ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരിവില്ലിന് ഗോപുരങ്ങള്‍. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന് അരുണ്‍ ബോസ്.
ചിത്രത്തിന് സമ്മര്‍ ഇന്‍ ബത്ലഹേമുമായുള്ള ബന്ധം?
സമ്മര്‍ ഇന്‍ ബത്ലഹേമുമായി ചിത്രത്തിന് നേരിട്ട് ബന്ധമൊന്നുമില്ല. വളരെ ആഘോഷത്തിന്റെ സ്വഭാവമുള്ള സിനിമയാണ് മാരിവില്ലിന് ഗോപുരങ്ങള്‍. ആഘോഷങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ് സമ്മര്‍ ഇന്‍ ബത്ലഹേമിലെ പാട്ടും. അതാണ് ഈ പേര് തിരഞ്ഞെടുക്കാനുള്ള ഒരു കാരണം. കോക്കേഴ്സ് നിര്‍മിക്കുകയും വിദ്യാസാഗര്‍ സംഗീതം ചെയ്യുന്നത് കൊണ്ടും പ്രേക്ഷകര്‍ സ്വഭാവികമായി സമ്മര്‍ ഇന്‍ ബത്ലഹേമിനെ കുറിച്ച് ഓര്‍മിച്ച് പോകും. മാരിവില്ല് പോലെ പല നിറങ്ങളും പല സ്വഭാവങ്ങളുമുള്ള വ്യക്തികള്‍. അവര്‍ ചേരുമ്പോള്‍ മഴവില്ല് പോലെ സുന്ദരമായ ആഘോഷത്തിന്റെ സ്വഭാവുമുള്ള സിനിമ, അതാണ് മാരിവില്ലിന് ഗോപുരങ്ങള്‍.
നാടന്‍ കഥാപാത്രങ്ങള്‍ ചെയ്തിരുന്ന നടി വിന്‍സി അലോഷ്യസ് ഇതില്‍ ഒരു മോഡേണ്‍ കഥാപാത്രത്തെയാണല്ലോ അവതരിപ്പിക്കുന്നത്. എങ്ങനെയാണ് വിന്‍സിയിലേക്ക് എത്തിയത്?
ചിത്രത്തില്‍ നാല് കേന്ദ്ര കഥാപാത്രങ്ങളാണ് ഉള്ളത്. ഇതില്‍ ബാക്കി മൂന്ന് പേരിലും ഒരു കാറ്റലിസ്റ്റ് (catalyst) പോലെ പ്രവര്‍ത്തിക്കുന്ന കഥാപാത്രമാണ് വിന്‍സി അവതരിപ്പിക്കുന്ന മീനാക്ഷി. അതുകൊണ്ട് തന്നെ വൈബ്രന്റായിട്ടുള്ള, ആളുകളെ രസിപ്പിക്കുന്ന നടി തന്നെ ആ കഥാപാത്രം അഭിനയിക്കണം എന്നുണ്ടായിരുന്നു. വിന്‍സി ഇതിനെല്ലാം മാച്ചാകുന്ന നടിയാണ്. എല്ലാ റേഞ്ചിലും അഭിനയിക്കാന്‍ വിന്‍സിക്ക് കഴിവുണ്ട്. വിന്‍സിയെ മീറ്റ് ചെയ്ത് കഥ പറഞ്ഞപ്പോള്‍ തന്നെ വൈബ്രന്റായിട്ടുള്ള നേച്ചര്‍ ഞങ്ങള്‍ക്ക് പിടി കിട്ടിയിരുന്നു. തിരക്കഥ വായിക്കുമ്പോള്‍ തന്നെ തമാശ രംഗങ്ങളില്‍ വിന്‍സി ചിരിക്കുകയും ഇമോഷണല്‍ രംഗങ്ങളില്‍ കരയുകയും ചെയ്തിരുന്നു. നല്ലൊരു ആര്‍ട്ടിസ്റ്റായത് കാരണം ലുക്ക് മാത്രം മാറ്റിയെടുത്താല്‍ വിന്‍സി കഥാപാത്രത്തിന് ആപ്റ്റാണെന്ന് തോന്നി. അന്നയും റസൂലിലും അന്ഡ്രിയെ ഒരു കൊച്ചിക്കാരിയായി മാറ്റിയത് പോലെ ഒരു പരീക്ഷണമായിരുന്നു ഇതും. ആ പരീക്ഷണം സിനിമയില്‍ നന്നായി വരുകയും ചെയ്തു.
താരതമ്യേന സീനിയറായ ഇന്ദ്രജിത്തിന്റെ സാന്നിധ്യം?
