കുറച്ചുനാള്‍ മുമ്പാണ്. സൂഫിയും സുജാതയും ഇറങ്ങിയതിനു പിന്നാലെ. ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്തി. സംവിധായകന് ഗൗതം വാസുദേവ് മേനോന്റേതായിരുന്നു. സൂഫിയും സുജാതയും കണ്ടെന്നും അതിലെ എന്റെ കഥാപാത്രം ഏറെ ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ഗൗതം വാസുദേവ് മേനോനെപ്പോലെ ഒരു സംവിധായകനില്‍നിന്ന് കേട്ട വാക്കുകള്‍ വലിയ അംഗീകാരമായിട്ടാണ് എനിക്ക് തോന്നിയത്. ഫോണ്‍ കട്ട് ചെയ്യുന്നതിനുമുമ്പ് അദ്ദേഹം ഒരു കാര്യം കൂടി എന്നോട് പറഞ്ഞു. വൈകാതെ നമുക്കൊരു സിനിമ ചെയ്യണം.
വളരെ കാഷ്വലായി പറഞ്ഞതായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് അദ്ദേഹം എന്നെ വീണ്ടും വിളിച്ചു. അദ്ദേഹം ചെയ്യുന്ന പുതിയ സിനിമയില്‍ ഒരു വേഷം ഉണ്ടെന്നും അത് ചെയ്യാമോ എന്നുമായിരുന്നു അന്വേഷണം.
കഥയും കഥാപാത്രത്തെയുംകുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അതിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത്. സിമ്പുവാണ് (സിലമ്പരസന്) നായകന്.
വെന്ത് തനിന്തത് കാട് എന്നാണ് സിനിമയുടെ പേര്. മുംബൈ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയാണ്. തെരുവ് റൗഡികളുടെ കഥ. അതില്‍ ഒരു മലയാളി പശ്ചാത്തലമുള്ള കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. കുഞ്ഞുകൃഷ്ണന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. അതിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞ് ഞാന്‍ മടങ്ങിയെത്തിയിട്ടേയുള്ളൂ. അതിനു പിന്നാലെയാണ് നിങ്ങളുടെ വിളി വന്നത്. സിദ്ധിഖ് തുടര്‍ന്നു.
ചെന്നൈയിലായിരുന്നു ഷൂട്ടിംഗ്. മുംബൈ സ്ട്രീറ്റിന്റെ ഒരു വലിയ സെറ്റ് തന്നെ അവിടുത്തെ സ്റ്റുഡിയോയില്‍ ഒരുക്കിയിരുന്നു. പ്രധാന കടകളും മറ്റുമായിരിക്കും സെറ്റിട്ടിരിക്കുന്നുവെന്നാണ് ഞാന്‍ കരുതിയത്. പിന്നീടാണറിഞ്ഞത് ഒരു വലിയ മുസ്ലീം പള്ളിയും ബില്ഡിംഗുകളടക്കം എല്ലാം സെറ്റായിരുന്നുവെന്ന്. സിമ്പുവിനോടൊപ്പമുള്ള കോമ്പിനേഷന്‍ ഈ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. അടുത്ത ഷെഡ്യൂളില്‍ ഉണ്ടാകുമെന്നാണ് പറഞ്ഞത്. ഒക്ടോബറിലാണ് ഇനി എനിക്കുള്ള വര്‍ക്ക് വച്ചിരിക്കുന്നത്.
ഗൗതം മേനോന്റെ സിനിമകള്‍ എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സംവിധാന ശൈലിയും. പുറമെ കാണുന്നപോലെ സെറ്റിലും അദ്ദേഹം വളരെ ശാന്തനാണ്. ഡൗണ്ട് ടു എര്‍ത്തും. സിനിമ മുഴുവനും ആ മനസ്സിലുണ്ട്. ഒന്നിനെക്കുറിച്ചും സംശയമില്ല. വളരെ വിശദമായിട്ടാണ് ഓരോ സീനിനെക്കുറിച്ചും അദ്ദേഹം പറഞ്ഞുതരുന്നത്. വളരെ കംഫര്‍ട്ടാണ് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍. സിദ്ധിഖ് പറഞ്ഞു.
Recent Comments