നിവിന്‍ പോളി നായകനായ ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള വിവാദത്തില്‍ ചൂടുപിടിക്കുകയാണ് മലയാള സിനിമ. ചിത്രത്തിന്റെ കഥ തന്റെ ആശയമായിരുന്നു എന്ന് അവകാശപ്പെട്ട് കഥാകൃത്ത് നിഷാദ് കോയ രംഗത്ത് വരികയും ഇതിനെ തള്ളി സംവിധായകന് ഡിജോയും തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും മറുപടി പറയുകയും ഇവരെ ഫെഫ്ക പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ ആശയം തന്റേതാണെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സാദിഖ് കാവില്‍ ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ഒരേ മുറിയില്‍ ജീവിക്കുന്ന ഒരു മലയാളിയും പാക്കിസ്ഥാനിയും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു തന്റെ കഥയുടെ പ്രമേയം എന്നും സ്ത്രീ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളായിരുന്നു ചിത്രം കൈകാര്യം ചെയ്തിരുതെന്നതും സാദിഖ് വ്യക്തമാക്കുന്നു. എന്നിരുന്നാലും ഷാരിസോ, മലയാളി ഫ്രം ഇന്ത്യയുമായി ബന്ധപ്പെട്ട ആരും തന്നെ കഥയുടെ ആശയം അറിഞ്ഞതായി സ്ഥാപിച്ചെടുക്കാന്‍ സാദിഖിന് കഴിഞ്ഞിട്ടില്ല.
2013ല്‍ ‘വടക്കന്‍ സെല്‍ഫി’ എന്ന ചിത്രം സംവിധാനം ചെയ്ത പ്രജിത്തിന്റെ സംവിധാനത്തില്‍ ദിലീപിനെ നായകനാക്കി രാജീവ് എന്ന വ്യക്തിയും ഇതിന് സമാനമായ തിരക്കഥ എഴുതിയിരുന്നു. അത് നിര്‍മിക്കാനിരുന്നത് പ്രൊഡ്യുസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റ് എം. രഞ്ജിത്താണ്. ദിലീപിന്റെ ചില അസൗകര്യങ്ങള്‍ മൂലം ആ സിനിമ നടക്കാതെ പോയി. വിചിത്രമായ ആകസ്മികത എന്തെന്നാല്‍ രാജീവിന്റെ കഥയില്‍ പാക്കിസ്ഥാനിയെ ഒരു മലയാളി കബളിപ്പിക്കുന്നതായി ഒരു സംഭവമുണ്ട്. ആ വേഷത്തിലേക്ക് കാസ്റ്റ് ചെയ്തത് അജു വര്‍ഗീസിനെയാണ്. മലയാളി ഫ്രം ഇന്ത്യയിലും ആ കഥാപാത്രമായി കാണിക്കുന്നത് അജുവിന്റെ ചിത്രമാണ്. മാത്രമല്ല അതിനകത്തെ ഒരു ഡയലോഗ് ഷാരിസും കൃത്യമായി തന്നെ ഈ സിനിമയിലും എഴുതിയിട്ടുണ്ടെന്ന് പത്രസമ്മേളനത്തില്‍ ബി. ഉണ്ണികൃഷ്ണന് പറഞ്ഞിരുന്നു.
ഈ സാഹചര്യങ്ങള്‍ വിലയിരുത്തി നോക്കുമ്പോള്‍ മനസ്സിലാകുന്നത്, ഒരേ ആശയവും കഥയും ഒന്നലധികം എഴുത്തുകാര്‍ക്ക് ഉണ്ടാകാം എന്ന് തന്നെയാണ്. അങ്ങനെ ഉണ്ടായിട്ടുള്ള ചരിത്രമുണ്ട്. സമകാലികമായി ഒരു യക്ഷി കഥ ചെയ്യാന്‍ ടികെ രാജീവ് കുമാര്‍ നവോദയയുടെ ബാനറില്‍ സിനിമയാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പാട്ടുകളുടെ റെക്കോര്‍ഡിങ്ങ് കഴിഞ്ഞാണ് ക്യാമറാമാന് വേണു വഴി പദ്മരാജന്റെ തുടങ്ങാന്‍ പോകുന്ന ചിത്രവുമായി ഈ കഥയ്ക്ക് സാമ്യമുണ്ട് എന്ന് രാജീവ് കുമാര്‍ മനസ്സിലാക്കുന്നത്. അത് പദ്മരാജന്റെ ഞാന്‍ ഗന്ധര്വ്വന് എന്ന സിനിമയായിരുന്നു. രാജീവ് കുമാറിന്റെ കഥയില്‍ യക്ഷിയെങ്കില്‍ പദ്മരാജന്റെ കഥയില്‍ ഗന്ധര്വ്വന്. ഒരേ സമയം ആലോചിച്ച ഒരേ പോലുള്ള രണ്ട് കഥകള്‍. പദ്മരാജനുമായി ചര്‍ച്ച നടത്തിയപ്പോള്‍ മിന്നാമിനുങ്ങ് പോലുള്ള എലമെന്റുകളിലും സാമ്യം. അതിനാല്‍ രാജീവ് കുമാര്‍ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ഈ സംഭവം കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ രാജീവ് കുമാര്‍ വെളിപ്പെടുത്തിയതാണ്.
