നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു ഒക്ടോബര്‍ 7 നാണ് പുലിമുരുകന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യ ഷോ കണ്ടിറങ്ങുമ്പോള്‍തന്നെ ഒരു മഹാവിജയം പുലിമുരുകന് മേല്‍ കുറിക്കപ്പെട്ടിരുന്നു. അപ്പോള്‍പോലും നൂറു കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യത്തെ മലയാള സിനിമയായി അത് മാറുമെന്ന് അതിന്റെ അണിയറപ്രവര്ത്തകര്പോലും പ്രതീക്ഷിച്ചിരുന്നില്ല.
പുലിമുരുകന്റെ വിജയാഘോഷങ്ങള്‍ക്ക് നാല് വയസ്സ് പിന്നിടുന്ന പശ്ചാത്തലത്തിലാണ് സംവിധായകന് വൈശാഖിനെ ഫോണില്‍ വിളിച്ചത്. റിംഗ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല. പിന്നാലെ തിരക്കഥാകൃത്ത് ഉദയകൃഷ്ണനെ വിളിച്ചു. ഉദയനപ്പോള്‍ എറണാകുളത്തെ വീട്ടിലായിരുന്നു.
‘തീര്‍ത്തും നിസ്സഹായനായി നിന്ന ഒരു ഘട്ടത്തിലാണ് പുലിമുരുകന് സംഭവിക്കുന്നത്.’ ആമുഖത്തോടെ ഉദയന്‍ തുടങ്ങി.
ഞാനും സിബിയും (സിബി കെ. തോമസ്) തിരക്കഥ എഴുതിയ മര്യാദരാമന് തീയേറ്ററുകളില്‍ പരാജയമായിരുന്നു. അതിനു പിന്നാലെയാണ് ഞങ്ങള്‍ താല്‍ക്കാലികമായി പിരിയാന്‍ തീരുമാനിക്കുന്നത്. സിബി സംവിധാന രംഗത്തേക്കും ഞാന്‍ എഴുത്തിലേക്കുമായി തിരിയുന്നു.
ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന സമയം. കുടുംബത്തോടൊപ്പം ഒരു യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു. മംഗലാപുരം, ഉഡുപ്പി, ഗോവ, മൂകാംബിക അങ്ങനെ ഒരു പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍.
മൂകാംബികയിലെത്തി അമ്മയെ കണ്ട് തൊഴുത് മടങ്ങുന്ന സമയം. അപ്പോഴാണ് വൈശാഖിന്റെ ഫോണ്‍ വരുന്നത്. വൈശാഖ് അന്ന് കാസര്‍ഗോഡ് ഉണ്ട്. വൈശാഖിന്റെ കുടുംബവീട് അവിടെയാണ്. വരുന്ന വഴി അവിടെ ഇറങ്ങാന്‍ വൈശാഖ് പറഞ്ഞു.
അങ്ങനെ രണ്ടു ദിവസം വൈശാഖിന്റെ അതിഥികളായി ഞങ്ങള്‍ അവിടെ കഴിഞ്ഞു.
വൈശാഖും ദുഃഖിതനായിരുന്നു. കാരണം ഏറ്റവും ഒടുവിലായി ഇറങ്ങിയ കസിന്‍സ് വേണ്ടതുപോലെ ശ്രദ്ധിക്കപ്പെട്ടില്ല. ഇനി എന്ത് ചെയ്യണമെന്ന ആശങ്ക വൈശാഖിനുമുണ്ടായിരുന്നു.
അപ്പോഴാണ് തീര്‍ത്തും ആകസ്മികമായി ടോമിച്ചന് മുളകുപാടത്തിന്റെ ഫോണ്‍കോള്‍ എത്തുന്നത്. ഫോണ്‍ എടുത്തപാടെ അദ്ദേഹം പറഞ്ഞത്, ‘നമുക്ക് വീണ്ടും ഒരു പടം ചെയ്യണ്ടേ എന്നാണ്. പോക്കിരിരാജയ്ക്കുശേഷം വൈശാഖും ഉദയനും ഞാനും ഒന്നിക്കുന്ന ചിത്രം.’
