12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ‘എലോണ്‍’ എന്നാണ് ചിത്രത്തിന്റെ പേര്.
‘ഞാനും ഷാജി കൈലാസുമായി ഒരുപാട് ചിത്രങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. ഷാജിയുടെ നായകന്മാര് എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ത്ഥ നായകന് എല്ലായിപ്പോഴും തനിച്ചാണ്. ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്കത് മനസിലാകും. റിയല്‍ ഹീറോസ് ആര് ഓള്‍വേയ്സ് എലോണ്‍’ എന്നാണ് പ്രഖ്യാപന വേളയില്‍ മോഹന്‍ലാല്‍ പറഞ്ഞത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 30മത് ചിത്രം കൂടിയാണിത്. 2000 ല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നരസിംഹമായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.
അതേസമയം പൃഥ്വിരാജിനെ നായകനാക്കി ‘കടുവ’ എന്ന ചിത്രം ഷാജി കൈലാസ് ആരംഭിച്ചിരുന്നു. ഏപ്രില്‍ 16ന് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമായാണ് കടുവ പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ആദ്യം പൂര്‍ത്തിയാവുക മോഹന്‍ലാല്‍ ചിത്രമാണ്.
ജീത്തു ജോസഫിന്റെ 12ത് മാനാണ് അടുത്തിടെ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയ ചിത്രം. പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹവും പൃഥ്വിരാജിന്റെ ബ്രോഡാഡിയും ബി. ഉണ്ണിക്കൃഷ്ണന്റെ ആറാട്ടുമാണ് റിലീസ് കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ഡ്രാമയിലും മോഹന്‍ലാലാണ് നായകന്. ഈ ചിത്രത്തില്‍ ബോക്സറുടെ വേഷമാണ് മോഹന്‍ലാലിന്.
Recent Comments