ഇത് കൂടാതെ തന്നെ നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യവും ജോമോന്റെ സുവിശേഷവുമാണ് സമീപ കാലത്തുള്ള ഉദാഹരണങ്ങള്‍. പല എലമെന്റുകളും ഇതേ പോലെ ഒരേ സമയം റിലീസിന് എത്തിയിട്ടുണ്ട്. അതുവരെ മലയാള സിനിമയില്‍ ഇല്ലാതിരുന്ന കിഡ്നാപ്പിങ്ങ് എന്ന സംഭവം ആദ്യമായി കണ്ടത് ഒരേസമയം റിലീസായ നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, റാംജീറാവു സ്പീക്കിങ്ങ് എന്നീ സിനിമകളിലാണ്. ഇതെല്ലാം തീര്‍ത്തും ആക്സ്മികം എന്നാണ് അന്ന് അവയുടെ പിന്നണി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്.
പാക്കിസ്ഥാനിയും ഇന്ത്യക്കാരനും ഒരുമിച്ച് താമസിക്കുന്നതാണ് ഇത്തവണ ആരോപണ വിധേയമായ ത്രെഡ്. ഈ മൂല ആശയം പിക്കറ്റ് 43 എന്ന ചിത്രത്തിലും കടന്ന് വന്നിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക പശ്ചാത്തലവുമായി കണക്ട് ചെയ്യുന്ന ഫസ്റ്റ്ഹാഫും നിഷാദിന്റെയും ഷാരിസിന്റെയും തിരക്കഥകളില്‍ കടന്നു വരുന്നു. വിപരീതമായ സാമൂഹിക പരിസ്ഥിതിയില്‍നിന്ന് വരുന്ന നായകന്റെ ആന്തരിക സഞ്ചാരം സിനിമ ഉണ്ടായ കാലം മുതല്‍ക്ക് കഥയെ പോഷകഗുണമുള്ളതാക്കാന്‍ ഉപയോഗിക്കുന്ന വിദ്യയാണ്.
ഷാരിസ് ഈ കഥ നേരത്തെ ചിന്തിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ അതിന് ശേഷം ജയസൂര്യയില്‍ നിന്ന് കേട്ട കഥാതന്തുവിന്റെ സ്വാധീനം ഡിജോ ചിത്രത്തില്‍ കൂട്ടി ചേര്ത്തിട്ടിണ്ടോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയം നിലനില്‍ക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ നിഷാദ് കഥയുടെ സാമ്യത ഉന്നയിച്ചു കൊണ്ട് സമീപിച്ചിട്ടില്ല എന്ന അണിയറ പ്രവര്‍ത്തകരുടെ പ്രസ്താവനയാണ് ഈ സംശയത്തിന് ആക്കം കൂട്ടുന്നത്. സത്യമെന്തായാലും ഒരു മാധ്യമത്തില്‍ വന്നിരുന്ന് പച്ച കള്ളം പറഞ്ഞത് ഡിജോ ഉള്‍പ്പടെയുള്ളവരുടെ പിഴവിന് ഉപരിയായി അവരുടെ മാന്യതയെ ചോദ്യം ചെയ്യുന്നു. ഇതാണ് ഈ വിഷയത്തില്‍ നിഷാദിന് അനുകൂലമായി നിഷാദിന്റെ സംശയങ്ങളെ പ്രസക്തമാക്കുന്നത്. ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ ഈ പ്രസ്താവനയില്‍ ജാഗ്രത കുറവ് ഉണ്ടായതായി സമ്മതിക്കാന്‍ തയാറാവാത്തതും പ്രസക്തമാണ്.
തലേ ദിവസം കഥ ഫേസ്ബുക്ക് പോസ്റ്റായി പ്രസിദ്ധീകരിച്ചതും തിരക്കഥ ഡിജോയ്ക്ക് അയച്ച് കൊടുത്തതും നിഷാദിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവായി വിലയിരുത്താം. കഥകളുടെയും ആശയങ്ങളുടെയും മൗലികത സംരക്ഷിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല എന്നതാണ് ഈ സംഭവം സിനിമ മേഖലയെ കാണിച്ചു തരുന്നത്. സ്വകാര്യത നഷ്ടപ്പെടാതെ എങ്ങനെ കഥകളെ തീയേറ്ററുകളിലേക്ക് എത്തിക്കാം എന്നതും സിനിമ സംഘടനകള്‍ക്ക് ചിന്തിക്കാവുന്ന ഒരു വിഷയമാണ്. കഥാചര്ച്ചകളില് കഥാകൃത്തിന്റെ അധ്വാനത്തെ മാനിക്കുന്നതില്‍ സിനിമ പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. എല്ലാ എഴുത്തുകാരുടെയും സൃഷ്ടികള്‍ക്ക് വിലയുണ്ട് എന്ന് അവര്‍ മനസ്സിലാക്കണം. അതിനെ സമീപിക്കുന്നതിലെ ധാര്‍മികത പാലിക്കാന്‍ എല്ലാ സിനിമ പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്.
Recent Comments