മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബി.ആര്.പി ഭാസ്കര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചുവെങ്കിലും എഴുത്തും വായനയും സജീവമായി തുടര്‍ന്നു. ഭാര്യ രമ ഭാസ്കറിന്റെ നിര്യാണത്തെത്തുടര്‍ന്ന് കടുത്ത ഏകാന്തതയിലായിരുന്ന ബി.ആര്.പി. ഭാസ്കര്‍ കേരളം വയോജന സൗഹാര്‍ദ്ദമല്ല എന്ന് അഭിപ്രായപ്പെടുകയും അഡയറാലില് കുറച്ച് ഡോക്ടര്‍മാര്‍ നടത്തിവരുന്ന വയോജനസൗഹാര്ദ്ദകേന്ദ്രത്തിലേയ്ക്ക് താമസം മാറുകയും ചെയ്തിരുന്നു. കുറച്ചു മാസങ്ങള്‍ക്കുശേഷം തിരുവനന്തപുരത്തേയ്ക്ക് തന്നെ തിരിച്ചുവരികയായിരുന്നു.
കൊല്ലം കായിക്കരയില്‍ 1932 മാര്‍ച്ച് 12 ന് ജനിച്ച ബി.ആര്.പി.യുടെ ഭാവിയെ നിര്‍ണ്ണയിച്ചതില്‍ പിതാവ് എ.കെ. ഭാസ്കറിന്റെ പത്രാധിപത്യത്തിലുള്ള ‘നവഭാരത’ത്തിന് വലിയ പങ്കുണ്ടായിരുന്നു. നവഭാരതത്തില്‍ പത്രാധിപരറിയാതെ അപരനാമത്തില്‍ ലേഖനങ്ങളെഴുതിക്കൊണ്ടായിരുന്നു എഴുത്തുകളരിയില്‍ ബി.ആര്.പി. തന്റെ അഭ്യാസം ആരംഭിച്ചത്. ഇരുപതാം വയസ്സില്‍ ദ ഹിന്ദു പത്രത്തില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി. ഒന്നര പതിറ്റാണ്ടുകാലം ദ ഹിന്ദുവിലും സ്റ്റേറ്റ് സ്മാനിലും പാട്രിയറ്റിലും വിമര്‍ശനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ബി.ആര്.പി. ബൈലാനുകളുടെയും തുടര്‍ച്ചകളുണ്ടായി. പിന്നീട് ദേശീയ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയില്‍ ചേരുകയും കൊല്‍ക്കത്തയിലും കാശ്മീരിലും ബ്യൂറോ ചീഫായി. 1991 അദ്ദേഹം പത്രപ്രവര്‍ത്തനത്തില്‍നിന്നും വിമരിച്ചു.
Recent Comments