ഷംനയെ വിളിക്കുമ്പോള്‍ അവര്‍ ഹൈദരാബാദിലായിരുന്നു. നീണ്ടൊരു വിശ്രമത്തിനുശേഷം വീണ്ടും ഷൂട്ടിംഗിന്റെ തിരക്കുകളിലേയ്ക്ക് കടന്നിരിക്കുകയാണ്.
ഇടയ്ക്ക് കോവിഡ് പോസിറ്റീവായിരുന്നു. അത് വന്ന് മാറിയതിനു പിന്നാലെ പല്ലിന് ഇന്‍ഫെക്ഷനായി. റൂട്ട്കനാല്‍ സര്‍ജറി വേണ്ടിവന്നു. കുറച്ചു ദിവസത്തെ വിശ്രമവും ആവശ്യമായിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ ഷൂട്ടിംഗിനെ അതൊന്നും ബാധിച്ചില്ല. ഷൂട്ടിംഗിന് അനുമതി കിട്ടിയതിനു പിന്നാലെ ഹൈദരാബാദിലെത്തിയതാണ്.
തന്റെ പുതിയ സിനിമാവിശേഷങ്ങളെക്കുറിച്ച് ഷംന കാസിം കാന്‍ ചാനലിനോട് സംസാരിച്ചു. അന്യഭാഷാ ചിത്രങ്ങളില്‍ ഷംന എന്ന് പറഞ്ഞാല്‍ ആരുമറിയില്ല. അവിടെ അവര്‍ പൂര്‍ണ്ണയാണ്.
ജീത്തുജോസഫ് സാര്‍ സംവിധാനം ചെയ്ത ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കില്‍ ഞാനും അഭിനയിച്ചിരുന്നു. അതിലെ അഡ്വക്കേറ്റ് വേഷം ചെയ്തത് ഞാനാണ്. ഇവിടുത്തെ ഒരു കാസ്റ്റിംഗ് ഡയറക്ടറാണ് എന്റെ ഫോട്ടോ ജീത്തുസാറിന് അയച്ചുകൊടുത്തത്. അതില്‍ പൂര്ണ്ണയെന്നാണ് എഴുതിയിരുന്നത്. ഫോട്ടോ കണ്ടിട്ട് ജീത്തുസാര്‍ പറഞ്ഞുവത്രെ, ‘ഇത് നമ്മുടെ ഷംനയെപ്പോലെയുണ്ടല്ലോയെന്ന്’. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് തിരുത്തിയത്. ‘ഷംനയെപ്പോലെയല്ല ഷംനയാണ്. അന്യഭാഷാചിത്രങ്ങളില്‍ അവരുടെ പേര് പൂര്ണ്ണയെന്നാണ്.’ എന്നിട്ടും ജീത്തുസാര്‍ ലൊക്കേഷനില്‍ എന്നെ ഷംനയെന്നാണ് വിളിച്ചിരുന്നത്. അത് കേള്‍ക്കുമ്പോള്‍ വെങ്കിടേഷ് സാര്‍ ചോദിക്കും. ‘ആരാ ഈ ഷംന? പുതിയ ആര്‍ട്ടിസ്റ്റ് വല്ലതുമാണോ?’ ജീത്തുസാര്‍ പറഞ്ഞപ്പോഴാണ് വെങ്കിടേഷ് സാറും എന്റെ യഥാര്‍ത്ഥ പേര് ഷംനയാണെന്നറിയുന്നത്. മലയാളസിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ ഉണ്ടാകുന്നില്ലെങ്കിലും മലയാളത്തിലെ ടെക്നീഷ്യന്മാര്ക്കൊപ്പം മറ്റു ഭാഷാചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യം കൈവരുന്നുണ്ട്. ജോസഫിന്റെ തമിഴ് റീമേക്കിലും ഞാന്‍ അഭിനയിച്ചിരുന്നു. അതിന്റെ ഡയറക്ടറും പത്മകുമാര്‍ സാറായിരുന്നു. മലയാളത്തിലെ ടെക്നീഷ്യന്മാര്ക്കൊപ്പം അന്യഭാഷാചിത്രങ്ങളില്‍ അഭിനയിക്കുന്നത് രസമുള്ള സംഗതിയാണ്. ഷംന തുടര്‍ന്നു.
ബാലകൃഷ്ണ സാറിനൊപ്പം അഖാണ്ടയിലും വളരെ ശക്തമായൊരു വേഷം ഞാന്‍ ചെയ്യുന്നുണ്ട്. പത്മാവതിയെന്നാണ് കഥാപാത്രത്തിന്റെ പേര്. സ്നേഹ ചെയ്യേണ്ടിയിരുന്ന കഥാപാത്രമാണ്. അവര്‍ക്ക് പകരക്കാരിയായാണ് ഞാനെത്തിയത്. യൂട്യൂബില്‍ ഏറ്റവും ട്രെന്‍ഡിംഗായ ട്രെയിലറായിരുന്നു അഖാണ്ടയുടേത്. റിലീസ് ചെയ്ത് മണിക്കൂറിനുള്ളില്‍ ഒരു കോടിയിലധികം ആളുകള്‍ അത് കണ്ടിരുന്നു.
തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ഡാന്‍സ് ഷോയായ ദീ ജോഡിയിലെ വിധികര്‍ത്താക്കളില്‍ ഒരാള്‍ കൂടിയാണ് ഞാന്‍. പതിമൂന്നാം സീസണാണ്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ജഡ്ജായിരുന്നു.
ത്രീ റോസസാണ് ഞാനിപ്പോള്‍ തെലുങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്ന വെബ് സീരീസ്. ഞാനും റെജീനയും പായലുമാണ് ആ വെബ്സീരീസിലെ നായികമാര്‍.
പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പ്രൊജക്ട് തലൈവിയാണ്. ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി ചെയ്ത ചിത്രമാണ്. അതില്‍ ജയലളിതയായി കങ്കണ റണൗട്ടും തോഴി ശശികലയായി ഞാനും അഭിനയിക്കുന്നു. ലോക് ഡൗണിനെത്തുടര്‍ന്ന് അതിന്റെ റിലീസ് പലതവണയായി നീണ്ടുപോയിരുന്നു. മിഷ്കിന്റെ പിസാസ് 2 ലും ഞാന്‍ അഭിനയിക്കുന്നുണ്ട്.
മലയാളത്തില്‍നിന്ന് അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും ശക്തമായ വേഷങ്ങളല്ല. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഷംന പറയുന്നു.
Recent Comments