പത്മയ്ക്കുശേഷം അനൂപ് മേനോന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഓ സിന്‍ഡ്രെല്ല. ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ മാര്‍ച്ച് 24 ന് പൂപ്പാറയില്‍ ആരംഭിക്കും. ആകെ ആറ് ഷെഡ്യൂളുകളാണ് ചിത്രത്തിനുള്ളത്. കമ്പം, തേനി, എറണാകുളം, ആലപ്പുഴ, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
ബിഗ് ബോസ്സ് സീസണ് 4 ലെ വിജയി ദില്‍ഷ പ്രസന്നനാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദില്‍ഷ നായികയാകുന്ന ആദ്യ ചിത്രം കൂടിയാണ്.
‘ഒരു പുതുമുഖമായിരിക്കണം നായികയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പരിചിതയാണ് നായികയെങ്കില്‍ കഥ വര്‍ക്കൗട്ട് ആകില്ല. ഇതിലെ കഥാപാത്രം നല്ലൊരു ഡാന്‍സര്‍ കൂടിയാണ്. അതുകൊണ്ടാണ് ദില്‍ഷയെ ഓ സിന്‍ഡ്രെല്ലയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.’ അനൂപ് മേനോന് കാന്‍ ചാനലിനോട് പറഞ്ഞു.
‘എന്റെ സിനിമയ്ക്കുവേണ്ടി ഇതാദ്യമായി എം.ജി. ശ്രീകുമാര്‍ ഒരു പാട്ട് പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആ ഗാനം ഈണമിട്ടിരിക്കുന്നതും അദ്ദേഹമാണ്. ആകെ അഞ്ച് പാട്ടുകളാണുള്ളത്. മറ്റു പാട്ടുകള്‍ക്ക് സംഗീതം പകരുന്നത് നിനോയ് വര്‍ഗീസാണ്. പത്മയ്ക്കുവേണ്ടി ഗാനങ്ങള്‍ ഒരുക്കിയതും നിനോയ് ആയിരുന്നു. ഹരിശങ്കറിനും സയനോരയ്ക്കും പുറമെ അതുല്‍ എന്നൊരു പുതിയ ഗായകനെകൂടി ഞങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്.’ അനൂപ് മേനോന് പറഞ്ഞുനിര്‍ത്തി.
നവാഗതനായ റെനോള്‍സ് റഹ്മാനാണ് ഓ സിന്‍ഡ്രെല്ല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മഹാദേവന് തമ്പിയാണ് ഛായാഗ്രാഹകന്‍. നന്ദു, ശ്രീകാന്ത് മുരളി, പ്രശാന്ത് അലക്സാണ്ടര്‍, ദിനേശ് എന്നിവര്‍ക്കൊപ്പം എന്‍.എം. ബാദുഷയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.
Recent Comments