തമിഴ് സിനിമയിലെ അറിയപ്പെടുന്ന നിര്‍മ്മാതാവാണ് കെ. രാജന്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഇതിനുമുമ്പും വിവാദമായിട്ടുണ്ട്. പ്രത്യേകിച്ചും താരങ്ങളെക്കുറിച്ചാകുമ്പോള്‍ വിവാദം പെട്ടെന്ന് ചൂടുപിടിക്കുകയും ചെയ്യും.
ഇപ്പോഴിതാ തന്റെ പ്രസ്താവനയിലൂടെ പുതിയൊരു വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ് രാജന്. മുതല്‍ മനിഥന് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചാണ് വേദി. അവിടെ അദ്ദേഹം നടത്തിയ ചെറുപ്രസംഗത്തിനിടയില് താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് അദ്ദേഹം. മുമ്പൊക്കെ കാരവന് നായകനും നായികയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെന്നാല്‍ പന്ത്രണ്ടും പതിമൂന്നും കാരവനാണ് കാണുന്നത്. ഈ ചെലവൊക്കെ പാവം നിര്‍മ്മാതാവിന്റെ പോക്കറ്റില്നിന്നാണെന്ന കാര്യം മറക്കരുത്. എല്ലാ നടീനടന്മാരും അത്തരക്കാരല്ല. എങ്കിലും ഒന്നുരണ്ടുപേരെ കുറിച്ച് പറയാതെ വയ്യ. തമിഴകത്തിന്റെ സൂപ്പര്‍ ഹീറോയിനാണ് നയന്‍താര. അവര്‍ക്ക് ഏഴ് അസിസ്റ്റന്റ്മാരാണ് ഉള്ളത്. ഓരോരുത്തര്‍ക്കും പതിനയ്യായിരം രൂപയാണ് ദിവസശമ്പളം. അപ്പോള്‍ ഏകദേശം ഒരു ലക്ഷത്തിന് മുകളില്‍ അധികച്ചെലവ്. നയന്‍താരയുടെ കാള്ഷീട്ട് 50 ദിവസത്തേക്കാണെങ്കില്‍ സിനിമ തീരുമ്പോള്‍ അര കോടിയോളം രൂപ നിര്‍മ്മാതാവിന് അധിക ബാദ്ധ്യത ഉണ്ടാകും. മറ്റൊരു താരം തൃഷയാണ്. ഇവരെന്താണ് ധരിച്ചുവച്ചിരിക്കുന്നത്. അവര്‍തന്നെ നായികയായ സിനിമയുടെ പ്രൊമോഷന് ചടങ്ങുകള്‍ക്ക് ക്ഷണിച്ചാല്‍പോലും 15 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. അവര്‍ അഭിനയിച്ച സിനിമ വിജയിക്കണമെന്ന് പ്രൊഡ്യൂസര്‍ക്ക് മാത്രമേ നിര്‍ബ്ബന്ധമുള്ളൂ. സിനിമ വിജയിച്ചാല്‍ അതിന്റെ നേട്ടം മുഴുവനും നടനും നടിക്കുമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല. പിന്നെയും ഒരു താരമുണ്ട്- അജിത്ത്. തമിഴകത്തിലെ മികച്ച നടന്മാരില് ഒരാള്കൂടിയാണദ്ദേഹം. അജിത്ത് നായകനായ സിനിമയുടെ ഓഡിയോ റിലീസിനോ മറ്റ് പ്രൊമോഷനുകള്‍ക്കോ അദ്ദേഹം പങ്കെടുക്കാറില്ല. ഇതൊക്കെ തികച്ചും അഹങ്കാരമെന്നല്ലാതെ എന്ത് പറയാന്‍. വളര്‍ന്ന് താരമായത് അദ്ദേഹത്തിന്റെ മാത്രം കഴിവു കൊണ്ടല്ല, അജിത്തിനെ ആദ്യ സിനിമയില്‍ അവതരിപ്പിച്ച സംവിധായകനോട് ചോദിച്ചാല്‍ അറിയാന്‍ കഴിയും, അദ്ദേഹം എന്തുമാത്രം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ടാകുമെന്ന്.