എനിക്ക് രണ്ട് സഹോദരന്മാര് തമ്മിലുള്ള കഥ പറയണമെന്നുണ്ടായിരുന്നു. അതില്‍ ചേട്ടന് കഥാപാത്രം ചെയ്യുന്നതിന് ഇന്ദ്രേട്ടനെ പോലെ മെച്ച്വറായിട്ടുള്ള ഒരാള്‍ വേണമായിരുന്നു. നഗരത്തിലുള്ള ദമ്പതിമാരായ ഇന്ദ്രേട്ടന്റെയും ശ്രുതിയുടെയും ജീവിതത്തിലേക്ക് അനിയനായ സര്‍ജാനോയും ഗേള്‍ഫ്രണ്ടായ വിന്‍സിയും കടന്നുവരുന്നതാണ് കഥയുടെ ഇതിവൃത്തം. അപ്പോള്‍ അനിയനും ചേട്ടനും തമ്മില്‍ ഒരു കോണ്ട്രാസ്റ്റ് ഫീല്‍ ചെയ്യണമായിരുന്നു. അതോടൊപ്പം അവര്‍ തമ്മില്‍ ഒരു കെമിസ്ട്രിയും വേണം. ആ കോണ്ട്രാസ്റ്റും കൂടി മനസ്സില്‍ കണ്ടാണ് ഇന്ദ്രേട്ടനെ കാസ്റ്റ് ചെയ്തത്.
നേരത്തെ മനസ്സില്‍ കണ്ട് വിദ്യാസാഗര്‍ എന്ന സംഗീത സംവിധായകനിലേക്ക് എത്തിയതാണോ?
കോക്കേഴ്സ് ഈ ചിത്രം നിര്‍മിക്കാം എന്ന് തീരുമാനിച്ചപ്പോള്‍, ഞാന്‍ സംഗീതം വിദ്യാജി ആയാലോ എന്നൊരു അഭിപ്രായം പങ്കുവെച്ചു. കോക്കേഴ്സും വിദ്യാജിയും വളരെ കണക്റ്റടാണ്. സിയാദിക്ക ഉടന്‍ തന്നെ ഓക്കെ പറഞ്ഞു. ചിത്രം ഒരു അര്‍ബന്‍ ഡ്രാമയാണ്, അപ്പോള്‍ സ്ഥിരം കേള്‍ക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി വിദ്യാജിയെ പോലെ പരിചയ സമ്പത്തുള്ളയാള്‍ സംഗീതം നല്കിയാല് വെറൈറ്റിയായിരിക്കുമെന്ന് തോന്നി. പിന്നെ ചെറുപ്പം മുതല്‍ ഞാന്‍ ഒരു വിദ്യാജി ആരാധകനാണ്. ഇപ്പോഴും എന്റെ ഫോണിലെ റിങ്ങ്റ്റോണ്‍ പ്രണയവര്‍ണ്ണങ്ങളിലെ പാട്ടാണ്. നാല് ദിവസം വിദ്യാജിയുടെ കൂടെയിരുന്നാണ് പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയത്. അദ്ദേഹം കഥയും പാട്ടിന്റെ സന്ദര്‍ഭങ്ങളുമൊക്കെ വളരെയധികം മനസ്സിലാക്കിയാണ് കമ്പോസ് ചെയ്തത്. വിദ്യാജിയുമൊത്ത് വളരെ നല്ല അനുഭവമായിരുന്നു.
ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍?
റിലീസ് ഡേറ്റ് ഫൈനലൈസ് ചെയ്തിട്ടില്ല. പടത്തിന്റെ ഫസ്റ്റ് കോപ്പി റെഡിയാണ്. ഒന്നുരണ്ട് മാസത്തിനുള്ളില്‍ റിലീസ് ഉണ്ടാകും. ഇത് രസകരമായ സിനിമയാണ്. ലൂക്ക ഒരു ഇമോഷണല്‍ ഡ്രാമയായിരുന്നു. ലൂക്ക ചെയ്തതിന് ശേഷം ടോട്ടലി വ്യത്യസ്തമായി എല്ലാവരെയും രസിപ്പിക്കുന്ന ഒരു ചിത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതാണ് ഞാന്‍ മാരിവില്ലിന് ഗോപുരങ്ങളിലൂടെ ഉദ്ദേശിക്കുന്നതും. പുറത്തിറങ്ങിയ ടീസറില്‍ കാണുന്നത് തന്നെയായിരിക്കും ചിത്രത്തിന്റെയും ഒരു മൂഡ്. വീണ്ടും വീണ്ടും ആളുകള്‍ക്ക് കാണാന്‍ ആഗ്രഹം തോന്നുന്ന ഒരു സിനിമയായിരിക്കും മാരിവില്ലിന് ഗോപുരങ്ങള്‍.
മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച വിദ്യാസഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. പ്രമോദ് മോഹന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. കോക്കേഴ്സ് മീഡിയ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്.
Recent Comments