തന്റെ ഏഴാമത്തെ സംവിധാന സംരംഭമായ ബോബിയുടെ അണിയറ പ്രവര്‍ത്തനങ്ങളിലേയ്ക്ക് രാജ് കപൂര്‍ കടക്കുമ്പോള്‍ സാമ്പത്തികമായി ഏറെ പ്രതിസന്ധികള്‍ അദ്ദേഹത്തെ അലട്ടിയിരുന്ന നാളുകളായിരുന്നു അത്. 1970 ല്‍ അദ്ദേഹംതന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്ത് പുറത്തിറക്കിയ മേരാ നാം ജോക്കര്‍ സാമ്പത്തികമായി വന്‍ പരാജയമായിരുന്നു. ജനങ്ങള്‍ മാത്രമല്ല, നിരൂപകരും ആ സിനിമയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. വിരോധാഭാസം ഇതൊന്നുമല്ല, പില്ക്കാലത്ത് രാജ് കപൂറിന്റെ ഏറ്റവും മികച്ച സൃഷ്ടിയായിട്ടാണ് മേരാ നാം ജോക്കര്‍ അറിയപ്പെട്ടത്. ബോളിവുഡിലെ ഏറ്റവും മികച്ച 20 ചിത്രങ്ങളുടെ ഗണത്തില്‍ അത് കടന്നുകൂടുകയും ചെയ്തു. ഒരര്‍ത്ഥത്തില്‍ കാഗസ് കെ ഫൂല് എന്ന ചിത്രത്തിലൂടെ ഗുരുദത്തിന് നേരിടേണ്ടിവന്ന അതേ ദുര്യോഗമാണ് രാജ് കപൂറിനും അനുഭവിക്കേണ്ടി വന്നത്.
മേരാ നാം ജോക്കറിനേറ്റ കനത്ത പരാജയം തികഞ്ഞ സൂക്ഷ്മതയോടെ ബോബിയെ സമീപിക്കാന്‍ രാജ് കപൂറിന് പ്രചോദനമായി എന്നുവേണം പറയാന്‍. സര്‍ക്കസ് കൂടാരത്തിലെ ജോക്കറിന്റെ കഥയില്‍ നിന്ന് വിഭിന്നമായി ഇത്തവണ പ്രണയകാവ്യമാണ് തന്റെ ചിത്രത്തിന്റെ ഇതിവൃത്തമായി രാജ് കപൂര്‍ തെരഞ്ഞെടുത്തത്. മേരാ നാം ജോക്കറിനുവേണ്ടി തിരക്കഥയെഴുതിയ കെ.എ. അബ്ബാസിനുതന്നെ പുതിയ ചിത്രത്തിന്റെയും എഴുത്ത് ജോലികള്‍ അദ്ദേഹം വിശ്വസിച്ച് ഏല്‍പ്പിച്ചു. ബോബി എന്ന് നാമകരണവും ചെയ്തു. നായികയുടെ പേരുതന്നെയാണ് ചിത്രത്തിന് ടൈറ്റിലായി ഇട്ടത്.
സ്വന്തം ചിത്രങ്ങളിലെയും നായകനാകാനുള്ള ആഗ്രഹം രാജ് കപൂര്‍ ബോബിക്കുവേണ്ടി മാറ്റിവച്ചു. പകരം പുതുമുഖങ്ങളെ പരീക്ഷിക്കാനായിരുന്നു തീരുമാനം. അതിനുവേണ്ടി അദ്ദേഹം സ്വന്തം കുടുംബത്തില്‍ നിന്നുതന്നെ ഒരാളെ കണ്ടെത്തി. തന്റെ രണ്ടാമത്തെ മകന് കൂടിയായ ഋഷികപൂര്‍. മേരാ നാം ജോക്കറില് രാജ് കപൂറിന്റെ ബാല്യവേഷം ചെയ്ത് മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം നേടിയ മകന്റെ കഴിവില്‍ അദ്ദേഹത്തിന് അവിശ്വാസമില്ലായിരുന്നു. കൗമാരക്കാരനില്‍നിന്ന് യൗവനത്തിലേയ്ക്ക് കാലു കുത്തുകയായിരുന്ന ഋഷികപൂര്‍ അങ്ങനെ ബോബിയിലെ നായകനായി. മുംബയില്‍നിന്ന് ഒരു പതിനാലുകാരിയായ നായികയെയും അദ്ദേഹം കണ്ടെത്തി- ഡിംബിള്‍ കപാഡിയ. മുംബയിലെ അതി സമ്പന്നന്മാരാലൊരാളായ ചുന്നിഭായി കപാഡിയായുടെ മകളുടെ സിനിമാ
അരങ്ങേറ്റം പക്ഷേ മത്സ്യതൊഴിലാളിയും ദരിദ്രനുമായ ജാക്ക് ബ്രഗന്‍സയുടെ (പ്രേംനാഥ് ചെയ്ത വേഷം) മകളായിട്ടായിരുന്നു.
