സീറ്റ് ക്ഷാമത്തിനിടയില്‍ മലബാറില്‍ മേഖലയില്‍ സീറ്റ് വില്പനയെന്ന് ആരോപണം. എസ്എസ്എല്‍സി പരീക്ഷ പാസായ മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പഠിക്കാന്‍ സീറ്റില്ലെന്ന പ്രതിസന്ധി നിലനില്‍ക്കെയാണ് മലബാറില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക മുതലെടുത്ത് സീറ്റ് കച്ചവടം തകൃതിയായി നടക്കുന്നത്. മുപ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് മാനേജ്മെന്റ് സീറ്റുകളിലേക്ക് സ്കൂള്‍ അധികൃതര്‍ കോഴ വാങ്ങുന്നത്. സീറ്റുറപ്പിക്കാന്‍ മാനേജ്മെന്റുകള്‍ക്കായി ഇട നിലക്കാരും രംഗത്തുണ്ട്. പ്ലസ് വണ്‍ സീറ്റിലേക്കുള്ള അലോട്ട്മെന്റ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നതിനിടെയാണ് സീറ്റ് വില്പന എന്നതും ശ്രദ്ധേയമാണ്.
ഇതിനകം തന്നെ പല എയ്ഡഡ് സ്കൂളിലെയും മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അഡ്മിഷന് പൂര്‍ത്തിയായതായാണ് വിവരം. ഇഷ്ട്ടപ്പെട്ട കോഴ്സും സ്കൂളും ഉറപ്പാക്കാന്‍ വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റ് സീറ്റില്‍ അഭയം തേടുന്നത്. സീറ്റ് ക്ഷാമം രൂക്ഷമായി നിലനില്‍ക്കെ അലോട്ട്മെന്റ് മെറിറ്റിലൂടെ സീറ്റ് ലഭിക്കില്ലേ എന്ന ആശങ്കയും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ട്. ഈ ആശങ്കയാണ് സ്കൂള്‍ അധികൃതര്‍ കച്ചവടമാക്കുന്നത്. നിലവില്‍ മലപ്പുറം ജില്ലയില്‍ മാത്രം സര്‍ക്കാര്‍, എയ്ഡഡ് സീറ്റുകളുടെ എണ്ണത്തില്‍ 25000 സീറ്റുകളുടെ കുറവുണ്ട്. അതെ സമയം സീറ്റ് ക്ഷാമമുള്ള വിദ്യഭ്യാസ ജില്ലകളില്‍ ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമര രംഗത്തുണ്ട്. മുഴവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവര്‍ക്കു പോലും പ്ലസ് വണ്‍ അഡ്മിഷന് ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
Recent Comments