കോവിഡ് കേസുകള്‍ ഉയരുന്നതോടെ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. സ്കൂളുകള്‍, കോളേജുകള്‍, ജിംനേഷ്യങ്ങള്‍ എന്നിവയ്ക്കൊപ്പം സിനിമാ തിയറ്ററുകളും ഉടനടി അടയ്ക്കാനാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ബോളിവുഡ് സിനിമകള്‍ക്ക് ഏറ്റവും വലിയ മാര്‍ക്കറ്റാണ് ദില്ലി. തീയേറ്ററുകള്‍ അടയ്ക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ വെള്ളിയാഴ്ച തീയേറ്ററുകളിലെത്താനിരുന്ന ഷാഹിദ് കപൂര്‍ ചിത്രം ‘ജേഴ്സി’യുടെ റിലീസ് മാറ്റി. കൂടുതല്‍ ചിത്രങ്ങളുടെ റിലീസ് ഇത്തരത്തില്‍ മാറ്റുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ബോളിവുഡ് സിനിമകളുടെ ഇന്ത്യയിലെ കളക്ഷന്റെ 60 ശതമാനവും വരുന്നത് മഹാരാഷ്ട്രയിലും ദില്ലിയിലും നിന്നാണ്. രാജ്യത്തെ ഒമിക്രോണ്‍ കേസുകളില്‍ ഉണ്ടാവുന്ന വര്‍ധന കൂടി പരിഗണിച്ചാണ് ‘ജേഴ്സി’ നിര്‍മ്മാതാക്കള്‍ റിലീസ് നീട്ടാന്‍ തീരുമാനിച്ചത്. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി മാത്രമാവും ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക. അതേസമയം സാഹചര്യം അനിശ്ചിതമായി തുടര്‍ന്നാല്‍ ചിത്രം ഒടിടി റിലീസിലേക്ക് മാറാനുള്ള സാധ്യതയും ഉണ്ടാകാം.
അതേസമയം ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മള്‍ട്ടിപ്ലെക്സ് അസോസിയേഷന് ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. തീരുമാനം ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് പരിഹരിക്കാനാവാത്ത നഷ്ടം ഉണ്ടാക്കുമെന്നും ലോകത്തെവിടെയും കോവിഡിന്റെ പകര്‍ച്ചയ്ക്ക് തീയേറ്ററുകള്‍ കാരണമായിട്ടില്ലെന്നും അസോസിയേഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനൊപ്പം മറ്റ് വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന തിയറ്ററുകള്‍ക്കും നല്‍കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. അടച്ചുപൂട്ടുന്നതിനു പകരം രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കുമാത്രം പ്രവേശനം എന്ന നിബന്ധന നടപ്പിലാക്കണം. 50 ശതമാനം പ്രവേശനം തിരികെ കൊണ്ടുവരികയുമാവാം. ഈ പരീക്ഷണകാലത്തെ അതിജീവിക്കാന്‍ കഷ്ടപ്പെടുന്ന സിനിമാ വ്യവസായത്തിന് താങ്ങാവണം സര്‍ക്കാര്‍’ മള്‍ട്ടിപ്ലെക്സ് അസോസിയേഷന് ഓഫ് ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Recent Comments