കേരള സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന KSFDC ക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി. സുശീലനും എല്‍ദോ സെല്‍വരാജും. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇരുവരും കെ.എസ്.എഫ്.ഡി.സിക്കെതിരെ തുറന്നടിച്ചത്.
കെ.എസ്.എഫ്.ഡി.സി അനുവദിച്ച പല സാങ്കേതിക ഉപകരണങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മറിച്ച് നല്‍കുകയാണ്. ചിത്രാഞ്ജലിയില്‍ ഔട്ട് ഡോര്‍ യൂണിറ്റിന് വരുന്ന വര്‍ക്കുകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കി കമ്മീഷന് പറ്റുകയാണ് ഇതിലെ ജീവനക്കാര്‍. കെ.എസ്.എഫ്.ഡി.സി ചെയര്മാന് ഷാജി എന്‍. കരുണിനും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ട്.
കെ.എസ്.എഫ്.ഡി.സി നിര്‍മ്മിച്ച നിഷിദ്ധോ എന്ന ചിത്രത്തിന്റെ വിതരണത്തിന് 55,97,747 രൂപ ചെലവായി എന്നാണ് വിവരാവകാശ നിയമപ്രകാരം ഞങ്ങള്‍ക്ക് ലഭിച്ച വിവരം. എന്നാല്‍ ഈ തുകയുടെ പകുതിപോലും ഉപയോഗിക്കാതെയാണ് ചിത്രം റിലീസ് ചെയ്തത്. ബാക്കി തുക കെ.എസ്.എഫ്.ഡി.സിയിലെ ചില ഉദ്യോഗസ്ഥര്‍ വീതംവച്ച് എടുത്തു. കിഫ്ബി അനുവദിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും അഴിമതി നടത്തുന്ന വ്യക്തികളുടെ കൈകളിലേയ്ക്കാണ് എത്തിച്ചേരുന്നത്. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം.
ലൈന്‍ പ്രൊഡ്യൂസര്‍ പാനലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം ഒരു യോഗ്യതാമാനദണ്ഡങ്ങളും പാലിക്കാത്തവരാണ്. പത്ത് വര്‍ഷം കണ്ട്രോളറായോ ലൈന്‍ പ്രൊഡ്യൂസറായോ പ്രവൃത്തി പരിചയം വേണമെന്നാണ് ഒരു നിബന്ധന. അതോടൊപ്പം സംസ്ഥാന-നാഷണല്‍ അവാര്‍ഡ് സിനിമകളില്‍ വര്‍ക്ക് ചെയ്തിരിക്കണമെന്നുമുണ്ട്. പക്ഷേ ഈ യോഗ്യതാമാനദണ്ഡങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. 2016 നും 2020 നുമിടയ്ക്ക് 28 പേരെയാണ് ചിത്രാഞ്ജലിയില്‍ നിയമിച്ചത്. ഈ നിയമനങ്ങളൊന്നും പി.എസ്.സി വഴിയല്ല നടന്നിരിക്കുന്നത്. കെ.എസ്.എഫ്.ഡി.സിയിലെ ചില വ്യക്തികളുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ നോക്കിയാണ് നിയമനങ്ങളെല്ലാം നടന്നിരിക്കുന്നത്.
ഏക്കറോളം വരുന്ന ചിത്രാഞ്ജലിയുടെ ഭൂരിഭാഗം സ്ഥലങ്ങളും ഇപ്പോഴും കാടുപിടിച്ച് കിടക്കുകയാണ്. പല ഫ്ളോറുകളും ഉപയോഗശൂന്യമാണ്. കെ.എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള തീയേറ്ററുകളുടെയും അവസ്ഥയും ദയനീയമാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി കഴിഞ്ഞ ചലച്ചിത്രമേള നടക്കുന്ന വേളയില്‍ ഞങ്ങള്‍ സമരം നടത്തിയിരുന്നു. ഞങ്ങളുടെ ന്യായമായ ചോദ്യങ്ങള്‍ക്ക് മുഖം നല്‍കാതെ മടങ്ങിയതും കെ.എസ്.എഫ്.ഡി.സി ചെയര്മാന് ഷാജി എന്‍. കരുണായിരുന്നു. ശക്തമായ നടപടികള്‍ ഉണ്ടാകാത്ത പക്ഷം സമരനടപടികളുമായി മുന്നോട്ട് പോകും. ഏതെങ്കിലും സംഘടനയുടെ പിന്‍ബലത്തിലല്ല ഞങ്ങള്‍ പത്രസമ്മേളനം നടത്തിയിരിക്കുന്നത്. ഈ രാജ്യത്തെ പൗരനെന്ന നിലയിലാണ്. ദീര്‍ഘകാലമായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയിലാണ്. ഞങ്ങള്‍ കൂടി അംഗമായ ഫെഫ്കയില്നിന്നുമടക്കം പത്രസമ്മേളനത്തിനെതിരെ വിശദീകരണം ആവശ്യപ്പെട്ടാല്‍ ഇപ്പോള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായി ഞങ്ങള്‍ അവിടെയും അവതരിപ്പിക്കും.
ഷിബു ജി സുശീലനും എല്‍ദോ സെല്‍വരാജും പറഞ്ഞു.
Recent Comments