വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വീര ധീര ശൂരന്റെ ഷൂട്ടിംഗ് നാളെ മധുരയില്‍ തുടങ്ങും. ഇതിനിടെ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റും എത്തിയിരിക്കുകയാണ്. വിക്രത്തിനൊപ്പം മലയാളത്തില്‍നിന്ന് സിദ്ധിക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതിനുമുമ്പ് ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു മലയാളി താരം സുരാജ് വെഞ്ഞാറമൂടാണ്.
‘രണ്ട് ദിവസം മുമ്പാണ് സിദ്ധിക്കയെ ഫോണില്‍ ബന്ധപ്പെടുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിച്ചത് സംവിധായകന് അരുണ്‍ കുമാറാണ്. എല്ലാ വിശദാംശങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. കഥയും കഥാപാത്രവും ഇഷ്ടമായി. കമ്മിറ്റ് ചെയ്ത നിരവധി ചിത്രങ്ങള്‍ വേറെയുണ്ടായിരുന്നിട്ടും ഇതിനുവേണ്ടി ഡേറ്റുകള്‍ മാറ്റിവച്ചു. ഈ മാസം അവസാനം സെറ്റില്‍ ജോയിന്‍ ചെയ്യും. മെയ്, ജൂണ്‍ ഷെഡ്യൂളുകളിലും പങ്കെടുക്കും. പെരിയവര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് സിദ്ധിക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.’ നിര്‍മ്മാതാവ് കൂടിയായ ഷിബു തമീന്‍സ് കാന്‍ ചാനലിനോട് പറഞ്ഞത്.
മലയാള സിനിമയുടെ തമിഴ് റീമേക്കുകളിലൂടെയാണ് സിദ്ധിക്ക് തമിഴകത്ത് എത്തുന്നതെങ്കിലും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഗൗതം വാസുദേവ് മേനോന്റെ വെന്ത് തനിന്തത് കാട്, സന്തോഷ് രാജന്റെ വരലാറ് മുഖ്യം എന്നീ ചിത്രങ്ങളിലൂടെ സിദ്ധിക്ക് തന്റെ ശക്തമായ സാന്നിദ്ധ്യം തമിഴില്‍ ഉറപ്പിച്ചു. നിരവധി അവസരങ്ങള്‍ അദ്ദേഹത്തിന് ഇതിനുമുമ്പും കൈവിന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി അതെല്ലാം ഒഴിവാക്കുകയായിരുന്നു. പെരിയവര്‍ എന്ന കഥാപാത്രത്തിലൂടെ ശക്തമായൊരു തിരിച്ചുവരവിന് കൂടിയാണ് സിദ്ധിക്ക് തയ്യാറെടുക്കുന്നത്.
വിക്രം, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ധിക്ക്, എസ്.ജെ. സൂര്യ, ദുഷാര വിജയന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എച്ച്.ആര്. പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments