പാട്ടുകളുടെ റീമിക്സുകള്‍ പലപ്പോഴും മൗലിക സംഗീതത്തിന്റെ ആത്മാവ് കെടുത്താറാണ് പതിവ്. നീലവെളിച്ചത്തിലെ ‘ഏകാന്തയുടെ മഹാതീരം’ എന്ന ഗാനം കേട്ടപ്പോള്‍ ആ ഭയം മാറി. പഴമയെ അങ്ങനെതന്നെ നിലനിര്‍ത്തിയിട്ടുണ്ട്. പിന്നെ ചില തട്ടും തലോടലും മാത്രം. സാരംഗിയുടെ ശ്രുതിമധുരമാണ് ഏറെ ഇമ്പമായി തോന്നിയത്. സഭാഷ്, ബിജിപാല്‍, റെക്സ് വിജയ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പി. ഭാസ്കരന്റെ വരികള്‍ക്ക് എം.എസ്. ബാബുരാജ് ഈണം പകര്‍ന്ന ഗാനമാണിത്. വിന്‍സന്റ് മാഷ് സംവിധാനം ചെയ്ത ഭാര്‍ഗവിനിലയത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ‘താമസമെന്തേ വരുവാന്‍…’, ‘വാസന്ത പഞ്ചമിനാളില്‍…’, ‘അറബി കടലൊരു മണവാളന്…’, ‘അനുരാഗ മധുചഷകം…’ അങ്ങനെ പോകുന്ന ആ ഗാനനിര. ‘അനുരാഗ മധുചഷകം…’ എന്ന് തുടങ്ങുന്ന ഗാനം നേരത്തെതന്നെ നീലവെളിച്ചം ടീം പുറത്തു വിട്ടിരുന്നു. ആ ഗാനവും അതിന്റെ ചിത്രീകരണമികവും ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതിനു പിന്നാലെയാണ് രണ്ടാമത്തെ ഗാനമായ ‘ഏകാന്തതയുടെ അപാരതീരം…’ പുറത്തു വന്നിരിക്കുന്നത്.
‘ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം, ഓരോ ഹൃദയത്തിലുമുണ്ട് ശ്മശാനം. പ്രേമത്തിന്റെ ശവകുടീരം, പ്രേമത്തിന്റെ ശ്മശാനം.’ വൈക്കം മുഹമ്മദ് ബഷീറിന്റെ തത്വചിന്താപരമായ ഈ സംഭാഷണങ്ങള്‍ക്ക് പിന്നാലെയാണ് ഈ ഗാനത്തിന്റെ പിറവി. ഭാര്ഗ്ഗവിനിലയത്തില് ഈ ഗാനം പാടി അഭിനയിക്കുന്നത് മധുവാണ്. അദ്ദേഹത്തിനുവേണ്ടി ആ ഗാനം ആലപിച്ചതാകട്ടെ കമുകറ പുരുഷോത്തമനും. നീലവെളിച്ചത്തിലൂടെ കമുകറയുടെ ശബ്ദം പുനര്‍നിര്‍മ്മിക്കുകയാണ് ഷഹവാസ് അമന് തന്റെ ആലാപന മികവിലൂടെ.
ആഷിക്ക് അബു സംവിധാനം ചെയ്ത നീലവെളിച്ചം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുകയാണ്. ടൊവിനോ തോമസ്, റോഷന് മാത്യു, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് ഗംഗാധരന് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വി. സാജനാണ്.
Recent Comments