‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സന് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടില്‍ ആരംഭിച്ചു. ചിത്രത്തിന് ടൈറ്റില്‍ ആയിട്ടില്ല. സിജു സെറ്റില്‍ ജോയിന്‍ ചെയ്തു. പുതുമുഖം കൃഷ്ണേന്ദു എ. മേനോനാണ് നായിക. ‘എന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ മജിസ്ട്രേറ്റിന്റെ വേഷം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ പിപി കുഞ്ഞികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നു. നിഷ സാരംഗി, ഹരീഷ് പേങ്ങന്, സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാര്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും വേഷമിടുന്നു.
പി.ജി. പ്രേംലാലാണ് സംവിധായകന്. ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത ആത്മകഥയ്ക്കുശേഷം പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണിത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഛായാഗ്രഹണം ആല്‍ബി. സംഗീതം-ഷാന്‍ റഹ്മാന്, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരണ്‍ ദാസ്. പി ആര് ഒ-എ എസ് ദിനേശ്.
കിച്ചാപ്പൂസ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments