പ്രശസ്ത നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യയും ആശിര്‍വാദ് സിനിമാസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ശാന്തി ആന്റണി ലോസ് ഏയ്ഞ്ചല്‍സില്‍ നടന്ന 37-ാമത് മാരത്തോണ്‍ ഓട്ടമത്സരം വിജയകരമായി പൂര്‍ത്തിയാക്കി. 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന മാരത്തോണ്‍ 6 മണിക്കൂറും 27 മിനിറ്റുമെടുത്താണ് ശാന്തി പൂര്‍ത്തിയാക്കിയത്. നാനൂറ്റി അറുപത് സ്ത്രീമത്സരാര്ത്ഥികളില് 318-ാമതായി ശാന്തി ഫിനിഷ് ചെയ്തു. ആകെ 11525 മത്സരാര്‍ത്ഥികളാണ് മാരത്തോണില്‍ പങ്കെടുത്തത്. അതില്‍ 9005-ാം സ്ഥാനമാണ് ശാന്തിക്ക്.
രണ്ട് മാസം മുമ്പാണ് ആന്റണിയോടൊപ്പം ശാന്തി ലോസ് ഏയ്ഞ്ചല്‍സില്‍ എത്തിയത്. മകളുടെ ഭര്‍ത്താവിന്റെ സഹോദരന് നീല്‍ വിന്‍സെന്റ് കുടുംബത്തോടൊപ്പം ലോസ് ഏയ്ഞ്ചല്‍സിലാണ് സ്ഥിരതാമസം. കഴിഞ്ഞ 25 വര്‍ഷമായി ഈ കുടുംബവുമായി അടുത്ത ബന്ധമുണ്ട് ആന്റണിക്കും ശാന്തിക്കും. ഈ യാത്രയില്‍ മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുക്കണമെന്നത് ശാന്തിയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അതിനുവേണ്ടി നേരത്തെതന്നെ മത്സരം രജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസവും ആറ് കിലോമീറ്ററോളം നടക്കുന്ന പതിവുണ്ടെങ്കിലും കായികമത്സരങ്ങളില്‍ ശാന്തി മുമ്പ് പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. എന്നിട്ടും തന്റെ സ്വപ്നമാണ് ലോസ് ഏയ്ഞ്ചല്‍സ് മാരത്തോണിലൂടെ ശാന്തി നേടിയെടുത്തത്. ഓരോ വീട്ടമ്മയ്ക്കും നാളെ പ്രചോദനമാകാന്‍ പോകുന്ന സ്വപ്നതുല്യമായ നേട്ടമാണ് ശാന്തിയിലൂടെ കരഗതമായിരിക്കുന്നതും.
Recent Comments