ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ദൃശ്യം രണ്ട് തെലുങ്ക് പതിപ്പിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനം കേരളത്തിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും. മലയാളപതിപ്പ് ഷൂട്ട് ചെയ്ത തൊടുപുഴയിലേയ്ക്ക് തന്നെയാണ് സംവിധായകന് ജീത്തുവും സംഘവും എത്തുന്നത്. ഇതിന്റെ ഭാഗമായി സെറ്റിന്റെ പണികള്‍ പുരോഗമിക്കുകയാണ്. മലയാളത്തിനുവേണ്ടി നിര്‍മ്മിച്ച സെറ്റുകളെല്ലാം പാക്കപ്പ് ആയതോടെ പൊളിച്ചുമാറ്റി. അതാണിപ്പോള്‍ പുനര്‍ നിര്‍മ്മിക്കുന്നത്. പോലീസ് സ്റ്റേഷനും ഹോട്ടലിനും പുറമേ, സായി മന്ദിരത്തിന്റെയും വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. മലയാളപതിപ്പില്‍ ഹോട്ടലിന് മുന്നിലുണ്ടായിരുന്നത് ഒരു കുരിശുപള്ളിയായിരുന്നു. അതിന് പകരമാണ് സായി മന്ദിരം ഉയരുന്നത്.
മലയാളപതിപ്പിന്റെ കഥ ക്രിസ്തീയപശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത്. അതിലെ നായകന് ജോര്ജ്ജുകുട്ടിയാണ്. തെലുങ്കുപതിപ്പില്‍ പക്ഷേ രാംബാബുവാണ് നായകന്.
മോഹന്‍ലാലിന് പകരക്കാരന് തെലുങ്കില്‍ വെങ്കിടേഷാണ്.
‘ആന്ധ്രയിലെ വിജയനഗറിലാണ് ദൃശ്യം 2 ന്റെ കഥ നടക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം എന്തൊക്കെ മാറ്റങ്ങളുണ്ടാകുമോ, അതെല്ലാം വരുത്താനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍. കൂടുതല്‍ കടകളുണ്ടാകും. ആധൂനികവല്ക്കരണവുമുണ്ടാകും.’ കലാസംവിധായകന്‍ രാജീവ് നായര്‍ പറഞ്ഞു.
ദൃശ്യം 2 ന്റെ കലാസംവിധാകനും രാജീവായിരുന്നു. ദൃശ്യം ആദ്യ പതിപ്പിനുവേണ്ടി സെറ്റുകളൊരുക്കിയിരുന്ന സാബുറാമിന്റെ അസോസിയേറ്റായിരുന്നു രാജീവ്. രണ്ടാംഭാഗത്തിനുവേണ്ടി സെറ്റുകള്‍ ഒരുക്കാന്‍ രാജീവിന് സ്വതന്ത്രചുമതല നല്‍കുകയായിരുന്നു ജീത്തു ചെയ്തത്.
ഈ മാസം 24 വരെ രാമോജിയില്‍ തെലുങ്കു പതിപ്പിന്റെ ഷൂട്ടിംഗ് ഉണ്ടാവും. അത് കഴിഞ്ഞാല്‍ നാല് ദിവസത്തെ ബ്രേക്കാണ്. തുടര്‍ന്നാണ് കേരളത്തിലെത്തുന്നത്. വഴിത്തലയിലുള്ള രാംബാബുവിന്റെ വീടാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്. ദൃശ്യം മലയാളപതിപ്പില്‍ പക്ഷേ ഈ വീടായിരുന്നില്ല ഷൂട്ട് ചെയ്തിരുന്നത്.
Recent Comments