മേപ്പടിയാന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വര്‍ഷ വാസുദേവ് എന്നെ വിളിക്കുന്നത്. വര്‍ഷ ചെയ്യാനൊരുങ്ങുന്ന ഷോട്ട്ഫിലിമിനെക്കുറിച്ചും കഥയെക്കുറിച്ചും പറഞ്ഞു. അതിലെ ഒരു കഥാപാത്രമാണ് ബഷീര്‍. അയാള്‍ക്ക് ശബ്ദം കൊടുക്കണമെന്നാണാവശ്യം ഒപ്പം ഒരു പാട്ടും പാടണം. ഷോട്ട് ഫിലിമിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായശേഷം ആലോചിക്കാമെന്ന് ഞാന്‍ പറഞ്ഞു.
കുറച്ച് നാളുകള്‍ കഴിഞ്ഞ് അവര്‍ ചെയ്ത ലഘു ചിത്രത്തിന്റെ റഫ് കട്ട് എന്നെ കാണിച്ചു. എന്റെ നാരായണിക്ക് എന്നായിരുന്നു ആ ഷോട്ട് ഫിലിമിന്റെ പേര്. കണ്ടപ്പോള്‍ ഭയങ്കര ഇഷ്ടമായി. അതിനുശേഷമാണ് ബഷീറിന് ശബ്ദം കൊടുക്കാന്‍ തീരുമാനിക്കുന്നത്.
അതിലെ പാട്ടും ഗംഭീരമായിരുന്നു. വരികളും സംഗീതവും ഒന്നിനൊന്ന് മെച്ചം. പാട്ടു പാടാന്‍ എനിക്കിഷ്ടമാണ്. അച്ചായന്‍സ് എന്ന സിനിമയ്ക്കുവേണ്ടി മാത്രമല്ല, മമ്മൂക്കയുടെ രണ്ട് സിനിമകള്‍ക്കുവേണ്ടിയും (ഒരു കുട്ടനാടന്‍ ബ്ലോഗും, ഷെര്‍ലോക്കും) ഞാന്‍ പാടിയിട്ടുണ്ട്. ഇതൊരു മനോഹരമായ റൊമാന്റിക് സോങായിരുന്നു.
വര്‍ഷ വാസുദേവ് തന്നെയാണ് കഥാകൃത്തും നിര്‍മ്മാതാവും സംവിധായികയും. ഇതിനുപിന്നില്‍ പ്രവര്ത്തിച്ചവരിലേറെപ്പേരും പെണ്‍കുട്ടികളാണ്. അവരില്‍ പലരുടെയും ആദ്യസംരംഭമാണ്. വളരെ ക്രിയേറ്റീവായൊരു ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്കും സന്തോഷമുണ്ട്. ഉണ്ണിമുകുന്ദന് പറഞ്ഞു.
വര്‍ഷ വാസുദേവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് വര്‍ഷ. എഞ്ചിനീയറാണ്. ഒരു വര്‍ഷം മാത്രമേ ആ തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുള്ളൂ. അവിടുന്ന് കൂട് വിട്ട് വന്ന് പല ചാനലുകള്‍ക്കുവേണ്ടിയും ഫ്രീലാന്‍സായി പ്രവര്‍ത്തിച്ചു. തോമസ് സെബാസ്റ്റ്യന്‍ എന്ന സംവിധായകന്റെ കീഴില്‍ സംവിധാന സഹായിയായി. സ്വന്തമായി ഒരു സിനിമ ചെയ്യണമെന്നുള്ളത് വര്‍ഷയുടെയും സ്വപ്നമാണ്. അതിനുവേണ്ടിയുള്ള എഴുത്തുപുരയിലാണ് അവരിപ്പോള്‍.
‘വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന ചെറുകഥയുടെ റഫറന്‍സില്‍ തൊട്ടാണ് ഞാനീ കഥ എഴുതിയത്. എഴുതി തുടങ്ങിയപ്പോള്‍ മുതല്‍ ബഷീറായി എന്റെ മനസ്സിലുണ്ടായിരുന്നത് ഉണ്ണി മുകുന്ദനായിരുന്നു. നടനും ഗായകനുമായ ചുരുക്കം ചില അഭിനേതാക്കളേ നമുക്കുള്ളൂ. അതിലൊരാള്‍ ഉണ്ണിമുകുന്ദനാണ്. തുടക്കക്കാരാണെന്നുള്ള പക്ഷഭേദങ്ങളൊന്നും ഇല്ലാതെയാണ് ഉണ്ണി ഞങ്ങളോട് സഹകരിച്ചത്. എടുത്തുപറയേണ്ട മറ്റൊരു പേരുകാരി അതിഥിരവിയാണ്. അവരാണിതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസംകൊണ്ടാണ് ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഈ സമയം മുഴുവനും ഞങ്ങളോടൊത്ത് പ്രവര്‍ത്തിക്കാന്‍ അതിഥി കരുണ കാട്ടി. അവരുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം നാരായണിയാണെന്നാണ് എന്റെ പക്ഷം.’ വര്‍ഷ പറഞ്ഞു.
Recent Comments