പല നടന്മാര്ക്കും ആഹാരം വേണ്ടത് താജില്‍നിന്നും ചോളയില്നിന്നുമൊക്കെയാണ്. ഇതൊക്കെ കാണുമ്പോഴാണ് എം.ജി.ആറിനെപ്പറ്റിയൊക്കെ ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍നിന്നായിരുന്നു ലൊക്കേഷനിലേയ്ക്ക് ആഹാരം കൊണ്ടുവന്നിരുന്നത്. അത് പതിനഞ്ചോളം പേര്‍ക്ക് കഴിക്കാന്‍ പോന്നതായിരുന്നു. എന്നാല്‍ ഇന്നത്തെ പല താരങ്ങളും നിര്‍മ്മാതാവിന്റെ കാശില്‍നിന്ന് മാത്രമേ ആഹാരം കഴിക്കൂ. അതും സ്റ്റാര്‍ ഹോട്ടലില്‍നിന്ന്. രജിനികാന്തിനെപ്പോലൊരാള് ലൊക്കേഷനിലെത്തിയാല്‍ എപ്പോഴും സംവിധായകന്റെ ഒരു വിളിപ്പാടകലെയായിരിക്കും. പ്രൊഡ്യൂസര്‍ക്കും സംവിധായകനും ബുദ്ധിമുട്ടുണ്ടാകാത്ത അപൂര്‍വ്വം ചിലരിലൊരാള്‍.
അഞ്ചും പത്തും അന്‍പതും കോടിയുമൊക്കെ വാങ്ങുന്ന താരങ്ങള്‍പോലും ഡ്രൈവറുടെ ബാറ്റയും ഡീസലും മറ്റ് ചെലവുകളുമടക്കം പ്രൊഡ്യൂസര്‍ വഹിക്കണമെന്നാണ് നിര്‍ബ്ബന്ധം പിടിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ തൊഴുകയ്യോടെ മാത്രമേ എനിക്ക് മറ്റൊരു താരത്തെക്കുറിച്ച് പറയാന്‍ കഴിയൂ. അത് നമ്മുടെ നാട്ടിലെയല്ല. കേരളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ചാണ്. നമ്മുടെ താരങ്ങള്‍ അദ്ദേഹത്തെ കണ്ടുപഠിക്കണം. ഇവിടെ അഭിനയിക്കാന്‍ വരുമ്പോള്‍ ലൊക്കേഷനില്‍ എത്തുന്നതിനുമുമ്പുതന്നെ മമ്മൂട്ടിയുടെ കാരവനും സഹായികളും എത്തിച്ചേര്‍ന്നിരിക്കും. എന്നാല്‍ അവരുടെയൊക്കെ ശമ്പളവും മറ്റ് ചെലവുകളുമെല്ലാം നല്‍കുന്നത് മമ്മൂട്ടി തന്നെയാണ്. അതൊക്കെയാണ് കണ്ട് പഠിക്കേണ്ട മാതൃക.
കാര്യമിതൊക്കെയാണെങ്കിലും തമിഴകത്തും അങ്ങനെ ചില നല്ല ആളുകള്‍ ഉണ്ട്. നടന് ശിവ കാര്ത്തികേയനാണത്. അദ്ദേഹം അഭിനയിച്ച ഡോക്ടര്‍ എന്ന ചിത്രത്തിന്റെ ബജറ്റ് 40 കോടിയായിരുന്നു. എന്നാല്‍ ചിത്രം പൂര്ത്തിയാകതാകട്ടെ 67 കോടിക്കും. ബാക്കി വന്ന ഇരുപത്തിയേഴ് കോടിയുടെ ബാധ്യത ലീസ് എഗ്രിമെന്റിലൂടെ ശിവ കാര്‍ത്തികേയനാണ് ഒപ്പിട്ട് നല്‍കിയത്. പ്രൊഡ്യൂസര്‍ തെരുവില്‍ ഇറങ്ങാതിരിക്കാന്‍ അദ്ദേഹം നല്കിയ കൈത്താങ്ങ് പാഴായില്ല. അടുത്തിടെ റിലീസായ ചിത്രം വമ്പന്‍ ഹിറ്റായി.
താരങ്ങള്‍ക്കെതിരെ മാത്രമല്ല, സംവിധായകരേയും കെ രാജന് വെറുതെ വിട്ടില്ല. പ്രിയപ്പെട്ട സംവിധായകരേ, നിങ്ങള്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ ബജറ്റ് മുന്‍കൂട്ടിതന്നെ അറിഞ്ഞിരിക്കണം. കാരണം മുന്‍പറഞ്ഞ ബജറ്റില്‍നിന്നും സംഖ്യ കൂടിയാല്‍ പലതും വിറ്റുപെറുക്കി സിനിമ പൂര്‍ത്തിയാക്കിയ പ്രൊഡ്യൂസര്‍ ഒടുവില്‍ തെരുവിലേയ്ക്ക് ഇറങ്ങേണ്ടിവരും. അത് നിങ്ങളായിട്ട് ചെയ്യരുത്.
Recent Comments