സുവ്യക്തവും വടിവൊത്തതുമായിരുന്നു പത്രസമ്മേളനത്തില്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് വിശദീകരിച്ച കാര്യങ്ങള്‍. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. എല്ലാം അതേപടി ഇവിടെ ആവര്‍ത്തിക്കുന്നില്ല. അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം മാത്രം ഇവിടെ കുറിക്കാം. താരങ്ങള്‍ എഗ്രിമെന്റ് ഒപ്പിടാന്‍ തയ്യാറാകുന്നില്ല. ഒരേസമയം പല സിനിമകള്‍ക്കുവേണ്ടി ഡേറ്റുകള്‍ നല്കുന്നു. ലൊക്കേഷനില്‍ താരങ്ങള്‍ താമസിച്ചെത്തുന്നു. എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ താരങ്ങളെ മാത്രമല്ല, അവര്‍ക്ക് വേണ്ടപ്പെട്ടവരെയും കാണിച്ച് ബോധ്യപ്പെടുത്തേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നു. ഇക്കാര്യത്തില്‍ ആണ്‍പെണ്‍ വ്യത്യാസങ്ങളില്ലാതെ പരാതി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയ്ക്കും ലഭിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സമീപകാലത്തായി സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രത്യേകിച്ചും ചില താരങ്ങള്‍ക്കിടയില്‍ കണ്ടുവരുന്ന അധാര്മ്മികതയെക്കുറിച്ചാണ് ഉണ്ണികൃഷ്ണന് വിശദീകരിച്ചതും നടപടി ഉണ്ടാകുമെന്ന് പറയാതെ പറഞ്ഞതും. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ആര് ചെയ്താലും അത് എത്ര കൊലക്കൊമ്പനായാലും അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. പക്ഷേ ഒരു സംശയം? ആരാണ് ഈ താരങ്ങളെ സിനിമയിലേയ്ക്ക് എഴുന്നെള്ളിച്ച് കൊണ്ടുവരുന്നത്? ഇവരാരും ഏതെങ്കിലും നിര്‍മ്മാതാക്കളുടെ അടുക്കല്‍ പോയി തങ്ങള്‍ക്കുവേണ്ടി ഒരു സിനിമ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. ഏതെങ്കിലും സംവിധായകരുടെ അടുക്കല്‍ ചാന്‍സ് തേടി പോകുന്നില്ല. തങ്ങള്‍ക്കുവേണ്ടി തിരക്കഥകള്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെടുന്നില്ല. മറിച്ച് ഇവര്‍ കുഴപ്പക്കാരാണെന്ന് അറിഞ്ഞിട്ടും അവരെ തേടിപ്പിടിച്ച് പോകുകയാണ്. അവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയ്യാറാവുകയാണ്. അപ്പോള്‍ ഈ പ്രശ്നത്തിലെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ഈ പറയുന്ന താരങ്ങളല്ല. നിര്‍മ്മാതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളും തന്നെയാണ്. ‘കുഴപ്പക്കാരായ താരങ്ങളെ വേണ്ടെന്നുവച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേ മലയാള സിനിമയില്‍ ഉള്ളൂ’ എന്ന് ഞങ്ങളോട് പ്രതികരിച്ചത് മറ്റാരുമല്ല, ഫെഫ്കയുടെ കീഴിലുള്ള പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്റെ ജനറല്‍ സെക്രട്ടറി ഷിബു ജി. സുശീലനാണ്. അത് അക്ഷരംപ്രതി ശരിയുമാണ്.
കുഴപ്പക്കാരായ ചില താരങ്ങള്‍ ചെയ്തുകൂട്ടുന്ന വിക്രിയകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിഞ്ഞുകൂടാഞ്ഞിട്ടല്ല, എന്നിട്ടും അവരുടെ പേര് പറയാതെ അവരുടെ പ്രശ്നങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ തുറന്നു കാട്ടിയത് പൂര്‍ണ്ണമായും ശരിയാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. കുറ്റക്കാര്‍ ആരായാലും അവരുടെ പേരുകൂടി പറയാനുള്ള ആര്‍ജ്ജവം ഫെഫ്ക കാട്ടണമായിരുന്നു. എങ്കില്‍ അവര്‍ക്കുള്ള ഒരു വലിയ താക്കീതായി അത് മാറുമായിരുന്നു.
താരങ്ങളെ കൂച്ചുവിലങ്ങിടുകയല്ല ഇതുവഴി ലക്ഷ്യമിടുന്നതെന്നും ഉണ്ണികൃഷ്ണന് പറയുന്നുണ്ട്. കൂച്ചുവിലങ്ങിട്ടാലും ഇവരുടെയൊന്നും പരിധിയില്‍ നില്ക്കാന് പോകുന്നവരല്ല, ഈ താരങ്ങളൊന്നും. കഴിഞ്ഞ കുറേ കാലങ്ങളായി ഈ നാടകം കണ്ടുകൊണ്ടിരിക്കുന്നതല്ലേ? എന്തെങ്കിലും പ്രശ്നങ്ങള്‍ ഏതെങ്കിലും സെറ്റില്‍ ഉണ്ടാകുമ്പോള്‍ ഉടന്‍ ചൂട്ടും കത്തിച്ച് ഓടും. അന്വേഷണമായി, ചോദ്യംചെയ്യലായി ഒടുവില്‍ എല്ലാം ഒത്തുതീര്‍പ്പായെന്ന് ഒരു അറിയിപ്പും ഉണ്ടാകും. പിന്നീട് ഇതേ ആളുകള്‍തന്നെ ഈ താരങ്ങളെവച്ച് സിനിമ പിടിക്കുകയും ചെയ്യും. പിന്നെ എങ്ങനെ നന്നാകാനാണ്? ഈ കപടനാടകം ഇങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ശക്തമായൊരു തീരുമാനം എടുക്കാന്‍ ഒരാളെങ്കിലും മുന്നോട്ട് വരുന്നതുവരെ.
Recent Comments