ശ്രേയ എസ്. അജിത്, കളമശ്ശേരി സെന്റ്പോള്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. 14 വയസ്സുകാരി. ഈ കൊച്ചുമിടുക്കി പക്ഷേ അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായിക എന്ന നിലയിലാണ്. മൂന്നര വയസ്സുള്ളപ്പോള്‍ കിങ്ങിണിത്താറാവ് എന്ന ചില്‍ഡ്രന്‍സ് സോങ് ചെയ്തുകൊണ്ടായിരുന്നു സംഗീതസംവിധാന രംഗത്തേയ്ക്കുള്ള ശ്രേയയുടെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍ക്കുവേണ്ടി ഈണമിട്ടു. ഇപ്പോഴിതാ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ശ്രേയയെ തേടിയെത്തിയിരിക്കുന്നു. ഈ ചെറിയ പ്രായത്തിനിടെ ഏറ്റവും കൂടുതല്‍ മലയാളം പാട്ടുകള്‍ക്ക് സംഗീതം നല്കിയ മികവിനാണ് ശ്രേയയെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് നല്കി ആദരിക്കുന്നത്. നവംബര്‍ 30 ന് എറണാക്കുളത്തുവച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും.
ഇതിനോടകം 22 മലയാളം പാട്ടുകള്‍ക്കാണ് ശ്രേയ ഈണം പകര്‍ന്നിരിക്കുന്നത്. അതില്‍ 16 ഭക്തിഗാനങ്ങളും ഹൃദയസ്പര്‍ശം എന്ന ഷോര്‍ട്ട് ഫിലിമിനുവേണ്ടി ഒരുക്കിയ ടൈറ്റില്‍ സോങും എന്‍.എസ്.എസിന് വേണ്ടി തയ്യാറാക്കിയ തീം സോങും രണ്ട് ടെലിവിഷന്‍ പരമ്പരകള്ക്കുവേണ്ടിയുള്ള പാട്ടുകളും ഉള്‍പ്പെടും.
നിലവില്‍ മൂന്ന് സിനിമകള്‍ക്ക് വേണ്ടിയും ശ്രേയ സംഗീത സംവിധാനവും ചെയ്തു. ദിലീപ് തോമസ് സംവിധാനം ചെയ്ത കല്ലുവാഴയും ഞാവല്പ്പഴവുമാണ് ഇതിലെ ആദ്യ ചിത്രം. സൗദി പശ്ചാത്തലമായി ഒരുങ്ങുന്ന നജ, അജിത് സുകുമാരന്‍ സംവിധാനം ചെയ്ത കടല്മീനുകള് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഈ മൂന്ന് ചിത്രങ്ങളും പ്രദര്ശനത്തിനൊരുങ്ങുകയാണ്. സെന്‍സര്‍ ചെയ്യാത്തതുകൊണ്ടുമാത്രമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് പട്ടികയില്‍ ഈ പാട്ടുകള്‍ ഇടംപിടിക്കാതെ പോയതും.
മൂന്നാമത്തെ വയസ്സില്‍ സംഗീതം അഭ്യസിച്ച് തുടങ്ങിയ ശ്രേയ ഇതിനോടകം നിരവധി പ്രമുഖ ഗായകര്‍ക്കൊപ്പം വിവിധ വേദികളില്‍ പാടിയിട്ടുമുണ്ട്.
സംഗീതസംവിധായകനായ അജിത് സുകുമാരനാണ് ശ്രേയയുടെ അച്ഛന്. ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ ശ്രുതി സുരേഷാണ് അമ്മ.
Recent Comments