സാമ്പത്തികമായും ജാതീയമായും രണ്ട് തട്ടിലുള്ളവരുടെ പ്രണയം പറഞ്ഞ ബോബി പിന്നീട് ബോളിവുഡിലെന്നല്ല, ഇന്ത്യയിലെ മറ്റു ഭാഷാ ചിത്രങ്ങളിലും സമാനമായ സിനിമകളുണ്ടാക്കാന്‍ പ്രചോദനമായി. ബോക്സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റ് വിജയമാണ് ബോബി നേടിയത്. അതോടെ രാജ് കപൂര്‍ എന്ന നിര്‍മ്മാതാവും സംവിധായകനും ലോകത്തിന്റെ നെറുകയിലേയ്ക്ക് വീണ്ടും ഉയര്‍ന്നു.
ബോബിയിലെ പാട്ടുകളും സൂപ്പര്‍ഹിറ്റുകളായി. ‘ഹം തും ഏക് കമരേ മേം ബന്ദ് ഹോ’ തലമുറകള്‍ ഏറ്റു പാടിയ പാട്ടാണ്. ആനന്ദ് ബക്ഷിയുടെ വരികള്‍ക്ക് ലക്ഷ്മികാന്ത്- പ്യാരേലാല്‍ ഈണമിട്ട് ലതാമങ്കേഷ്കറും ശൈലേന്ദ്രസിംഗും പാടിയ ഗാനമായിരുന്നു അത്.
ബോബിയിലൂടെ ഋഷികപൂര്‍ ഹിന്ദി സിനിമയിലെ അവിഭാജ്യഘടകമായി. ആദ്യചിത്രത്തിലൂടെ ഡിംബിള്‍ കപാഡിയ പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നുവെങ്കിലും രാജേഷ് ഖന്നയെ വിവാഹം കഴിച്ചതോടെ അവര്‍ പൂര്‍ണ്ണമായും സിനിമയില്‍നിന്ന് വിട്ടുനിന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം രാജേഷ് ഖന്നയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷമാണ് അവര്‍ ഹിന്ദിയിലേയ്ക്ക് തിരിച്ചെത്തിയത്. പിന്നീട് ഡിംബിളും തിരക്കുള്ള താരമായി വളര്‍ന്നു. ഇങ്ങനെ നിരവധി ചരിത്രങ്ങള്‍ മിഴിപൂട്ടി ഉറങ്ങുന്ന ചിത്രം കൂടിയാണ് ബോബി.
ഇക്കഴിഞ്ഞ സെപ്തംബര്‍ 28 ബോബിയുടെ 50-ാം പിറന്നാളായിരുന്നു. അത് ആരും എവിടെയും ആഘോഷിച്ച് കണ്ടില്ല. വലിയ രീതിയില്‍ അത് ആഘോഷിക്കേണ്ടിയിരുന്നവരിലേറെയും നമ്മോടൊപ്പമില്ല. ബോബി ആഘോഷിക്കപ്പെട്ടാലും ഇല്ലെങ്കിലും എന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വഴിവിളക്കായി നില കൊള്ളുകതന്നെ ചെയ്യും.
Recent Comments