മഹാരാഷ്ട്രയിലെ മുംബൈ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു ബപ്പി ലഹിരിയുടെ അന്ത്യം. 69 വയസ്സായിരുന്നു. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലാഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. എന്നാല്‍ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍ വീട്ടിലെത്തി പരിശോധിച്ചശേഷം ആശുപത്രിയിലെത്തിച്ചിരുന്നു. അദ്ദേഹത്തിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഒ.എസ്.എ (ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ) മൂലം അര്‍ദ്ധരാത്രിക്ക് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചതെന്ന് ഡോ. ദീപക് നംജോഷി പറഞ്ഞു.
80 കളിലും 90 കളിലും ഇന്ത്യയില്‍ ഡിസ്കോ സംഗീതം ജനകീയമാക്കിയ സംഗീതജ്ഞനാണ് ബപ്പി ലാഹിരി. 1973 മുതല്‍ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു ലഹിരി.
1982ല്‍ പുറത്തിറങ്ങിയ ഡിസ്കോ ഡാന്‍സര്‍ എന്ന ഒരൊറ്റ സിനിമയിലൂടെ ഡിസ്കോ സംഗീതത്തിന്റെ അലയടികള്‍ ഇന്ത്യന്‍ സംഗീതത്തെ മാറ്റി മറിച്ചിരുന്നു. പാര്‍വതി ഖാന് ആലപിച്ച ‘ജിമ്മി… ജിമ്മി… ആജാ… ആജാ…’, വിജയ് ബെനഡിക്ട് പാടിയ ‘ഐ ആം എ ഡിസ്കോ ഡാന്‍സര്‍’ എന്നീ ഗാനങ്ങള്‍ ഇന്നും സംഗീത പ്രേമികളുടെ ഇഷ്ട ഗാനങ്ങളാണ്. ബപ്പി ലഹിരി സംവിധാനം ചെയ്തതോടോപ്പം നിരവധി സിനിമകള്‍ക്കായി പാടുകയും ചെയ്തിരുന്നു. ചല്‍തേ ചല്‍തേ, ഹിമ്മത് വാല, ഷരാബി, ഗിരഫ്താര്, കമാന്‍ഡോ, ഗുരു എന്നിവയാണ് പ്രധാനപ്പെട്ട ചലച്ചിത്രങ്ങള്‍.
1985 ല്‍ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്കാരവും ലഭിച്ചു. ദ ഡേര്‍ട്ടി പിക്ചറിലെ ‘ഊലാലാ’ എന്ന ഗാനം, ഗുണ്ടേയിലെ തൂനെ മാരി എന്‍ട്രിയാ, ബദ്രിനാഥ് കി ദുല്‍ഹനിയ എന്ന ചിത്രത്തിലെ തമ്മാ തമ്മാ എന്നിവയാണ് പുതിയ കാലത്ത് തരംഗമായ പാട്ടുകള്‍. ബാഗി 3 യിലാണ് അദ്ദേഹം ഏറ്റവും ഒടുവിലായി പാടിയത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും കൂടാതെ ഗുഡ് ബോയ്സ് എന്ന മലയാള ചിത്രത്തിനും ബപ്പി ലഹിരി സംഗീതമൊരുക്കിയിട്ടുണ്ട്.
Recent Comments