ഇന്നലെ ആറര മണിയോടെയാണ് ശ്വേതാമേനോന് സുഹൃത്ത് ഹണിയോടൊപ്പം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ വന്നിറങ്ങിയത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൊടുങ്ങല്ലൂരില്‍ എത്തിയതായിരുന്നു. ഭഗവാനെ കണ്ടിട്ട് കുറെ നാളുകളായല്ലോ എന്ന് ഓര്‍ത്തത് അപ്പോഴാണ്. പെട്ടെന്നുതന്നെ വണ്ടി പിടിച്ച് ഗുരുവായൂരില്‍ എത്തുകയായിരുന്നു.
ത്യക്കൈവെണ്ണയും കദളി പഴവും മഞ്ഞപട്ടും ഭഗവാന് സമര്‍പ്പിക്കാന്‍ ശ്വേത കരുതിയിരുന്നു. ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തുകൂടി നാലമ്പലത്തില്‍ കടന്ന ശ്വേത ഭഗവാനെ കണ്‍നിറയെ തൊഴുതു. മേല്‍ശാന്തി തെക്കേപ്പാട്ട് മന ജയപ്രകാശ് നമ്പൂതിരിയില്‍ നിന്ന് പുഷ്പാഞ്ജലി പ്രസാദം വാങ്ങി. മകമാണ് ശ്വേതയുടെ നാള്.
‘ഗുരുവായൂരമ്പലത്തില്‍ എത്തിയാല്‍ ഒരു പോസറ്റീവ് എനര്‍ജിയാണ്. ഇവിടെനിന്ന് മടങ്ങാന്‍ തോന്നില്ല. പണ്ട് ഞാന്‍ കുടുംബമായി വരുമ്പോള്‍ വഴിപാടായി കിട്ടുന്ന ഇലയിലെ വെണ്ണയും പഴവും പഞ്ചസാരയും പാല് പായസമെല്ലാം ഇന്നും നാവിന്‍തുമ്പിലെ മധുരോര്മ്മകളാണ്.’ ശ്വേത പറഞ്ഞു.
പുറത്ത് കടന്ന് നേരെ കാര്യാലയ ഗണപതിക്ക് നാളികേരമുടച്ച് തൊഴുതു. അവിടെനിന്നുള്ള അവില് നിവേദ്യം ശീട്ടാക്കി.
1999 ലെ മിസ് ഇന്ത്യ റണ്ണര്‍ അപ്പായ ശ്വേത ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കളിമണ്ണും പാലേരി മാണിക്യവും സാള്‍ട്ട് ആന്‍ഡ് പെപ്പറും ശ്വേതയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായി. രണ്ടുതവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കി. ഇപ്പോള്‍ പുതിയ ഉത്തരവാദിത്വം കൂടി ചുമലിലുണ്ട്. താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റാണ്. വരുന്ന വനിതാദിനത്തില്‍ മലയാളത്തിലെ മുതിര്‍ന്ന അഭിനേത്രികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പരിപാടി നടത്താനുള്ള ഒരുക്കങ്ങളിലുമാണ്.
തിരിച്ച് പോകാന്‍ ശ്രീവത്സം അങ്കണത്തിലെത്തിയപ്പോള്‍ പുതുതായി പണിതീര്‍ത്ത പദ്മനാഭശില്പം കണ്ടു. പദ്മനാഭനെ നേരിട്ടു കണ്ടിട്ടുള്ള ശ്വേത ശില്പം കണ്ട് അത്ഭുതപ്പെട്ടു. ജീവന് തുളുമ്പുന്ന, അഴകിന്റെ നിറവുള്ള ഗജരത്നത്തിന്റെ അരികില്‍നിന്ന് ഫോട്ടോയെടുക്കാന്‍ കൊതിച്ചു. ഗുരുവായൂരിന്റെ അടയാളമായി മരപ്രഭുവും ഗജരാജന്‍ കേശവനും പ്രോജ്വലിച്ചു നില്ക്കുന്ന മണ്ണില്‍ പദ്മനാഭനും എത്തിയപ്പോള്‍ ശ്രീവത്സത്തിന്റെ പ്രഭാവം പറഞ്ഞറിയിക്കാന്‍ കഴിയാതെയായി. ശ്വേത മടങ്ങിപോകാന്‍ വണ്ടിയില്‍ കയറുമ്പോള്‍ രാക്കിളികള്‍ ത്രിസന്ധ്യാനാമം ചൊല്ലി ചേക്കേറാന്‍ ഒരുങ്ങിയിരുന്നു.
-ബാബു ഗുരുവായൂര്‍
Recent Comments