുടെ പേരും അതായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ആ പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് ജനത മോഷന്‍ പിക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കിയത്. കണ്ടന്റുള്ള സിനിമകള്‍ നിര്‍മ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനിണങ്ങുന്ന താരങ്ങള്‍ രണ്ടാമത്തെ ചോയ്സ് മാത്രമാണ്. ഞങ്ങളുടെ നിര്‍മ്മാണ കമ്പനിയെ സംബന്ധിച്ച് തുടക്കം മുതലുള്ള കാര്യങ്ങള്‍ ലാലേട്ടനെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആശിര്‍വാദത്തോടെയാണ് ഈ മഹാസംരംഭം തുടങ്ങുന്നതും.’ സുരേഷ് ബാബു തുടര്‍ന്നു.
‘അന്ന് നടക്കുന്ന ചടങ്ങില്‍വച്ച് പോയവര്‍ഷങ്ങളില്‍ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത ഇലവീഴാപൂഞ്ചിറയുടെ സംവിധായകന് ഷാഹി കബീര്‍, ആവാസ വ്യൂഹത്തിന്റെ സംവിധായകന് ക്രഷാന്ദ്, മഹാവീര്യറിന്റെ സംവിധായകന് എബ്രിഡ് ഷൈന്‍, അനുരാഗ് എഞ്ചിനീയറിംഗ് വർക്ക് സ് എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകൻ കിരൺ ജോസി എന്നിവരെയും ആദരിക്കുന്നു.’ സുരേഷ് ബാബു പറഞ്ഞുനിര്‍ത്തി.
Recent Comments