അതൊരു അസാധാരണ നിമിഷമായിരുന്നു. ആശയറ്റ് നില്ക്കുന്നവന്റെ അടുക്കലേയ്ക്ക് ദൈവം ഓരോരോരോ രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് കേട്ടിട്ടുണ്ട്. അതാണവിടെ സംഭവിച്ചത്.
എന്റെ കൈയിലൊരു കഥയുണ്ടായിരുന്നു. മുമ്പ് ലാലേട്ടനോട് പറഞ്ഞതാണ്. ഇതേ പുലിമുരുകന്റെ കഥ. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടതുമാണ്. ബഡ്ജറ്റ് വേണ്ട പടമാണ്. അതുകൊണ്ട് തല്ക്കാലം ആ പ്രോജക്ട് ഉദ്ദേശിച്ചപോലെ മുന്നോട്ട് പോയില്ല.
ഈ വിവരം വൈശാഖ് ടോമിച്ചനോട് പറഞ്ഞു.
‘ഞാന്‍ രണ്ട് ടിക്കറ്റ് ഇടാം. നിങ്ങള്‍ അബുദാബിയിലേക്ക് വരൂ.’ ടോമിച്ചന്റെ മറുപടി അതായിരുന്നു.
അവിടുന്നാണ് പുലിമുരുകനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. നൂറു കോടി ക്ലബ്ബില്‍ എത്തിയ ആദ്യ മലയാളചിത്രമെന്ന ഖ്യാതിയോടെ ആ യാത്ര ഇന്നും തുടരുന്നു.
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഉദയന്‍ പറഞ്ഞു. ‘എന്റെ മുന്നില്‍ ഒരാള്‍ വന്ന് നില്‍പ്പുണ്ട്. തൊഴുകൈകളോടെ. ഞാനെന്ത് പറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് അന്വേഷിക്കുന്നത്. വൈശാഖാണ്. ഞാന്‍ ഫോണ്‍ കൊടുക്കാം.’
വൈശാഖിന്റെ ശബ്ദം ഫോണിലൂടെ മുഴങ്ങുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു.
‘രണ്ടുതവണ വിളിച്ചിരുന്നു. കിട്ടിയില്ല.’
‘ഞാന്‍ വണ്ടി ഓടിക്കുകയായിരുന്നു. ഉദയേട്ടന്റെ അടുക്കലേക്ക് വരാനായി.’ വൈശാഖ് പറഞ്ഞു.
പുലിമുരുകന് രണ്ടാംഭാഗം ഉണ്ടാകുമോ? ആമുഖങ്ങളില്ലാത്ത ചോദ്യം വൈശാഖിനെ തെല്ലും ഉലച്ചില്ല. അദ്ദേഹം പറഞ്ഞു.
‘പലരും ആവശ്യപ്പെടുന്നുണ്ട്. പലരും ആഗ്രഹിക്കുന്നുണ്ട്. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ പുലിമുരുകന് രണ്ടാംഭാഗമുണ്ടാകും.’
സിനിമയെ സംബന്ധിച്ചിടത്തോളം ഒന്നും പ്രവചനാതീതമല്ല. ചിലത് നടക്കും ചിലത് നടക്കില്ല. ഒരൊറ്റ ഫോണ്‍കോളാണ് വൈശാഖിന്റെയും ഉദയന്റെയും സിനിമാജീവിതത്തെ മാറ്റിമറിച്ചതെങ്കില് വീണ്ടും അതുപോലൊരു തീരുമാനത്തിന് കളമൊരുക്കാന്‍ ഒരാള്‍ എവിടെയോ കാത്തിരിക്കുന്നുണ്ടാകും.
Recent Comments